പേജുകള്‍‌

Friday, April 13, 2012

ലീഗ് മന്ത്രി വന്നാല്‍ വരുമോ ' സാമുദായിക ' ഭൂകമ്പവും , സുനാമിയും .....?

അങ്ങനെ കാത്തിരിപ്പ് മന്ത്രി ഒറിജിനല്‍ മന്ത്രി തന്നെ ആയി.   പത്തു മാസം ആയിട്ട് ഗര്‍ഭം ധരിച്ചു കിടന്നിരുന്ന , ഇടയ്ക്കു   അലസി പോകുമോ എന്ന് ലീഗുകാര്‍ വരെ   പേടിച്ചു പോയ  'അലി മന്ത്രി'     ഒടുവില്‍  വിജയകരമമായ സിസേറിയനിലൂടെ പുറത്തെടുത്തു . പക്ഷെ ഇത് റിക്ടര്‍ സ്കെയിലില്‍  8.9 വരെ രേഖപ്പെടുത്താന്‍ ഇടയുള്ള വലിയ സാമുദായിക ഭൂകമ്പവും , തുടര്‍ന്ന് വലിയ സുനാമിയും ഉണ്ടാകും എന്നാണ് പ്രമുഖ സാമുദായിക സന്തുലിത പഠന ഗവേഷണ കേന്ദ്രമായ പെരുന്നയില്‍ നിന്നും ,         ഇന്ത്യ വിഷന്‍  ന്യൂസ്‌ ഹവരില്‍ നിന്ന് പ്രമുഖ 'സന്തുലിസ്റ്റ്' ആയ   ജയ ശങ്കറിനെ  പോലുള്ളവരും  ആശങ്കപ്പെട്ടു  പരിഭ്രാന്തി പടര്‍ത്തി കൊണ്ടിരിക്കുന്നത്. 


ലീഗ് അധികാരത്തില്‍ എത്തിപ്പെടുമ്പോഴും , മുഖ്യ ധാരയില്‍  സ്വാധീനം നേടുമ്പോഴും എല്ലാ കാലത്തും ഇത്തരം 'സാമുദായിക സന്തുലന ' ഭൂകമ്പ ഭീഷണി  ഉണ്ടായിട്ടുണ്ട്.   എന്തൊക്കെയോ തകരും , തകരും എന്ന് പലരും  പറഞ്ഞു നടന്നതല്ലാതെ ഒന്നും തകര്‍ന്നില്ല എന്ന് മാത്രമല്ല , ഇത്തരം പരിഭ്രാന്തി  പടര്‍ത്തുന്നവരുടെ ആശങ്കകള്‍ തകര്‍ന്നടിഞ്ഞു എന്നതാണ് ചരിത്രം .


വര്‍ഷം  1960, വിമോചന സമരത്തിന്റെ ബാക്കി പത്രമായി ഉണ്ടായ പി -എസ് -പി , കോണ്‍ഗ്രസ്‌ നെത്ര്വത്വത്തിലുള്ള  പട്ടം താണൂ പിള്ള ഗവണ്‍മെന്റില്‍ വിമോചന സമരത്തിനു കൈ കോര്‍ത്തു പിടിച്ചു മുന്നില്‍ ഉണ്ടായ മുസ്ലിം ലീഗ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയിട്ടുണ്ട് ഈ സാമുദായിക സന്തുലന ഭീഷണി .  പല വിധ ചര്‍ച്ചകള്‍ നടത്തിയിട്ടും ഈ ' ഭീഷണി'  ഉയര്‍ത്തി ലീഗിനെ  മന്ത്രി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും  നിബന്ധനകള്‍ വെച്ചു കൊണ്ടുള്ള   സ്പീക്കെര്‍ സ്ഥാനം  ലീഗിലെ കെ .എം .സീതി സാഹിബിനു  ഏറ്റെടുക്കേണ്ടി വരികയും ചെയ്തു . അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന്            സി .എച്ച്    ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഉയര്‍ന്നു ഇത്തരം സന്തുലന ഭീഷണികള്‍ , ഒടുവില്‍   സി .എച്ച്   തന്നെ സ്പീക്കര്‍ ആയി.  എന്നിട്ട്  ഇവിടെ എന്തെങ്കിലും തകര്‍ന്നോ ...?    


