പേജുകള്‍‌

Thursday, June 28, 2012

'സുകുമാര കല'കളും ലീഗും ....


മലപ്പുറത്ത് രണ്ടു പൊതു കക്കൂസ് അനുവദിച്ചാല്‍ അത് പോലും ന്യൂന പക്ഷ പ്രീണനവും , അങ്ങനെയെങ്കില്‍ നാല് കക്കൂസ് ഭൂരിപക്ഷത്തിനും കിട്ടണമെന്ന നയവുമായി നടക്കുന്ന സുകുമാരന്‍ നായര്‍ കേരളീയ സമൂഹത്തില്‍ വിതക്കുന്ന വിഷ വിത്തുകള്‍ തീര്‍ച്ചയായും ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും .  മുസ്ലിംലീഗിനെ  മുന്നില്‍ നിര്‍ത്തി എല്ലാ വിഷയങ്ങള്‍ക്കും സാമുദായിക നിറം നല്‍കി കൊണ്ട്  ഇദ്ദേഹത്തിന്റെ നേത്രത്വത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ നല്ല മതേതര വാദികളായ ഭൂരി പക്ഷ സമൂഹത്തിലെ ആള്‍ക്കാര്‍ക്കിടയില്‍ പോലും ഒരു അപകര്‍ഷതാ ബോധം  സൃഷ്ട്ടിക്കുന്നുണ്ട്  . വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും , വിവാദങ്ങള്‍ മാത്രം ഉണ്ടാകപ്പെടുകയും ചെയ്യുന്നത് ഭൂഷണമല്ല.



മൂന്നു 'കു' കളാണ് കേരളം ഭരിക്കുന്നതെന്ന പുച്ഛവും , പരിഹാസ്യവും  നിറഞ്ഞ വാക്കില്‍ തുടങ്ങി , പിന്നീടങ്ങോട്ട് അദ്ദേഹം തുടരുന്ന ഭാഷ ശൈലിയും ,നിലപാടുകളും  തന്നിലെ സവര്‍ണ്ണ ബോധം സൃഷ്ട്ടിക്കുന്ന മാനസികമായ വീര്‍പ്പു മുട്ടല്‍ അല്ലാതെ മറ്റെന്താണ് ?   ഭൂരിപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ കേരളത്തില്‍ നിന്ന് ഓടി പോകേണ്ട അവസ്ഥ വരെ ആയിരിക്കുന്നു  എന്ന് വരെ പറഞ്ഞു വെച്ചു ഒരിക്കല്‍  , അതിനു മാത്രം നാട്ടില്‍ എന്ത് സംഭവിച്ചു എന്ന് ഒരിക്കലും അദ്ദേഹം വിശദീകരിച്ചിട്ടുമില്ല , വിശദീകരിക്കാന്‍ മാത്രം  ഒന്നും ഇല്ല  എന്നതാണ്  സത്യം   . ഇദ്ദേഹത്തിന്റെ നിലപാടുകളില്‍ സി .പി. എം പോലും പലപ്പോഴും വഴുതി വീഴുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.



മുസ്ലിം ലീഗിനെ  കല്ലെറിഞ്ഞു  , കുഞ്ഞാലിക്കുട്ടിയെ രണ്ടു തെറിയും പറഞ്ഞാ നല്ല മതേതര വാദിയാവാന്‍ പറ്റുമെന്ന ഒരു  ധാരണ കുറച്ചു കാലമായി കേരള രാഷ്ട്രീയത്തിലും , പൊതുബോധത്തിലും   നിറഞ്ഞു നില്‍ക്കുന്നുണ്ട്   . ഇതിലൂടെ കിട്ടുന്ന മാധ്യമ ശ്രദ്ധ , ഭൂരിപക്ഷ സമുദായത്തിന്റെ  ഇടയില്‍  ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയമായ നേട്ടങ്ങള്‍ ഒക്കെ ഇതിന്റെ പ്രേരക  ശക്തിയായി വര്‍ത്തിക്കുന്നു .  അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌ പോലെ ഓടിളക്കി വന്നവരോന്നുമല്ലല്ലോ  ലീഗുകാര്‍ ...?  പതിറ്റാണ്ടുകളായി ഈ സമൂഹത്തില്‍ മാന്യമായ  രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ തന്നെയാണ് .  എന്നിട്ടും ലീഗ്  തൊടുന്നതൊക്കെ വിവാദമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു , അതിനൊക്കെ  സാമുദായിക നിറം നല്‍കുന്നു , ലീഗ് കൊണ്ട് മുസ്ലിം സമുദായത്തില്‍ ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ   നാവുകള്‍ തന്നെ ലീഗ് മുസ്ലിംകള്‍ക്ക്  അനര്‍ഹമായി പലതും നേടിക്കൊടുക്കുന്നു എന്ന് മാറ്റി പറയുന്നു . 


