പേജുകള്‍‌

Thursday, September 4, 2014

ഗാസ്സ

ഗാസ്സാ..
നിന്റെ ആറടി മണ്ണിൽ
കുഴിച്ച്‌ മൂടപ്പെടുന്നത്‌
എന്നെ തന്നെയാണു
നിലവിളിക്കുന്നത്‌ എന്റെ
കുഞ്ഞു മക്കളാണു
ഗതി കിട്ടാതെ അലയുന്നത്‌
എന്റെ കുടുംബമാണു
പിടയുന്ന പൊരുതുന്ന ഗാസ്സാ
നീ തന്നെയാണു ഞാൻ
ഞാൻ തന്നെയാണു നീ.

ഉണരൂ സമുദായമേ

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ ) യുടെ പ്രിയ പുത്രന്‍ ഇബ്രാഹിം മരണപ്പെട്ടിരിക്കുന്നു . താങ്ങി പിടിച്ചാണ് അദ്ദേഹത്തെ മരണ വീട്ടിലേക്ക് കൊണ്ട് വന്നത് . മുഖം ദുഃഖ ഭാരത്താല്‍ കനം കെട്ടിയിരിക്കുന്നു . ആദ്യ ഭാര്യ ഖദീജ ബീവി (റ) വില്‍ ഉണ്ടായ രണ്ടു ആണ്‍ മക്കളും, പിന്നീട് ഉണ്ടായ പുത്രിമാരും ഒക്കെ മരണപ്പെട്ട് ഫാത്തിമ (റ) മാത്രമായിരുന്നു പ്രവാചകന് മക്കളായി അവശേഷിച്ചിട്ടുണ്ടായത് . അതിനിടയിലാണ് വൈകിയ പ്രായത്തില്‍ ഇബ്രാഹിമിന്റെ ജനനം . അത് കൊണ്ട് തന്നെ പ്രത്വേക വാത്സല്യവും പ്രതീക്ഷയും സന്തോഷവും ഇബ്രാഹിമിന്റെ കാര്യത്തില്‍ നബി (സ ) ഉണ്ടായിരുന്നു . പക്ഷെ അതും അവസാനിച്ചിരിക്കുന്നു . ഒരു വയസ്സാകുന്നതിനിടയില്‍ തന്നെ ആ കുട്ടിയും മരണ ത്തോട് കീഴടങ്ങി യിരിക്കുന്നു .

 

കടുത്ത വേദനയോട് കൂടിയ നിമിഷങ്ങളിലൂടെ പ്രവാചകന്‍ (സ ) സഞ്ചരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇബ്രാഹിമിന്റെ മരണ ത്തെ കുറിച്ചുള്ള ജന സംസാര ത്തെ കുറിച്ച് അറിഞ്ഞത് . അന്ന് സൂര്യഗ്രഹണം ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ ഇബ്രാഹിമിന്റെ മരണം മൂലമാണ് സൂര്യ ഗ്രഹണം ഉണ്ടായത് എന്നും അത് പ്രവാചകന്റെ ദിവ്യാത്ഭുതമാണെന്നും ജന മധ്യത്തില്‍ സംസാരങ്ങള്‍ ഉണ്ടായി . ഇതറിഞ്ഞതോട് കൂടി തന്നെ പുത്ര നഷ്ടത്തിന്റെ വേദനയെ അടക്കിപ്പിടിച്ചു പ്രവാചകന്‍ (സ ) ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പറഞ്ഞു . " സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദ്രിഷ്ടാന്തങ്ങളില്‍ പെട്ട രണ്ടു ദ്രിഷ്ടാന്തങ്ങള്‍ മാത്രമാണ് ,സൂര്യഗ്രഹണം ഉണ്ടായത് ഒരു സ്വാഭാവിക കാര്യം മാത്രമാണ് , അതില്‍ പ്രവാചക പുത്രന്റെ മരണവുമായി യാതൊരു ബന്ധവുമില്ല ". സൂര്യഗ്രഹണം ഉണ്ടാകുമ്പോള്‍ പ്രാര്തിക്കാനും നമസ്കരിക്കാനും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു . കഠിനമായ സാഹ്ച്ചര്യത്തിലൂടെ കടന്നു പോയപ്പോഴും സമൂഹത്തില്‍ അന്ധ വിശ്വാസങ്ങള്‍ ഉണ്ടാകുന്നതിനെ എത്ര ജാഗ്രതയോടും ഭയത്തോടും കൂടിയാണ് പ്രവാചകന്‍ കണ്ടത് . ആ പ്രവാചകന്റെ പിന്തലമുറ ക്കാരിലാണ് മന്ത്ര ത്തിന്റെ പേരില്‍ കടുത്ത അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നടക്കുന്നത് എന്നത് എത്ര ദൌര്‍ഭാഗ്യകരമാണ് . മന്ത്രവാദ ചികിത്സ സമുദായത്തിലെ രണ്ടു സ്ത്രീകളുടെ ജീവനാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത് . മരണം സംഭവിച്ചത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പുറത്ത് അറിയുന്നത് . വ്യാപകമായി ഇതൊക്കെ എല്ലായിടത്തും നടക്കുന്നു . മത സംഘടനകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇത്തരക്കാരെ ചോദ്യം ചെയ്യാന്‍ ആരുമില്ലാതെയായി . ഇനിയെങ്കിലും ഉണരൂ സമുദായമേ ഉണരൂ

നന്മ വരുന്ന വഴികള്‍ ..