മന്ത്രി ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സാദിക്ക്‌ അലി യുമായി ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയിട്ടും വിജയിക്കാതെ  വന്നപ്പോള്‍ , ചര്‍ച്ചക്ക് പോകുമ്പോള്‍ ' സാധിക്കും 'എന്ന് കരുതിയെങ്കിലും ചര്‍ച്ച കഴിഞ്ഞപ്പോഴാണ് 'സാധിക്കാത്ത' അലിയുടെ അടുത്തേക്കാണ് പോയതെന്ന് മനസ്സിലായതെന്ന്        സി .എച്ചു  നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞത്‌ ചരിത്രത്തിന്റെ ഭാഗം.  


 വര്‍ഷം , 1967, 57 ഇല്‍  സ്വന്തമായി അധികാരത്തില്‍ വന്ന  കമ്മ്യൂണിസ്ടുകള്‍ക്ക്  വീണ്ടും അധികാരത്തില്‍ എത്താന്‍ ലീഗിന്റെ സഹായം കൂടി വേണ്ടി വരുന്നു. രണ്ടാം ഇ .എം .എസ്  ഗവണ്‍മെന്റില്‍  ആദ്യമായി ലീഗ് മന്ത്രിമാര്‍ സത്യപ്രതിഞ്ഞ ചെയ്യുമ്പോഴും ഉയര്‍ന്നു ഇവിടെ എന്തോ തകരും എന്നുള്ള പുകില്....           സി .എച്ചു മുഹമ്മദ്‌ കോയ , അവുക്കാദര്‍ കുട്ടി നഹ , അഹ്മെദ് കുരിക്കള്‍  എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി നല്ല വകുപ്പുകളില്‍ തന്നെ അധികാരം നടത്തിയിട്ട് കൂടി  ലീഗുകാര്‍ മന്ത്രിമാര്‍ ആയാല്‍ ഒന്നും തകരാന്‍ പോകുന്നില്ല എന്ന് തെളിയിച്ചു . 


 മന്ത്രിയായ സി .എച്ചി നു മുന്നില്‍ ഒരു പ്രദേശത്തു  മുസ്ലിം പ്രമാണിമാര്‍ വന്നു അവിടെ  അത്യാവശ്യമായി പാലം വേണമെന്നും ,അത് സമുദായത്തിന് ഉപകാരം കിട്ടും എന്ന് പറഞ്ഞപ്പോള്‍   സമുദായത്തിന് ഉപകാരം കിട്ടുന്ന പാലം  
'സ്വിറാത്ത് ' പാലം മാത്രമാണെന്ന് പറഞ്ഞു  തിരിച്ചയച്ച സംഭവങ്ങളിലൂടെ അധികാരത്തില്‍ ഉള്ള ലീഗിന്റെ നിലപാട് എന്താണെന്ന് സി .എച്ചും , ലീഗും പ്രവര്‍ത്തനത്തിലൂടെ  വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു .


 വര്‍ഷം 1969, സന്തുലന ഭീഷണിക്കാര്‍ ഏറ്റവും വലിയ ഭൂകമ്പ ഭീഷണി രേഖപ്പെടുത്തിയ സംഭവം മലപ്പുറം ജില്ലാ രൂപികരണം ആയിരുന്നു.  പിന്നോക്ക പ്രദേശം എന്ന നിലയില്‍ വികസനത്തിലെ അര്‍ഹമായ പ്രാതിനിധ്യം  ഉറപ്പാക്കാന്‍ , മറ്റു പല ജില്ലകളും രൂപികരിക്കപ്പെട്ട അതെ സാഹചര്യത്തില്‍ ഉണ്ടാകപ്പെട്ട  ഒരു തീരുമാനത്തെ അവിടെ ലീഗുകാര്‍ കൂടുതല്‍ ആയത് കൊണ്ട് തന്നെ 'രാജ്യ വിരുദ്ധം' എന്ന തരത്തില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കി പരിഭ്രാന്തി പടര്‍ത്തി ....എന്നിട്ട് എന്തെങ്കിലും തകര്‍ന്നോ ?.  ഇന്നുംമത സൌഹാര്‍ദ്ദവും ,സമാധാനവും നില നില്‍ക്കുന്ന ജില്ലകളില്‍ മുന്‍പന്തിയില്‍ തന്നെ ആ ജില്ല നില കൊള്ളുന്നു.