അഞ്ചാം മന്ത്രി വിവാദം തന്നെ നോക്കുക , എന്തൊക്കെ കോലാഹലങ്ങള്‍ ആയിരുന്നു സാമുദായിക സന്തുലനത്തിന്റെ പേരില്‍ . സന്തുലനം പിടിച്ചു നിര്‍ത്താന്‍ പാട് പെട്ടവരെയൊന്നും  രാജ്യ സഭ  തിരഞ്ഞെടുപ്പില്‍ , ക്രിസ്ത്യന്‍ സമുദായത്തിന് മേല്‍ക്കൈ കിട്ടിയപ്പോ നമ്മള്‍ എവിടെയും കണ്ടില്ല .  സന്തുലനം തകരുമ്പോ എല്ലാ മേഖലയിലും തകരെണ്ടേ ....? സാമൂഹിക നീതിയോ , സാമുദായിക സന്തുലനമോ  ഒന്നുമല്ല ഇത്തരക്കാരെ നയിക്കുന്നത് .  മറിച്ചു ലീഗിനെ  മുന്‍ നിര്‍ത്തി കളിക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയമുണ്ട് , അതിലൂടെ ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയ വളര്‍ച്ച്ചയുമുണ്ട് . അത് മാത്രമാണ്  എല്ലാ വിവാദങ്ങളുടെയും കാതല്‍ .


മലബാറിലെ  35 സ്കൂളുകള്‍ക്ക്  aided  പദവി നല്‍കാനുള്ള ചര്‍ച്ചകളാണ് ഒടുവിലത്തെ  വിവാദം .  യു .ഡി .എഫ്  ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന്റെ പിറ്റേന്നു മലപ്പുറത്തെയും , മലബാറിലെയും ലീഗ് നേതാക്കന്മാര്‍ കുറേ  സ്കൂളുകള്‍ക്ക് തറക്കല്ലിട്ടു അവയ്ക്കൊക്കെ ധൃതി പിടിച്ചു aided    പദവി  നല്‍കുന്നു എന്ന രീതിയിലാണ് ചര്‍ച്ച ഉണ്ടാക്കുന്നതും അത് തുടരുന്നതും .  പതിനേഴു വര്ഷം  മുന്‍പ് ആരംഭിക്കപ്പെട്ട , നിലവില്‍ അര്‍ദ്ധ  aided  പദവി  വഹിക്കുന്ന ഒരു സംവിധാനത്തെ Regularize  ചെയ്യാനുള്ള നീക്കത്തെയാണ് വിവാദമുണ്ടാക്കി കൊണ്ടിരിക്കുന്നത് . 


 കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍   ഏരിയ ഇന്റെന്സിവ്  പ്രോഗ്രാമ്മില്‍ ഉള്‍പ്പെടുത്തി അനുവദിച്ച നിലവിലെ 'വിവാദ' സ്കൂളുകള്‍ക്ക്    അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയത് ഓരോ പ്രദേശത്തെയും മഹല്ല് കമ്മിറ്റികളുടെയും , മറ്റും  നേത്രത്വത്തില്‍ നാട്ടുകാരാണ് .  അവിടത്തെ അധ്യാപകരുടെ ശമ്പളം നിലവിലും കൊടുക്കുന്നത് സര്‍ക്കാരില്‍ നിന്ന് തന്നെയാണ് .  ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ മാനധന്ടത്തില്‍ ത്തില്‍  പെട്ട ഒന്നായിരുന്നു റണ്ണിംഗ് ചിലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കണം എന്നത് .  അതിന്റെ അടിസ്ഥാനത്തില്‍  എല്‍ ഡി  എഫ് ഗവണ്മെന്റ് ഉള്‍പ്പെടെ  മാറി മാറി വന്ന സര്‍ക്കാറുകള്‍  തന്നെയാണ് ഇതിനൊക്കെ നേത്രത്വം വഹിച്ചത്‌ . അതിന്റെയൊരു തുടര്‍ പ്രവര്‍ത്തനം മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.



