പേജുകള്‍‌

Thursday, September 4, 2014

നന്മ വരുന്ന വഴികള്‍ ..

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ട സമയം , അടിയന്തിരമായി ഒരു ലക്ഷത്തോളം രൂപ ആവശ്യമായി വന്നു . പല വഴികള്‍ അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല . പെട്ടെന്ന് ഇത്രയും തുക കിട്ടാനുള്ള പുതിയ വഴികള്‍ ഒന്നും കാണാതെ വിഷണ്ണരായി ഞാനും സുഹൃത്തും മുഖ ത്തോട് മുഖം നോക്കി നില്‍ക്കുന്ന സമയത്താണ് ഞങ്ങളുടെ മറ്റൊരു സുഹൃത്ത് അടുത്തേക്ക് വന്നത് . ഞങ്ങളുടെ മുഖ ഭാവം കണ്ടപ്പോള്‍ തന്നെ എന്തോ വിഷമം ഞങ്ങള്‍ക്ക് ഉണ്ടെന്നു മനസ്സിലായത് കൊണ്ടാവാം എന്താണ് പ്രശ്നം എന്ന് അവന്‍ ചോദിച്ച് കൊണ്ടേ ഇരുന്നത് . വ്യക്തിപരമായ കാര്യങ്ങള്‍ പറയാനും സാമ്പത്തിക ഇടപാട് പോയിട്ട് അഞ്ഞൂറ് രൂപ കടം ചോദിക്കാന്‍ ഉള്ള തരത്തില്‍ വലിയ അടുപ്പം ഒന്നും ആ സുഹൃത്തുമായി ഞാന്‍ ഉണ്ടായിരുന്നില്ല . അത് കൊണ്ട് തന്നെ പണ ത്തിന്റെ അത്യാവശ്യ ത്തെ കുറിച്ച് അവനോടു ഞാന്‍ പറഞ്ഞതുമില്ല . പക്ഷെ പിന്നീട് ഒരു പൊതിയുമായി വീട്ടിലേക്ക് വന്ന അവനെയാണ്‌ കാണുന്നത് . പൊതി നോക്കുമ്പോള്‍ രണ്ടു വള , ഒരു മാല എല്ലാം കൂടി നാല് പവന് മേലെ ഉണ്ടാകും . "ഇതെടുത്ത് നീ വില്‍ക്കുകയോ , പണയം വെക്കുകയോ ചെയ്ത് പ്രശനം തീര്‍ക്ക് . ഉണ്ടാവുമ്പോള്‍ തിരിച്ച് തന്നാല്‍ മതി ." അടുത്തു കല്യാണം നടന്ന അവന്റെ ഭാര്യ യുടെ സ്വര്‍ണ്ണ വും എടുത്തിട്ടാണ് അവന്‍ വന്നിരിക്കുന്നത് . ശരിക്കും അത്ഭുതമായിരുന്നു . അന്നേ വരെ ഒരു ഉപകാരവും അവനു ഞാന്‍ ചെയ്തിട്ടില്ല . എന്റെ പ്രശ്നം ഞാനവനോട് പറഞ്ഞിട്ടുമില്ല .പക്ഷെ എല്ലാം കണ്ടറിഞ്ഞ് ഒരു നിര്‍ണ്ണായക ഘട്ട ത്തില്‍ വലിയൊരു ഉപകാരമായി അവനും വേറൊരാള്‍ക്ക് കൊടുക്കാനായിട്ടും സ്വന്തം സ്വര്‍ണ്ണം ഊരി നല്‍കിയ അവന്റെ ഭാര്യയും എന്റെ മുന്നില്‍ അത്ഭുതമായി ഇന്നും നില്‍ക്കുന്നു . 


ഇപ്പോള്‍ ഇതോര്‍ക്കാനുണ്ടായ കാരണം ഒരാള്‍ക്ക് ഒരു ഉപകാരം ചെയ്‌താല്‍ അത് പിന്നെ ഉപദ്രവമായി തീരും എന്ന രീതിയില്‍ ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടു . അദ്ദേഹത്തിന്‍റെ അനുഭവമായിരിക്കാം അങ്ങനെ പറയിപ്പിച്ചത് . എല്ലാവര്ക്കും കാണും ഇത്തരം അനുഭവങ്ങള്‍ . ചെറിയൊരു പൊതു പ്രവര്‍ത്തകനായി നാട്ടില്‍ നടക്കുന്ന സമയത്ത് ചെയ്യാന്‍ പറ്റുന്ന ഉപകാരങ്ങള്‍ ഒക്കെ പലര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ട് . അധികമാരും നന്ദി കേടോ ഉപദ്രവമോ ഒന്നും ചെയ്തിട്ടില്ല . പക്ഷെ അല്പം കഷ്ടപ്പെട്ട് ഉപകാരം ചെയ്ത് കൊടുത്ത വര്‍ തന്നെ നല്ല പണി എനിക്കിട്ട് തന്നിട്ടുണ്ട് . ജീവിതത്തെ വലിയ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട് . അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് , എന്തിനാ അവനൊക്കെ ഉപകാരം ചെയ്യാന്‍ പോയതെന്ന് . പക്ഷെ പിന്നീടാണ് മനസ്സിലായത് നമ്മള്‍ എന്തെങ്കിലും ഉപകാരം ചെയ്ത് കൊടുത്ത് വ്യക്തി അതോര്‍ക്കണമേന്നേ ഇല്ല എന്ന് മാത്രമല്ല ഉപദ്രവം പ്രതീക്ഷിക്കുകയുമാവാം . തിരിച്ചു നന്ദി നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കരുത് . എന്നാലോ നമ്മള്‍ ഒരു ഗുണം ആര്‍ക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ വേറെ വല്ല വഴിയിലൂടെ യും നമുക്ക് അതിന്റെ ഗുണം തീര്‍ച്ചയായും കിട്ടുകയും ചെയ്യും . എന്റെ മുന്നില്‍ സ്വര്‍ണ്ണ വുമായി വന്ന സുഹൃത്തിനെ പോലെ ....

No comments:

Post a Comment