പിന്നെ കാല കാലങ്ങളില്‍ കഴിയുന്നവരൊക്കെ അവരവരുടെ കഴിവിന് വെച്ചു ലീഗിനെ മുന്‍ നിര്‍ത്തി ഇത്തരം സാമുദായിക ഭീഷണികള്‍ ഉയര്‍ത്തി  കൊണ്ടേയിരുന്നു.  ഏറ്റവും ഒടുവില്‍ ഇ .അഹമ്മദ്‌ കേന്ദ്ര മന്ത്രി ആയപ്പോഴും , കഴിഞ്ഞ                         യു .ഡി .എഫ്ഗവണ്‍മെന്റില്‍ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ലീഗ് മന്ത്രിമാരാണ്  കൈ കാര്യം ചെയ്യുന്നത് എന്ന് വരെ പറഞ്ഞു പരത്തി ഇവിടെ  പലരും പരിഭ്രാന്തി  പടര്‍ത്തിയില്ലേ ...?, എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ? ഇത്തരം  ആശങ്കകള്‍   ഒന്നും ക്ലച്ചു പിടിച്ചില്ല എന്ന് മാത്രമല്ല , ലീഗിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.  .      


 സാമുദായിക സന്തുലനം  ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരുന്ന  സച്ചാര്‍ , നരേന്ദ്രന്‍ , 
രംഗ നാ ഥ  മിശ്ര റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴോ ,  രാജ്യത്തെ പ്യൂണ്‍ മുതല്‍ പ്രധാന മന്ത്രി വരെ യുള്ള കണക്ക് തിരിച്ചു  കൊണ്ടുള്ള ഒരു ചര്‍ച്ചക്കോ, വിലയിരുത്തലിനോ ഇപ്പോള്‍ സന്തുലനം നില നിര്‍ത്താന്‍ പാട് പെടുന്ന ഒരാളെയും കണ്ടില്ല , കാണുകയുമില്ല എന്നതാണ് വൈരുധ്യം .


ലീഗുകാരനോ , യു .ഡി .എഫുകാരനോ  പോലും ആദ്യം വലിയൊരു വിഷയമല്ലാതിരുന്ന ഈ അഞ്ചാം മന്ത്രി  യെ ഇത്രമാത്രം വലിയൊരു വിഷയമായി ഉയര്‍ത്തി കൊണ്ട് വന്നത് ആരാണ് ...? ഇത്രമാത്രം വിവാദം ഉണ്ടാക്കാന്‍ അതില്‍ എന്താണ്  ഉള്ളത് ?     യു .ഡി .എഫ് നെത്രത്വത്തിനു വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു വിഷയത്തെ പൊതു മധ്യത്തില്‍ ചര്‍ച്ചക്ക് കൊണ്ട് വരികയും , പതിറ്റാണ്ടുകളോളം സുഖത്തിലും , ദുഖത്തിലും പങ്കാളിയായ ഒരു  കക്ഷിയുടെ ആവശ്യത്തെ,  ട്രെയിനില്‍ കണ്ടു  മറന്നു പോയ പരിചയം പോലും കാണിക്കാതെ ലീഗുകാരന്‍ ഊണും , ഉറക്കും ഒഴിഞ്ഞു വിജയിപ്പിച്ചവര്‍  മുതല്‍ ന്യൂസ്‌ ഹവരിലെ  എ .സി റൂമില്‍ ഇരുന്നു രാഷ്ട്രീയം നിരീക്ഷിച്ചു കുളമാക്കുന്നവര്‍ വരെ ഉയര്‍ത്തിയ അതി രൂക്ഷമായ വിമര്‍ശനവും  , അസഹിഷ്ണുതയും , എല്ലാം പെരുന്നയിലെ രാജാവ്‌ തീരുമാനിക്കും പോലെ നടക്കണം എന്ന് വാശി പിടിക്കുന്നതിലെ                      ദാര്‍ഷ്ട്യതയോക്കെ  ലീഗുകാരനില്‍ ഉണ്ടാക്കിയ വല്ലാത്ത അഭിമാന ബോധം  തന്നെയാണ് ഈ വിഷയം എന്ത് വില കൊടുത്തും  നേടിയെടുക്കെണ്ടതിലേക്ക്  ലീഗിനെ നയിച്ചത്‌. അല്ലാതെ അലി മന്ത്രി ആയത് കൊണ്ട് മുസ്ലിം സമുദായത്തിനോ , ലീഗുകാരനു പോലും എന്തെങ്കിലും  പ്രത്വേഗിച്ചു നേട്ടം ഉണ്ടാകാന്‍, പറ്റുകയോ  മറ്റു സമുദായങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്യാനൊന്നും പോകുന്നില്ല..  തകരും , തകരും എന്ന് പറഞ്ഞു നടക്കുന്ന ഒന്നും തകരാതെയും  അതൊക്കെ  പറഞ്ഞു നടക്കുന്നവരുടെയൊക്കെ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു പോവുന്നതും ഭാവിയില്‍ കാണുകയും ചെയ്യാം .