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ട സമയം , അടിയന്തിരമായി ഒരു ലക്ഷത്തോളം രൂപ ആവശ്യമായി വന്നു . പല വഴികള്‍ അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല . പെട്ടെന്ന് ഇത്രയും തുക കിട്ടാനുള്ള പുതിയ വഴികള്‍ ഒന്നും കാണാതെ വിഷണ്ണരായി ഞാനും സുഹൃത്തും മുഖ ത്തോട് മുഖം നോക്കി നില്‍ക്കുന്ന സമയത്താണ് ഞങ്ങളുടെ മറ്റൊരു സുഹൃത്ത് അടുത്തേക്ക് വന്നത് . ഞങ്ങളുടെ മുഖ ഭാവം കണ്ടപ്പോള്‍ തന്നെ എന്തോ വിഷമം ഞങ്ങള്‍ക്ക് ഉണ്ടെന്നു മനസ്സിലായത് കൊണ്ടാവാം എന്താണ് പ്രശ്നം എന്ന് അവന്‍ ചോദിച്ച് കൊണ്ടേ ഇരുന്നത് . വ്യക്തിപരമായ കാര്യങ്ങള്‍ പറയാനും സാമ്പത്തിക ഇടപാട് പോയിട്ട് അഞ്ഞൂറ് രൂപ കടം ചോദിക്കാന്‍ ഉള്ള തരത്തില്‍ വലിയ അടുപ്പം ഒന്നും ആ സുഹൃത്തുമായി ഞാന്‍ ഉണ്ടായിരുന്നില്ല . അത് കൊണ്ട് തന്നെ പണ ത്തിന്റെ അത്യാവശ്യ ത്തെ കുറിച്ച് അവനോടു ഞാന്‍ പറഞ്ഞതുമില്ല . പക്ഷെ പിന്നീട് ഒരു പൊതിയുമായി വീട്ടിലേക്ക് വന്ന അവനെയാണ്‌ കാണുന്നത് . പൊതി നോക്കുമ്പോള്‍ രണ്ടു വള , ഒരു മാല എല്ലാം കൂടി നാല് പവന് മേലെ ഉണ്ടാകും . "ഇതെടുത്ത് നീ വില്‍ക്കുകയോ , പണയം വെക്കുകയോ ചെയ്ത് പ്രശനം തീര്‍ക്ക് . ഉണ്ടാവുമ്പോള്‍ തിരിച്ച് തന്നാല്‍ മതി ." അടുത്തു കല്യാണം നടന്ന അവന്റെ ഭാര്യ യുടെ സ്വര്‍ണ്ണ വും എടുത്തിട്ടാണ് അവന്‍ വന്നിരിക്കുന്നത് . ശരിക്കും അത്ഭുതമായിരുന്നു . അന്നേ വരെ ഒരു ഉപകാരവും അവനു ഞാന്‍ ചെയ്തിട്ടില്ല . എന്റെ പ്രശ്നം ഞാനവനോട് പറഞ്ഞിട്ടുമില്ല .പക്ഷെ എല്ലാം കണ്ടറിഞ്ഞ് ഒരു നിര്‍ണ്ണായക ഘട്ട ത്തില്‍ വലിയൊരു ഉപകാരമായി അവനും വേറൊരാള്‍ക്ക് കൊടുക്കാനായിട്ടും സ്വന്തം സ്വര്‍ണ്ണം ഊരി നല്‍കിയ അവന്റെ ഭാര്യയും എന്റെ മുന്നില്‍ അത്ഭുതമായി ഇന്നും നില്‍ക്കുന്നു . 


ഇപ്പോള്‍ ഇതോര്‍ക്കാനുണ്ടായ കാരണം ഒരാള്‍ക്ക് ഒരു ഉപകാരം ചെയ്‌താല്‍ അത് പിന്നെ ഉപദ്രവമായി തീരും എന്ന രീതിയില്‍ ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടു . അദ്ദേഹത്തിന്‍റെ അനുഭവമായിരിക്കാം അങ്ങനെ പറയിപ്പിച്ചത് . എല്ലാവര്ക്കും കാണും ഇത്തരം അനുഭവങ്ങള്‍ . ചെറിയൊരു പൊതു പ്രവര്‍ത്തകനായി നാട്ടില്‍ നടക്കുന്ന സമയത്ത് ചെയ്യാന്‍ പറ്റുന്ന ഉപകാരങ്ങള്‍ ഒക്കെ പലര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ട് . അധികമാരും നന്ദി കേടോ ഉപദ്രവമോ ഒന്നും ചെയ്തിട്ടില്ല . പക്ഷെ അല്പം കഷ്ടപ്പെട്ട് ഉപകാരം ചെയ്ത് കൊടുത്ത വര്‍ തന്നെ നല്ല പണി എനിക്കിട്ട് തന്നിട്ടുണ്ട് . ജീവിതത്തെ വലിയ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട് . അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് , എന്തിനാ അവനൊക്കെ ഉപകാരം ചെയ്യാന്‍ പോയതെന്ന് . പക്ഷെ പിന്നീടാണ് മനസ്സിലായത് നമ്മള്‍ എന്തെങ്കിലും ഉപകാരം ചെയ്ത് കൊടുത്ത് വ്യക്തി അതോര്‍ക്കണമേന്നേ ഇല്ല എന്ന് മാത്രമല്ല ഉപദ്രവം പ്രതീക്ഷിക്കുകയുമാവാം . തിരിച്ചു നന്ദി നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കരുത് . എന്നാലോ നമ്മള്‍ ഒരു ഗുണം ആര്‍ക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ വേറെ വല്ല വഴിയിലൂടെ യും നമുക്ക് അതിന്റെ ഗുണം തീര്‍ച്ചയായും കിട്ടുകയും ചെയ്യും . എന്റെ മുന്നില്‍ സ്വര്‍ണ്ണ വുമായി വന്ന സുഹൃത്തിനെ പോലെ ....

അരുന്തതി റോയി യെ വാളോങ്ങുന്നതിനു മുന്പ് ...

ഗാന്ധിജി യെ സ്നേഹിക്കുന്നവര്‍ക്ക് പോലും അദ്ദേഹം ദളിതുകളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ വൈരുധ്യങ്ങള്‍ അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല . ദളിതുകളെ ദൈവത്തിന്റെ മക്കള്‍ എന്നര്‍ത്ഥം വരുന്ന ഹരിജന്‍ എന്ന് വിളിക്കുകയും അദ്ദേഹത്തിന്‍റെ ആശ്രമത്തിലേക്ക് പ്രവേശിപ്പിക്കുകയും ദളിത്‌ കോളനികളില്‍ പോയി താമസിക്കുകയും ചെയ്തിരുന്നു ഗാന്ധിജി . ഒരു ദളിത്‌ വനിത ഇന്ത്യയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിപ്പെടുന്നത് വലിയൊരു സ്വപനമായി അദ്ദേഹം കൊണ്ട് നടക്കുകയും ചെയ്തിരുന്നു . അതെ സമയം ഇന്ത്യയിലെ ദളിതുകളുടെ രാഷ്ട്രീയ ഉന്നമനത്തെ തടഞ്ഞു നിര്‍ത്തുന്ന തരത്തിലും ഗാന്ധിജി നിലപാടുകള്‍ എടുത്തു .