നിലവില്‍ അര്‍ദ്ധ aided പദവി വഹിക്കുന്ന  ഈ സ്കൂളുകള്‍ക്ക്   പൂര്‍ണ്ണ  aided പദവി നല്കുകയല്ലാതെ  പ്രായോഗികമായി എന്ത് മാര്‍ഗമാണ് ഉള്ളത്   ? അടിസ്ഥാന  സൌകര്യങ്ങള്‍ ഉണ്ടാക്കാനും , സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കാനും പാട് പെട്ടവരെ മാറ്റി നിര്‍ത്തി   സര്‍ക്കാറിനു  എങ്ങനെയാണ് ഈ  സ്കൂളുകളെ   ഏറ്റെടുക്കാന്‍  സാധിക്കുക ...? ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചാല്‍ നിയമപരമായി തന്നെ അത് നില നില്‍ക്കാതെ വരില്ലേ ...?  വലിയ വായില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്ന സുകുമാരന്‍ നായര്‍ തയ്യാറാകുമോ തങ്ങളുടെ മാനജുമെന്റിനു  കീഴിലുള്ള സ്കൂളുകള്‍ ഗവണമെന്റിന് വിട്ടു കൊടുക്കാന്‍  ?  ക്രിമിനല്‍ കേസിലെ പ്രതിയെ പോലും  നിയമ സംവിധാനത്തിന് മുന്നില്‍ നല്‍കാത്ത സി .പി. എം   നാട്ടുകാര്‍ അഞ്ചും , പത്തും പിരിച്ചെടുത്തു  ഉണ്ടാക്കി വളര്‍ത്തിയ സ്ഥാപനങ്ങള്‍  ഗവണ്മെന്റ്  ഏറ്റെടുക്കണം  എന്നൊക്കെ  പറയുന്നതിലെ യുക്തിയൊക്കെ എന്താണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും .


മുസ്ലിം ലീഗോ  , അതിന്റെ നെത്രത്വമോ വിമര്‍ശനത്തിനതീതരോന്നുമല്ല , രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയില്‍ സജീവമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ അത് വിമര്‍ശിക്കപ്പെടുകയും  , ചര്‍ച്ച ചെയ്യപ്പെടുകയും  ചെയ്യുക തന്നെ വേണം .  അതൊക്കെ രാഷ്ട്രീയമായ  രീതിയില്‍ മാത്രം ആയിരിക്കണം . സാമുദായിക നിറം നല്‍കി വര്‍ഗീയമായ ചേരി തിരിവിലേക്ക് എല്ലാ കാര്യങ്ങളെയും കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത് ആരുടെ   ഭാഗത്ത് നിന്നായാലും  അവര്‍ക്കൊക്കെ താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ എന്നല്ലാതെ  പൊതു സമൂഹത്തില്‍ അത്  ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ .


സുകുമാരന്‍ നായര്‍ക്കൊക്കെ ഇനി മുസ്ലിം സമുദായം വളര്‍ന്നു വരുമോ എന്നാ കണ്ണ് കടിയാണേങ്കില്‍   അതിനു മരുന്നില്ല .  തല്‍ക്കാലം   വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്തു' എന്ന സിനിമ കണ്ടിരുന്നാല്‍ കുറച്ചു ആശ്വാസം കിട്ടുമായിരിക്കും .  അതില്‍ നായര്‍ ചെക്കന്‍ ഒരു ഉമ്മച്ചി പെണ്ണിനെ വളച്ചെടുക്കുന്നതില്‍ വിജയിക്കുന്നുണ്ടേ ....