Monday, April 9, 2012

ശരി രാജാവേ .....



അഞ്ചാം മന്ത്രി വിഷയവും പറഞ്ഞു  'സാമുദായിക സന്തുലനത്തിനു' വേണ്ടി അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ പ്രമുഖ ' സാമുദായിക സന്തുലിസ്റ്റ് ' ശ്രീമാന്‍ ജി .സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍  ഫ്രണ്ട്സ്   എന്ന സിനിമയിലെ ചില രംഗങ്ങള്‍ ആണ് ഓര്‍മ്മ വരുന്നത്.   ജനാര്‍ദ്ധനന്‍  അവതരിപ്പിച്ച മാധവന്‍ മാമ എന്ന കഥാപാത്രത്തോട് " ഇതൊക്കെ ഞങ്ങളുടെ പണി  സാധനങ്ങളാണ്‌  രാജാവേ "  എന്ന് 'കൊട്ടാര' ത്തില്‍ പെയിന്റ് തൊഴിലിനു വന്ന ഒരു തൊഴിലാളി  
ചുറ്റ് പാടും ഉള്ള  യാഥാര്‍ത്യത്തെ  നേരാം വണ്ണം ഉള്‍കൊള്ളാന്‍ പറ്റാതെ  വിനീത വിധെയനായി  അഭി സംബോധനം ചെയ്യുന്ന രസകരമായ ഒരു രംഗം... .


ഇതിന്റെ  മറ്റൊരു പതിപ്പല്ലേ നായര്‍ സര്‍വിസ് സൊസൈറ്റി യുടെ  തലപ്പത്തിരുന്ന് കൊണ്ട് 
ജി .സുകുമാരന്‍ നായര്‍   , സവര്‍ണ്ണ മേധാവിത്വത്തിന്റെ  ഹുങ്ക് നിറഞ്ഞ സ്വരത്തില്‍ ഉയര്‍ത്തി  വിടുന്ന പ്രസ്താവനകള്‍ ....? 



ചുറ്റും നടക്കുന്ന യാഥാര്‍ത്യങ്ങളെ കാണാതെയും , കാലം മാറിയത്‌ അറിയാതെയും ,ഇപ്പോഴും  സവര്‍ണ്ണ മേധാവിത്വത്തില്‍ തന്നെ കാര്യങ്ങള്‍ നടന്നു പോകണം എന്നും, പെരുന്നയിലെ ആസ്ഥാനത്ത് ഇരുന്നു താന്‍ പ്രഖ്യാപിക്കും പോലെ എല്ലാം നടക്കണമെന്ന്  ചിന്തിക്കുകയും , വിശ്വസിച്ചു പോവുകയും ചെയ്യുന്ന ഈ  '. ' സാമുദായിക സന്തുലിസ്റ്റ് '   അഞ്ചാം മന്ത്രി ആവശ്യം നാണം കേട്ട ഏര്‍പ്പാട് ആണെന്നാണ്‌ ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്..ഇനിയെന്തൊക്കെ കണ്ടെത്താനിരിക്കുന്നു....?   


ഒരു  സമുദായ സംഘടനയുടെ  തലപ്പത്തിരുന്ന് കൊണ്ട് തന്നെ പൊതു സമൂഹത്തിന്റെ കെട്ടുറപ്പിനെയും  , ഐ ക്യത്തെയും  ബാധിക്കുന്ന   തരത്തില്‍  വിഷലിപ്തമായ സന്ദേശങ്ങള്‍ നല്‍കാതെ യാഥാര്‍ത്യ ബോധത്തോടും, സൌമ്യതയോടും  കൂടി കാര്യങ്ങളെ സമീപിച്ച യശ ശരീരനായ പി .നാരായണ പണിക്കര്‍ ഇരുന്ന സ്ഥാനത്ത് മുന്‍ മന്ത്രി ജി സുധാകരന്‍ ഏതോ അക്ഷരം , കൂട്ടിയോ , കുറച്ചോ വിശേഷിപ്പിച്ച ഈ നായര്‍ ഇപ്പോള്‍ ഇരിക്കുന്നതിനെക്കാളും  വലിയ നാണക്കേട് ഒന്നും അഞ്ചാം മന്ത്രി ആവശ്യത്തിനില്ല എന്ന് ഈ   ' സാമുദായിക സന്തുലിസ്റ്റ് ' തിരിച്ചറിയുന്നില്ല .  