ഗാന്ധിജി ജാതി വ്യവസ്ഥിതിതിയില്‍ വിശ്വസിച്ചിരുന്നു . ജാതി വ്യവസ്ഥിതി ദളിതുകളെ എങ്ങനെ പരിഗണിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ . അതോടൊപ്പം തന്നെ പുരോഗമന വ്യക്തികളുമായുള്ള സമ്പര്‍ക്കം ദളിത്‌ വിഭാഗങ്ങളോട് അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കാന്‍ ഗാന്ധിജി യെ നിര്‍ബന്ധിതനുമാക്കിയിട്ടുണ്ടാകം . ദളിതുകളെ ചൂണ്ടിക്കാട്ടി ബ്രിട്ടിശുകാരോട് സ്വാതന്ദ്ര്യം ആവശ്യപ്പെടുന്നതിന് മുന്‍പ് ഇവര്‍ക്ക് ജീവിക്കാനുള്ള സ്വാതന്ദ്ര്യമാണ് നമ്മള്‍ ആദ്യം നേടിക്കൊടുക്കെണ്ടത് എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശയപ്പെട്ടിരുന്നെത്രേ . ഇതൊക്കെയാവാം ദളിത് വിഷയത്തില്‍ ഗാന്ധിജി യുടെ നിലപാടുകളില്‍ വൈരുദ്ധയം ഉണ്ടാക്കിയത് .

ഒന്നാം വട്ട മേശ സമ്മേളന ത്തിന്റെ പരിഗണനക്ക് വേണ്ടിയുള്ള ന്യൂനപക്ഷ സമിതി യില്‍ ഡോക്ടര്‍ അംബേദ്‌കര്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും , അതി ബുദ്ധിമാനായ അദ്ദേഹം തന്ത്രപരമായി ദളിതുകള്‍ക്ക് വോട്ടവകാശം നേടിയെടുക്കുകയും ചെയ്തു . അയിത്ത ജാതിക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ജീവന്‍ കൊടുത്തും അതിനെ നേരിടുമെന്ന് ഗാന്ധിജി ബ്രിട്ടിഷ് സ്റ്റെട്ടു സെക്രട്ടറിക്ക് കത്തയച്ചെങ്കിലും ബ്രിട്ടിഷ് സര്‍ക്കാര്‍ അത് മുഖ വിലക്കെടുത്തില്ല . പക്ഷെ ഗാന്ധിജി ദളിത്‌ വോട്ടവകാശത്തിനെതിരായി ശക്തമായി തന്നെ നില കൊണ്ടു. അംബേദ്‌കറിന് പിന്തുണ നല്‍കിയ ജിന്നയെ പിന്തിരിപ്പിക്കാന്‍ അത് വരെ അമ്ഗീകാരിക്കാതിരുന്ന 'ജിന്നയുടെ പതിനാല്‍ നിര്‍ദ്ദേശങ്ങള്‍' വരെ അംഗീകരിക്കാം എന്ന നിലപാടില്‍ ഗാന്ധിജി എത്തിച്ചേര്‍ന്നു. പക്ഷെ ജിന്നയെ പിന്തിരിപ്പിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞില്ല , ഒടുവില്‍ 1932 സെപ്തംബര്‍ 20 നു യാര്‍വാടാ ജയിലില്‍ ദളിതുകള്‍ക്ക് പ്രത്വേക നിയോജക മണ്ഡലങ്ങള്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ഗാന്ധിജി മരണം വരെ നിരാഹാര സമരം ആരംഭിച്ചു . പക്ഷെ അംബേദ്‌കര്‍ ഒട്ടും കുലുങ്ങിയില്ല . ഉപവാസം ഗാന്ധിജിയുടെ ആരോഗ്യ സ്ഥിതി വഷളാക്കി . ഗാന്ധിജി മരിക്കാന്‍ പോകുന്നെനും അതിനു കാരണം അംബേദ്‌കര്‍ ആണെന്നും വ്യാപകമായി വൈകാരികമായ പ്രചരണം ഉണ്ടാകപ്പെട്ടു . അത് അംബേദ്‌കരിന് മേല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാക്കി . അവസാനം മനസ്സിലാ മനസ്സോടെ കമ്യൂണല്‍ അവാര്‍ഡില്‍ മാറ്റം വരുത്താന്‍ അംബേദ്‌കരിന് സംമാതിക്കേണ്ടി വന്നു . പൂന പാക്റ്റ്‌ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള ചരിത്രങ്ങളാണ് ദളിത്‌ ചിന്തകരെ ഗാന്ധി വിമര്‍ശകരാക്കിയതില്‍വലിയ പങ്ക് വഹിച്ചത് . ഇത്തരം ചരിത്രങ്ങള്‍ ആരെങ്കിലും വിളിച്ച് പറയുമ്പോഴെക്ക് അവരെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും കേസ് എടുക്കാന്‍ പോകുന്നതിലും ഒരു അര്‍ത്ഥവുമില്ല .

മതമില്ലാത്ത തീവ്രവാദം

ഈയിടെ ലൈബീരിയ എന്ന രാജ്യത്തെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്‍ററി കണ്ടിരുന്നു . കലാപകാരികള്‍ മനുഷ്യരേ കൊന്നൊടുക്കുന്നു എന്ന് മാത്രമല്ല , അവ ഭക്ഷിക്കുക കൂടി ചെയ്യുന്നു . യുദ്ധം ചെയ്യാന്‍ മനുഷ്യ മാംസം കൂടുതല്‍ ശക്തി നല്‍കും എന്ന വിശ്വാസമാണ് ഇതിനു പ്രേരിപ്പിക്കുന്നത് . എണ്‍പത് ശതമാനത്തോളം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഉള്ള രാജ്യമാണ് ലൈബീരിയ. പക്ഷെ ഈ നര നായാട്ടിന്റെ പേരില്‍ ലോകത്ത് ഒരു ക്രിസ്ത്യന്‍ മത വിശ്വാസിക്കും പ്രതിരോധ ത്തില്‍ ആകേണ്ടി വന്നില്ല . അവരുടെ മതമാണ്‌ അതിനു പ്രേരിപ്പിച്ചത് എന്ന് കേള്‍ക്കേണ്ടി വരികയും ചെയ്തിട്ടില്ല . ഇന്ത്യയില്‍ തന്നെ ബഹു ഭൂരി ഭാഗവും ക്രിസ്ത്യാനികള്‍ വസിക്കുന്ന ഏക സംസ്ഥാനമാണ് മിസോറം . വംശീയ വിദ്വേഷം കൊണ്ട് ഗോത്ര ന്യൂനപക്ഷങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയും മിസോ കള്‍ അല്ലാത്ത വേറെ ആരും മിസോറാമില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് വാദിക്കുന്നവരുമാണ് അവിടത്തെ ഭൂരിപക്ഷ ജനത . എന്ത് കൊണ്ട് ക്രിസ്ത്യന്‍ മത പുരോഹിതര്‍ ഇക്കാര്യങ്ങളില്‍ മൌനം പാലിക്കുന്നു ? കേരള ത്തിലെ ക്രിസ്ത്യാനികള്‍ ഇവ്വിഷയത്തില്‍ പ്രതികരിക്കാത്തത് കൊണ്ട് തന്നെ അവരൊക്കെ അതിനെ പിന്തുണക്കുന്നവര്‍ ആണെന്ന് ഒരാളുടെ നാവില്‍ നിന്നും അവര്‍ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവില്ല . എണ്ണിയാലോടുങ്ങാത്ത വര്‍ഗീയ ആക്രമണ ങ്ങള്‍ മുസ്ലിംകള്‍ ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ സംഘപരിവാര്‍ രാജ്യത്തുട നീളം ചെയ്തപ്പോഴും അതിനു അവരെ പ്രേരിപ്പിക്കുന്നത് ഹൈന്ദവത അല്ല എന്നും ഹിന്ദുത്വ രാഷ്ട്രീയമാണ് എന്നുമാണ് വിലയിരുത്തപ്പെട്ടത് . മ്യാന്മാരിലും ശ്രീലങ്ക യിലും ബുദ്ധ മത വിശ്വാസികള്‍ നടത്തിയ ക്രൂര ആക്രമണ ങ്ങള്‍ ബുദ്ധന്റെ വരവില്‍ വെക്കാന്‍ ആരും തയ്യാറായില്ല . കാരണം 'ബുദ്ധന്‍ 'അതില്‍ നിരപരാധി എന്ന് എല്ലാവര്ക്കും അറിയാമല്ലോ .

പക്ഷെ ഈ ആനുകൂല്യമോന്നും മുസ്ലിമ്കല്‍ക്കില്ല . ലോകത്ത് ഏത് കോണിലും മുസ്ലിംകള്‍ എന്തെങ്കിലും ചെയ്‌താല്‍ ഇവിടത്തെ മുസ്ലിമും മറുപടി പറയണം . അതിനൊക്കെ അവനെ പ്രേരിപ്പിച്ചത് അവന്റെ മതം ആണെന്ന് പെട്ടെന്ന് തീരുമാനിക്കുകയും ചെയ്യും . അതിനപ്പുറ ത്തുള്ള രാഷ്ട്രീയ -സാമുഹിക വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയെ ഇല്ല . അത് കൊണ്ട് തന്നെ രാവിലെയും ഉച്ചക്കും വൈകിട്ടും ഞാന്‍ ഭീകരവാദി അല്ല എന്ന് മുസ്ലിംകള്‍ തെളിയിച്ച് കൊണ്ടേ ഇരിക്കണം . ആഗോള തലത്തില്‍ പടച്ച് വിട്ട ഇസ്ലാമാഫോബിയ തന്നെ ഇവിടെ യും പിന്തുടരാനാണ് പല മാധ്യമങ്ങളും ശ്രമിക്കുന്നത് . നൈജീരിയയിലെ ബോകോ ഹരാമികളെ വാര്‍ത്ത വായിച്ച് നമ്മുടെ ദിനം ദിന ജീവിതത്തില്‍ ബന്ധപ്പെടുന്ന മുസ്ലിം സുഹൃത്തിന്റെ ഉള്ളും അങ്ങനെ തന്നെയാണോ എന്ന സംശയത്തിന്റെ വിഷ വിത്തുകള്‍ വിതറപ്പെടുന്നു. അപകടമാണ് , അരുതാത്തതാണ് ഈ പോക്ക് . മാധ്യമങ്ങളില്‍ വരുന്ന ഭീഭത്സമായ വാര്‍ത്തകള്‍ വായിച്ചല്ല നമ്മുടെ സഹോദരനെ വിലയിരുത്തേണ്ടത് , നമ്മുടെ ചുറ്റുപാടില്‍ നിന്ന് തന്നെയാണ് അത് ഉണ്ടാകേണ്ടത് . മനുഷ്യ വിമോചന ത്തിനാണ് മതങ്ങള്‍ ഉണ്ടായത് . പക്ഷെ കലാപങ്ങള്‍ ഉണ്ടാകുന്നത് വംശീയ -സാമുഹിക -രാഷ്ട്രീയ -സാമ്പത്തിക താല്‍പര്യങ്ങളില്‍ നിന്നാണ് . ലൈബീരിയിലെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ ക്കും ,മുസഫര്‍ കലാപത്തിനു ഹിന്ദു മത ത്തിനും , മ്യാന്മാറില്‍ ബുദ്ധ മതത്തിനും ഉത്തരവാദിത്വം ഇല്ലെങ്കില് ലോകത്ത് നടക്കുന്ന എല്ലാത്തിനും ഇസ്ലാം മതത്തിനും ഉത്തരവാദിത്വമില്ല .

കോമാളി വേഷം കെട്ടുന്ന പുതിയാപ്പിള മാര്‍


നികാഹ് ചെയ്തോ , താലി കെട്ടിയോ , ഇതൊന്നുമാല്ലാതെയോ എങ്ങനെ ആയാലും വിവാഹം പവിത്ര മായാണ് എല്ലാവരും കാണുന്നത് . നാട്ടുകാര്‍ ഭക്ഷണം കഴിച്ച് പിരിയുന്നതോടെ എല്ലാം അവസാനിക്കുകയും ചെയ്യുന്ന കേവല ചടങ്ങല്ല വിവാഹം . ഒരുപാട് തലമുറ കളുടെ ഉദയത്തിനു നാന്ദി കുറിക്കുന്ന ,മനുഷ്യ കുലത്തിന്റെ നില നില്പ്പിന്നു അടിത്തറ ഇടുന്ന , രണ്ടു മനസ്സും ശരീരവും ഒന്നായി ജീവിക്കാന്‍ തീരുമാനിക്കുന്ന വിശുദ്ധ ചടങ്ങ് . ഇതൊന്നും അറിയാത്തവരല്ല ആരും . എന്നിട്ടും വിവാഹ ചടങ്ങുകളുടെ പേരില്‍ വധുവിനെയും വരനെ യും കൊണ്ട് എന്തൊക്കെ കൊമാളിത്തരങ്ങളാ ണ് ഓരോരുത്തര്‍ കെട്ടിപ്പിക്കുന്നത് . കാള വണ്ടിയിലോ ജെ സി ബി യിലോ ആനയിക്കുക , കോമാളി വേഷങ്ങള്‍ ധരിപ്പിക്കുക , ഭക്ഷണവും ക്രീമുകളൊക്കെ ശരീരത്തില്‍ പുരട്ടി വികൃതമാക്കുക . പോരാത്തതിന് ഇതൊക്കെ വിഡിയോ , ഫോട്ടോ ആക്കി സോഷ്യല്‍ മീഡിയ യിലൂടെ പ്രചരിപ്പിക്കുക . ശരിക്കും മാനസിക പീഡനം തന്നെ . ഇതൊക്കെ ചെയ്യുന്നതോ വരന്റെ സുഹൃത്തുക്കള്‍ എന്ന് പറയുന്ന ചെറിയൊരു വിഭാഗവും . കാരണവന്മാരും മറ്റുള്ളവരും വെറും കാഴ്ചാക്കാര്‍ മാത്രം ആകുന്ന അവസ്ഥ . വധുവിന്റെ കാര്യമാണ് കഷ്ടം , അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാവും ഇത്തരം രംഗങ്ങള്‍ . വധു വീട്ടുകാര്‍ക്കും ഇതൊന്നും കണ്ടു സഹിക്കാനും പറ്റുന്നുണ്ടാവില്ല. പുത്തരിയിലെ കല്ല്‌ കടിക്കണ്ട എന്ന് കരുതി അവരും ദേഷ്യം അടക്കിപ്പിടിച്ച് നില്‍ക്കുന്നു .

ഇതൊക്കെ ചെയ്യുന്നവരും ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരും മനസ്സിലാക്കേണ്ടത് ഒരു പെണ്‍കുട്ടിയെ താലി കേട്ടുംബോഴോ നികാഹ് ചെയ്യുമ്പോഴോ തനിക്ക് ഈ ലോകത്ത് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ലത് അവള്‍ക്ക് നല്‍കും എന്ന വാഗ്ദാനവും കൂടി ഓരോ ആണും അവള്‍ക്കും അവളുടെ രക്ഷിതാക്കള്‍ക് നല്‍കുന്നുണ്ട് . എന്നിട്ടാണ് ആ ദിവസം തന്നെ അവന്‍ അവളെ ആളുകളുടെ മുന്നില്‍ കോമാളി യാക്കാനും മാനസികമായി പീഡിപ്പിക്കാനും കൂട്ട് നില്‍ക്കുന്നത് . തന്റെ വരന്‍ ഏറ്റവും സുന്ദരനായും , ഐശ്വര്യ ത്തോട് കൂടിയും വിവാഹ പന്തലില്‍ എത്തുന്നതാണ് ഓരോ വധുവും, അതോടൊപ്പം അവളുടെ കുടുംബക്കാരും പ്രതീക്ഷിക്കുന്നത് . അവിടെക്കാണ് കോമാളി വേഷവും കെട്ടി വരന്‍ കടന്നു പോകുന്നത് . പ്രച്ഛന്ന വേഷം കേട്ടിയല്ല വ്യത്യസ്ത നാകെണ്ടാത് , വ്യക്തിത്വം കാട്ടിയാണ് എന്ന് ഇനിയെങ്കിലും പുതിയാപ്പിള ആകാന്‍ പോകുന്നവര്‍ മനസ്സിലാക്കുക . നവ വധു വരന്‍ മാരെ ഇങ്ങനെ കോമാളിത്തരം ചെയ്യിക്കുന്ന വരന്റെ സുഹൃത്തുക്കള്‍ എന്ന് പറയുന്ന വിഭാഗ ത്തോട് പറയാനുള്ളത് നിങ്ങള്‍ ആത്മാര്‍ത്ഥ ത ഉള്ള സുഹൃത്തുക്കളാണെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയുമാണ് വേണ്ടത് . അല്പം സ്വല്പം കളിയും തമാശ യുമൊക്കെ സുഹൃത്തിന്റെ കല്യാണം ആകുമ്പോള്‍ ഉണ്ടാകും , പക്ഷെ അതൊരു കൊമാളിത്തരത്തിലേക്ക് കൊണ്ട് പോകുന്നത് നല്ലൊരു ദിവസം നിങ്ങള്‍ തന്നെ നിങ്ങളെ സുഹൃത്തിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹാസ്യ പാത്രമാക്കുക മാത്രമാണ് ചെയ്യുന്നത് .

വിവാഹ ധൂർത്തിനെതിരെ മുസ്ലിംലീഗ് ഉണരുമ്പോൾ..- മറു നാടന്‍ മലയാളി പ്രസിദ്ധീകരിച്ച ലേഖനം

http://www.marunadanmalayali.com/opinion/sociopolitical/marriage-expenses-2357



വിവാഹ ധൂര്‍ത്തിനും ആടംഭര ത്തിനുമെതിരെ രംഗത്തിരങ്ങാനുള്ള മുസ്ലിം ലീഗ് പ്രമേയം മുസ്ലിം സമുദായത്തിനകത്തും പുറത്തും ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണല്ലോ . പണമുള്ളവനും ഇടത്തരക്കാരനും പാവപ്പെട്ടവനും വിവാഹ ത്തിനു വേണ്ടി പൊടിക്കുന്ന ലക്ഷങ്ങള്‍ക്ക് കയ്യും കണക്കുമില്ല . സ്ത്രീധന ത്തില്‍ നിന്ന് തന്നെ ഇത് വരെ മോചനം നേടാത്ത സമൂഹത്തിലാണ് വിവാഹ ത്തോടനുബന്ധിച്ചുള്ള ധൂര്‍ത്തും അരങ്ങേറുന്നത് . വിവാഹ ധൂര്‍ത്തും ആഡംബര വും ഒന്നും മുസ്ലിം ലീഗില്‍ തുടങ്ങി മുസ്ലിം ലീഗില്‍ അവസാനിക്കുന്ന കാര്യമല്ല . മുസ്ലിം സമുദായത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന ദുരവസ്ഥ യാണ് . മുസ്ലിം ലീഗ് ഒരു പ്രമേയം പാസ്സാക്കിയത് കൊണ്ട് പിറ്റേന്ന് മുതല്‍ തന്നെ ഇതൊക്കെ ഇല്ലാതാകുന്ന കാര്യവുമല്ല . കാലങ്ങളായി മത നെത്രത്വവും രാഷ്ട്രീയ നെത്രത്വവും കാണിച്ച അനാസ്ഥ യാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത് . പക്ഷെ ഇനിയും മൌനം പാലിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഒരു സാമുഹിക പ്രസ്ഥാനത്തിന് സാധിക്കില്ല . അത് കൊണ്ടാണ് ഇപ്പോഴെങ്കിലും മുസ്ലിം ലീഗ് ഇടപെടാന്‍ തീരുമാനിച്ചത് . പാണക്കാട് കുടുംബത്തിനും മുസ്ലിം ലീഗിനും മുസ്ലിം സമുദായത്തിനിടയിലുള്ള വലിയ സ്വാധിനം കൊണ്ട് തന്നെ ലീഗിന്റെ ഇപ്പോഴത്തെ ഇടപെടല്‍ വലിയ സാമുഹിക മാറ്റ ത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത് .
രു ദിവസത്തെ ചെറിയൊരു ചടങ്ങ് കൊണ്ട് തീര്‍ന്നിരുന്ന കല്യാണ ങ്ങള്‍ ഒരു പതിറ്റാണ്ട് അധ്വാനിചാലും തീരാത്ത കടം ഉണ്ടാക്കുന്ന മാമൂലുകളുടെ യും കോപ്രായങ്ങളുടെ യും കളിയരങ്ങായി ഇന്ന് മാറിയിരിക്കുന്നു പണമുള്ളവന് ഉണ്ടാകുന്ന ആചാരങ്ങള്‍ , മാമൂലുകള്‍ അത് ഏറ്റു പിടിക്കാന്‍ നിര്‍ബന്തിനാകുന്ന ഇടത്തരക്കാരനും പാവപ്പെട്ടവനും . പാവപ്പെട്ടവര്‍ക്ക് നാല് ഭാഗത്ത് നിന്നും സഹായങ്ങള്‍ ലഭിക്കുകയെങ്കിലും ചെയ്യും . എന്നാല്‍ ഇടത്തരക്കാരനോ അതുമില്ല . .മാമൂലുകള്‍ നടത്തിയാണ് ഒരു മുസ്ലിം ഇടത്തരക്കാരന്റെ ജീവിതം തന്നെ തീരുന്നത് . ഇന്നലെ ചെയ്തൊരബദ്ധം ഇന്നത്തെ ആചാരമാകാം , നാള ത്തെ ശാസ്ത്രമാകാം എന്ന് കവി പാടിയതിന് സമാനമായ അവസ്ഥ യാണ് മുസ്ലിം സമുദായത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് .

ധൂര്‍ത്ത് ഇല്ലാതാക്കാന്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും . തങ്ങളുടെ മക്കളുടെ കല്യാണങ്ങള്‍ ലക്ഷങ്ങള്‍ പൊടിച്ച് ധൂര്‍ത്തില്‍ നടത്തുകയും അയലത്തെ പാവപ്പെട്ടവരുടെ കല്യാണ ത്തിനു ആയിരം രൂപ സഹായവും കൊടുത്താല്‍ പൂര്‍ത്തിയാകുന്നതല്ല സമ്പന്ന ന്റെ സാമുദായിക ബാധ്യത . സമ്പത്ത് അല്ലാഹു നല്‍കുന്ന അനുഗ്രഹം മാത്രമല്ല , വലിയ ഉത്തരവാദിത്വവും കൂടിയാണ് . ആരുടെ യും കഴിവ് കൊണ്ടല്ല ഒരാള്‍ സമ്പന്നന്‍ ആകുന്നത് . സമ്പത്തിന്റെ ഉറവിടം അല്ലാഹു മാത്രമാണ് . അവന്‍ ആര്‍ക്കെങ്കിലും സമ്പാദ്യം നല്‍കിയിട്ടുണ്ടെങ്കില്‍ അത്രത്തോളം ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട് . അത് കൊണ്ട് തന്നെ" എന്റെ പണം കൊണ്ട് ഞാന്‍ എങ്ങനെ എങ്കിലും കല്യാണം നടത്തുന്നതില്‍ മറ്റുള്ളവര്‍ക്കെന്താ" എന്ന ചോദ്യങ്ങള്‍ അല്ലാഹുവിനെ തന്നെ ധിക്കരിക്കുന്നതിനു സമാനമാണ് . മിതവ്യയവും ലാളിത്യവുമാണ് ഇസ്ലാം കല്‍പ്പിക്കുന്നത് . അത് പിന്തുടരാന്‍ സാമ്പത്തിക ശേഷി ഉള്ളവര്‍ തയ്യാറാകേണ്ടതുണ്ട്. ഞാന്‍ വലിയ സമ്പന്നന്‍ , പ്രമാണി , നേതാവ് പിന്നെങ്ങനെ കല്യാണങ്ങള്‍ ലളിത മായി നടത്താന്‍ സാധിക്കും എന്ന ചിന്ത അലട്ടുന്നവര്‍ പ്രവാചകര്‍ (സ ) മക്കളുടെ കല്യാണങ്ങള്‍ എത്ര ലളിത മായി നടത്തിയെന്ന് അന്വേഷിക്കുന്നത് നല്ലതാകും . മുഹമ്മദ്‌ നബി ( സ ) യോളം വലിയൊരു നേതാവല്ലല്ലോ ആരും .സമ്പത്തിന്റെ അഹങ്കാരത്തില്‍ സമുദായത്തിലെക്ക് നിക്ഷേപിക്കുന്ന പല മാമൂലുകളും അവരുടെ വ്യക്തിപരമായ കാര്യമായി മാത്രം അവശേഷിക്കുകയല്ല മറിച്ച് , ഇടത്തരക്കാരനും പാവപ്പെട്ടവനും ഏറ്റെടുക്കേണ്ട വിധത്തില്‍ ആചാരമായി മാറുന്നെന്നും പല വിധ കുറ്റ കൃത്യങ്ങളില്‍ മുസ്ലിം യുവാക്കളുടെ എണ്ണം കൂടി കൂടി വരുന്നതിനു പോലും അതൊരു ഘടകമായി മാറുന്നെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട് . കുറ്റ കൃത്യങ്ങളില്‍ മുസ്ലിം നാമധാരികളുടെ എണ്ണം കൂടി വരുന്നതിനെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ സമ്പന്നന്‍ കാട്ടി കൂട്ടുന്നത് പോലെ ആകാനുള്ള ത്വര യാണ് അടിസ്ഥാനപരമായി പ്രവര്‍ത്തിച്ചത് എന്ന് മനസിലാക്കാന്‍ സാധിക്കും .

കല്യാണ കാര്യം വരുമ്പോള്‍ നാട്ടുകാര്‍ എന്ത് പറയും എന്ന ചിന്താഗതി ആദ്യം തന്നെ ഇടത്തരക്കാരന്‍ മാറ്റി വെക്കട്ടെ . അവനവന്റെ സാമ്പത്തിക സ്ഥിതി യോട് കൂറ് പുലര്‍ത്തിക്കൊണ്ട് ചടങ്ങുകള്‍ ഉണ്ടാക്കുക . മാമൂലുകള്‍ ക്കല്ല പ്രാധ്യാന്യം കൊടുക്കേണ്ടത് . ഇസ്ലാമിക വിശ്വാസങ്ങള്‍ ക്കാണ് . പത്താളുകള്‍ വേണ്ട എന്ന് വെച്ചാല്‍ തീരുന്നതെ ഉള്ളൂ ഈ മാമൂലുകള്‍ . അതിലൊരാള്‍ ആകാന്‍ നിങ്ങളും മുന്നോട്ടു വരിക . ഒരു ദിവസത്തെ ചടങ്ങ് നടത്താന്‍ ഒരു പതിറ്റാണ്ട് കാലം അധ്വാനിച്ചാലും തീരാത്ത കടക്കാരനായി താന്‍ മാറണോ എന്ന് അവനവനോട് തന്നെ ചോദ്യങ്ങള്‍ ഉയരട്ടെ . വിവാഹ ധൂര്‍ത്തിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത് സ്ത്രീധനം തന്നെയാണ് . അതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണല്ലോ . കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍ സമ്പാദിച്ചത്‌ നല്‍കിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ ? എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള കേരളീയ മുസ്ലിം മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീര്‍ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍ തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം . നാട്ടിലെ റിലീഫ് കമ്മിറ്റികള്‍ തങ്ങളുടെ ഫണ്ടിന്റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നത് പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്താന്‍ വേണ്ടിയാണ് . കല്യാണ സഹായം എന്ന് പറഞ്ഞാല്‍ സ്ത്രീധനം നല്‍കാനുള്ള സഹായങ്ങള്‍ . ഇത്തരം കമ്മിറ്റികള്‍ ഒരു ഭാഗത്ത് സഹായം നല്‍കുമ്പോള്‍ തന്നെ മറു ഭാഗത്ത് സ്ത്രീധന ത്തിനും ധൂര്‍ത്തിനും എതിരെയുള്ള പ്രചാരണ ങ്ങളും നടത്തേണ്ടതുണ്ട് . അല്ലെങ്കില്‍ ഒരു സാമുഹിക ജീര്‍ണ്ണത എല്ലാ കാലത്തും നില നിര്‍ത്താന്‍ മാത്രമാകും ഇത്തരം കല്യാണ സഹായങ്ങള്‍ .

ഒരു മാറ്റം അനിവാര്യമാണ് . ആരാന്റെ ചിലവിലെ പുരോഗമാനമാണ് എല്ലാവര്ക്കും ആവശ്യം . അവരവരുടെ ചിലവിലെ മാതൃകകളാണ് സമുദായ നേത്രത്വത്തില്‍ നിന്ന് അടക്കം ഉണ്ടാകേണ്ടത്. മാറ്റം ഉണ്ടാക്കാന്‍ ഇനിയൊരു പ്രവാചകന്‍ മുസ്ലിം സമുദായത്തിലെക്ക് വരാനില്ല . ഒരു സമൂഹവും മാറുകയില്ല , അവര്‍ സ്വയം മാറണമെന്ന് ചിന്തിക്കുന്നത് വരെ എന്ന ഖുര്‍ആന്‍ വചനം മുസ്ലിം സമുദായത്തെ ചിന്തിപ്പിക്കണം . മുസ്ലിം യുവത്വം എവിടെയാണ് ?ശശി കല ടീച്ചറുടെ വര്‍ഗീയ പ്രസംഗം കേള്‍ക്കുമ്പോഴും , നസ്രിയ യോ അന്സിബയോ തട്ടമിട്ടിരുന്നോ ഇല്ലെയോ എന്ന് അന്വേഷിക്കുംബോഴും , ആര്‍ എസ് എസ് കാരന്റെ കൂടെ ആരെങ്കിലും ഒളിച്ചോടി പോയോ എന്ന് ആശങ്ക പ്പെടുമ്പോഴും, പച്ചത്തുള്ള നില്‍ അല്ലാഹുവിന്റെ പേര്‍ കാണുമ്പോഴും മാത്രം ഉണരേണ്ട ഒന്നല്ല മത വികാരം . സമുദായത്തിന്റെ ജീര്‍ണ്ണത കളോട് കലഹിക്കാനും ആ വികാരം ഉണരേണ്ടതുണ്ട് .




Wednesday, September 3, 2014

അത്ര നിക്ഷ്പക്ഷവും നിഷ്കളങ്കവും അല്ല ഫെയിസ്ബുക്കിലെ പല ചര്‍ച്ചകളും

ഇന്ത്യയിലെ ശൈശവ വിവാഹത്തെ കുറിച്ച് UNICEF കഴിഞ്ഞ ദിവസം ചില ഞെട്ടിക്കുന്നകാര്യങ്ങള്‍ പറയുകയുണ്ടായി. ഇനിയും അന്‍പതു വര്ഷം എങ്കിലും എടുത്താലെ ശൈശവ വിവാഹം ഇന്ത്യയില്‍ നിന്നും ഇല്ലാതാക്കാന്‍ പറ്റൂ എന്നാണു അവരുടെ വിലയിരുത്തല്‍ . കുട്ടിക്കല്യാണങ്ങള്‍ ഇല്ലാതാക്കാന്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും വര്ഷം ഒരു ശതമാനം എന്ന രീതിയിലെ അത് കുറഞ്ഞു വരുന്നുള്ളൂ , കടുത്ത അന്ധ വിശ്വാസങ്ങളും ആചാരങ്ങളും പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ച് വിടാന്‍ പ്രേരിപ്പിക്കുന്നു . ലോകത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന ആറാമത്തെ രാജ്യമെന്ന 'ഖ്യാതി' യും യുനിസെഫ്‌ ഇന്ത്യക്ക് നല്‍കുന്നുണ്ട് . കുട്ടിക്കല്യാ ണ ങ്ങള്‍ കൂടുതല്‍ നടക്കുന്ന എത്യോപ്യയില്‍ അതിന്റെ കാരണമായി അവിടത്തെ സാമുഹിക പ്രവര്‍ത്തകര്‍ വിലയിരുത്തിയത് ചെറിയൊരു സാമ്പത്തിക നേട്ട ത്തിന് വേണ്ടിയാണ് അവിടത്തെ ആളുകള്‍ പെണ്‍കുട്ടികളെ വളരെ നേരത്തെ കല്യാണം കഴിപ്പിച്ച് വിടുന്നതെന്നായിരുന്നു . തുടര്‍ന്ന് ശൈശവ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്ന മേഖലകളില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാതെ തന്നെ വരുമാനം ഉണ്ടാക്കാന്‍ പെണ്‍കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ ക്ക് ആടുകളെ വിതരണം ചെയ്യുകയും ആ പദ്ധതി ചില മാറ്റങ്ങള്‍ അവിടെ ഉണ്ടാക്കുകയും ചെയ്ത്രെത്രേ. ശൈശവ വിവാഹം ഇല്ലാതാക്കാന്‍ ഇന്ത്യയില്‍ ഇതിനേക്കാള്‍ മികച്ച പദ്ദതികള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നടത്തിയിട്ടും ഒന്നും എവിടെയും എത്തുന്നില്ല എന്നതാണ് യൂനിസെഫിന്റെ ഇപ്പൊഴത്തെ വിലയിരുത്തലില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുക . കേരളത്തിന് പുറത്ത് , പ്രത്വേകിച്ച് ഉത്തരെന്ധ്യയില്‍ ഹിന്ദു സമൂഹത്തിനിടയിലെ ജാതിയത യും അതുമായി ബന്ധപ്പെട്ട അന്ധ വിശ്വാസങ്ങളും ആണ് ഈ ശൈശവ വിവാഹങ്ങളുടെ തോത് കുറയാതെ നില്‍ക്കുന്നതിന്റെ അടിസ്ഥാന പ്രശ്നം . പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് തന്നെ വളരെ മോശം ഏര്‍പ്പാടായി കാണുന്ന സമൂഹങ്ങള്‍ വരെ ഉണ്ട് . ഹരിയാന യില്‍ ആണുങ്ങളുടെ തോതിന് അനുസരിച്ച് പെണ്ണുങ്ങള്‍ ഇല്ലാതായതും അവിടത്തെ ആണുങ്ങള്‍ കല്യാണം കഴിക്കാന്‍ കേരളത്തിലേക്ക് വരെ എത്തിപ്പെടുന്ന സാഹചര്യം വരെ ഉണ്ടാക്കിയത് അത്തരം അന്ധ വിശ്വാസങ്ങള്‍ ആയിരുന്നു .

എന്നാല്‍ കൌതുകകരമായ വസ്തുത , ശൈശവ വിവാഹങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിലയിരുത്തലുകള്‍ യുനിസെഫ്‌ ഇപ്പോള്‍ പുറത്ത് വിട്ടിട്ടും വലിയ ചര്‍ച്ച യാക്കാനോ , പ്രാധാന്യമുള്ള വാര്‍ത്തയാക്കാനോ കേരളത്തിലെ മാധ്യമങ്ങളോ , സോഷ്യല്‍ മീഡിയയോ തയ്യാറായില്ല എന്നതാണ് . മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച വിവാദം ഉണ്ടായ സമയത്ത് തിളച്ചു മറിഞ്ഞ ഫെയിസ്ബുക്ക് എന്തെ ഇപ്പോള്‍ മൌനമായി ? മാധ്യമങ്ങള്‍ ക്ക് എന്ത് കൊണ്ട് അപ്രധാനമായ കാര്യമായി ഇത്മാ റി?. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ വിഷയത്തെ മതപരമായല്ലാതെ സാമുഹിക പുരോഗതി യുമായി ബന്ധപ്പെടുത്തി മാത്രം ചര്‍ച്ച ചെയ്തവര്‍ ഉണ്ടായിരുന്നു . അവര്‍ക്ക് യൂനിസേഫി ന്റെ വിലയിരുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകാം . എന്നാല്‍ അന്ന് ഫെയിസ്ബുക്കില്‍ തിളച്ച് മറിഞ്ഞ പലരും മാപ്ലാരെ രണ്ടു തെറി വിളിക്കാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുക മാത്രമാണ് ചെയ്തത് . അവര്‍ക്ക് മറു തെറി യുമായി പല മാപ്ലാരും ഇപ്പുറത്ത് ഉണ്ടായിരുന്നു എന്നതും ഒരു വസ്തുത ആണെങ്കില്‍ കൂടി പല ചര്‍ച്ചകളും
ഫെയിസ്ബുക്കിലെ വിവാദങ്ങളും അത്ര നിക്ഷ്പക്ഷവും നിഷ്കളങ്കവും അല്ല എന്ന് പറയേണ്ടിയിരിക്കുന്നു.