രാഷ്ട്രീയമായി  ഉയര്‍ന്നു വന്ന ഒരു ആവശ്യത്തെ മത -ജാതി  സമവാക്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നു എന്തിനാണ് മൂപ്പര്‍ ഹാലിളകി നടക്കുന്നത് ...?  ഇലക്ഷന്റെ തലേന്ന് വരെ സമ ദൂരവും , ശരി ദൂരവും പറഞ്ഞു നടക്കുകയും പിന്നീട് അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റുകളുടെ  എട്ടു കാലി  മമ്മൂഞ്ഞ് ചമഞ്ഞു സമ്മര്‍ദ ശക്തി ആയിട്ടല്ല മുസ്ലിം ലീഗ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കണം .


കേരളത്തിലെ  ബഹു ഭൂരി ഭാഗം വരുന്ന പള്ളികളുടെയും ഖാളി  സ്ഥാനം വഹിക്കുകയും , ആയിരക്കണക്കിന് മത സ്ഥാപനങ്ങളുടെ നേത്രത്വം  കൊടുക്കുന്നവരും , കൊടുത്തവരും ആണ് പാണക്കാട് കുടുംബവും , ലീഗ് നെത്ര്വത്വ  നിരയില്‍ ഉണ്ടായിരുന്ന മറ്റു മത പണ്ഡിതരും .  എന്നിട്ട് ഇന്നേ  വരെ  ജുമാ ക്ക് ശേഷം ഏതെങ്കിലും  പള്ളികളില്‍ വെച്ചു കോണി 
ചിഹനം  കാണിച്ചു  ലീഗിന്  വേണ്ടി വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടല്ല ലീഗ് അതിന്റെ രാഷ്ട്രീയ ശക്തി സംഭരിച്ചത്‌  .   സ്വ സമുദായത്തിലും , പൊതു സമൂഹത്തിലും രാഷ്ട്രീയം പറഞ്ഞിട്ടും ജനാധിപത്യ പ്രക്രിയയില്‍ വിശാലമായി പങ്കാളികള്‍ ആയിട്ടും തന്നെയാണ് ലീഗ് അതിന്റെ വ്യക്തിത്വം നില നിര്‍ത്തിയത്‌ .  അത് കൊണ്ട് തന്നെയാണ് ലീഗിന്റെ രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ജയ പരാജയങ്ങള്‍ ഉണ്ടാകുന്നതും , മതപരമായി മുസ്ലിം സമുദായത്തിലെ  പ്രബല വിഭാഗങ്ങളില്‍  ഉണ്ടാകുന്ന പ്രതി സന്ധികള്‍ ( സുന്നി -മുജാഹിദ്‌ പിളര്‍പ്പുകള്‍ ) ജയ പരാജയങ്ങളെ സ്വാധിനീ ക്കാത്തതും, ഈ ഒരു രാഷ്ട്രീയ പ്രക്രിയയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്തത്‌ കൊണ്ട് തന്നെയാണ് എന്‍ .ഡി .പി (Nair Democratic Party) ക്ലച് പിടിക്കാതെ പോയതും  എന്ന വസ്തുതയും  ഇതോടൊപ്പം   ചേര്‍ത്തു വായിക്കേണ്ടതാണ്.



ഹിന്ദു ജന വിഭാഗത്തിലെ തന്നെ അധസ്ഥിത
 വിഭാഗങ്ങളുടെ  എന്തെങ്കിലും ഉന്നമനത്തിനു വേണ്ടി ഇന്നേ  വരെ നാല് വരി പ്രസ്താവന പോലും നടത്താത്ത ഇത്തരം വ്യക്തികള്‍ എന്തിനാണ് ഭൂരി പക്ഷ സമുദായത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തു പ്രസ്താവനകള്‍ നടത്തുന്നത് ..? തീര്‍ത്തും ഉത്തരവാദിത്വം ഇല്ലാതെ, ആറാം ക്രിസ്ത്യന്‍ മന്ത്രി  വന്നാലും  തകരാത്ത 'സാമുദായിക സന്തുലനം ' അഞ്ചാം മുസ്ലിം മന്ത്രി വന്നാല്‍ തകരുമെന്ന് പറഞ്ഞു നടക്കുന്നതിനു പിന്നിലെ ചേതോ വികാരം എന്താണെന്ന്  എല്ലാവരും തിരിച്ചറിയുന്നുണ്ട് . അത്തരം വികാരങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പ്രസ്താവനകളും , ചിന്താ ഗതികളും കേരളീയ സമൂഹം പുലര്‍ത്തി പോരുന്ന പരസ്പര വിശ്വാസത്തിന്റെയും , ഐക്യത്തിന്റെയും കടക്കല്‍ കത്തി വെക്കും  എന്ന ആശങ്ക  പക്വതയോടും , ഉത്തരവാദിത്വ  ബോധത്തോടും കൂടി മുസ്ലിം ലീഗ് ചിന്തിക്കുന്നത് കൊണ്ട് തന്നെയാണ് ഒരു എം ,എസ് .എഫുകാരന്‍ പോലും ഇത്തരം പ്രസ്താവനകള്‍ക്ക് മറുപടി പറയാതിരിക്കുന്നതും .    


രാഷ്ട്രീയമായി  ഉയര്‍ന്നു വന്ന ഈ വിഷയം രാഷ്ട്രീയമായി തന്നെ പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ -മുസ്ലിം ലീഗ് നെത്രത്വങ്ങള്‍ക്ക് സാധി ക്കും. 1960 ഇല്‍  സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ മുസ്ലിം  ലീഗിന്  മുന്നില്‍ നിരവധി   നിബന്ധനകള്‍  വെച്ച  കോണ്‍ഗ്രസ്‌ പാര്‍ട്ടി തന്നെ മുസ്ലിം ലീഗുകാരന്റെ കൈകളിലേക്ക്  മുഖ്യ മന്ത്രി സ്ഥാനം നല്‍കിയില്ലേ...  .    ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയില്‍  അഭി പ്രായ വ്യത്യാസങ്ങള്‍  ഉണ്ടാകാം , സ്വാഭാവികം , പതിട്ടാണ്ടുകള്‍  നീണ്ടു നില്‍ക്കുന്ന ഈ   ബന്ധത്തെ തകര്‍ക്കും വിധത്തില്‍ ഒന്നും സംഭവിക്കാനൊന്നും  പോകുന്നുമില്ല , അതിനിടയില്‍ കയറി ജാതിയും , മതവും കൂട്ടി കുഴച്ചു ഇല്ലാത്ത സന്തുലനത്തിന്റെ കണക്കും ഉണ്ടാക്കി ആരും കുളമാക്കാന്‍ ശ്രമിക്കേണ്ട.


  മന്നത്തു പത്മനാഭനും , ആര്‍ .ശങ്കറും , ബാഫഖി  തങ്ങളും കൈ കോര്‍ത്തു    പടുത്തുയര്‍ത്തിയ   മത സൌഹാര്‍ദ്ദത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും , ജനാധിപത്യ
 ബോധ ത്തിന്റെയും  കേരളത്തിന്റെ  മണ്ണിലേക്ക് വിഷ വിത്തുകള്‍ എന്തിന്റെ പേരിലും ആരും ഇറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല .  ലീഗുകാരന്‍ മുഖ്യ മന്ത്രിയും , ഉപ മുഖ്യ മന്ത്രിയും  ആയിട്ട് തകരാത്ത സന്തുലനം  ഒരു അഞ്ചാം മന്ത്രി വന്നാല്‍ ഒന്നും തകരാന്‍ പോവുന്നില്ല .   ഇനി കേരളത്തിലെ  ഇരുപതു മന്ത്രിമാരും മുസ്ലിം ലീഗുകാര്‍ ആയാലും  സന്തുലനം തകരുമെന്ന്  സുകുമാരന്‍ നായര്‍ അടക്കം ആരും   പേടിച്ചു  കഴിയേണ്ട  .    നായര്‍ സമ്മേളനത്തില്‍ വെച്ചു തന്നെ  സി .എച്ചു .മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞ വാക്കുകള്‍ , അത് തന്നെയാണ് എക്കാലത്തും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം .

" ഈ  സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍  ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല."