പേജുകള്‍‌

Thursday, October 10, 2013

ഫയാസിന്റെ ഉമ്മയും സി എച്ചിന്റെ ഉമ്മയും







കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ എന്‍ ഐ എ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ കാശ്മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ , കണ്ണീരില്‍ കുതിര്‍ന്നു , വിതുമ്പി കൊണ്ട് അവര്‍ക്ക് ജീവപര്യന്തം മാത്രം പോരാ , വധ ശിക്ഷ കൂടി നല്‍കണം എന്ന പ്രതികരണം ഇന്നലെ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു . . നല്ല കാര്യത്തിനാണ് പറഞ്ഞു , ഖുറാന്‍ പഠിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞു കൊണ്ട് മകനെ കൂട്ടി കൊണ്ട് പോയി അവനെ ക്രൂര വിധിയിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ ഉള്ള ഒരു ഉമ്മയുടെ രോഷമായിരുന്നു ആ വാക്കുകള്‍ .ഒരു മകന്റെ മയ്യിത്തില്‍ അവസാന ചുംബനം നല്‍കാന്‍ പോലും സാധിക്കാത്ത വിധം ഹതഭാഗ്യയായ ആ മാതൃത്വത്തിന്റെ നോവ്‌ സമുദായത്തിനും സമൂഹത്തിനും വലിയ പാഠമാണ് .

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട്ട് വെച്ചു വേറൊരു ഉമ്മ കണ്ണീരോടെ പറഞ്ഞു " എന്റെ മകന്റെ മയ്യിത്ത് ഇവിടെ അത്തോളി യില്‍ തന്നെ കബര്‍ അടക്കണം ". മുസ്ലിം ലീഗിന്റെ മഹാനായ നേതാവ് സി എച്ചു മരണപ്പെട്ടിരിക്കുന്നു . വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും ആര്‍ക്കും സാധിച്ചില്ലെങ്കിലും അത് യാദര്ത്യം ആയിരുന്നു . സി എച്ചിന്റെ കര്‍മ്മ വേദി ആയിരുന്ന കോഴിക്കോട് നടക്കാവില്‍ കബറടക്കം നടത്താനായിരുന്നു മുസ്ലിം ലീഗ് നേതാക്കളുടെ തീരുമാനം . അതിന്റെ ആവശ്യകതയെ കുറിച്ചു ആ ഉമ്മയെ ബോധ്യപ്പെടുത്തുന്നതിനിടയില്‍ ആ ഉമ്മ പറഞ്ഞെത്രേ " പതിമൂന്നാമത്തെ വയസ്സിലാണ് പൊതു പ്രവര്‍ത്തനത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നിങ്ങള്‍ അവനെ കൂട്ടി കൊണ്ട് പോയത്‌ ,പിന്നെ എനിക്ക് നേരാം വണ്ണം എന്റെ മകനെ കാണാന്‍ പോലും സാധിച്ചിട്ടില്ല ". സി എച്ചു സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവിക്കുകയായിരുന്നല്ലോ .

ആ ഉമ്മയുടെ മകനെ ബാഫഖി തങ്ങള്‍ കൂട്ടി കൊണ്ട് പോയി അയച്ചത്‌ ജയിലിലേക്ക്‌ ആയിരുന്നില്ല , മറിച്ച് കേരളത്തിലെ ജാതി മതങ്ങള്‍ക്ക് അതീതമായി ലക്ഷക്കണക്കിനു ജനങ്ങളുടെ മനസ്സിലേക്ക്‌ ആയിരുന്നു . മുസ്ലിം ലീഗിന്റെ കോടി പിടിച്ചു , ആ പ്രസ്ഥാനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി ആ കൌമാരക്കാരന്‍ മുഖ്യ മന്ത്രി പദത്തില്‍ വരെ എത്തി . സമുദായത്തിന്റെയും സമൂഹത്തിന്റെയും കണ്ണിലുണ്ണിയായി . 1948 ഇല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് രൂപം നല്‍കുമ്പോള്‍ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ അതി ദയനീയം ആയിരുന്നു . വിഭജനത്തിന്റെ മുറിപ്പാടില്‍ തങ്ങളുടെ സ്വത്വത്തെ പോലും മറച്ചു പിടിക്കേണ്ടി വന്നിരുന്ന ദയനീയ സാഹചര്യം . അന്ന് ഖായിദെ മില്ലത്തും , സീതി സാഹിബും ബാഫഖി തങ്ങളും ഈ സമുദായം അനുഭവിക്കുന്ന വേദനകളെ ചൂണ്ടി കാണിച്ചു കൊണ്ട് അന്നത്തെ ചെറുപ്പക്കാര്‍ക്ക് പാതിരാ ക്ലാസും ആയുധ പരിശീലനവും രാജ്യ ദ്രോഹത്തിന്റെ മന്ത്രങ്ങളും അല്ലായിരുന്നു നല്‍കിയത്‌ . മറി ച്ചു പ്രശ്നങ്ങള്‍ ഉണ്ട് , അത് നമുക്ക് പരിഹരിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ആയിരുന്നു നല്‍കിയത്‌ . ജനധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടുന്ന ഒരു സമൂഹത്തെ അവര്‍ വാര്‍ത്തിയെടുത്തു. ഈ സമുദായത്തിന്റെ തല വര അവര്‍ മാറ്റി മരിച്ചു . അന്ന് അവരുടെ വിളി കേട്ട കേരളത്തിലെയും , തമിഴ് നാട്ടിലെയും മുസ്ലിംകളുടെ ഇന്നത്തെ ജീവിതം വലിയ തെളിവായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു . ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയമായിരുന്നു അവര്‍ മുസ്ലിം സമുദായത്തിന് പഠിപ്പിച്ചു നല്‍കിയത്‌ .ആ അത്മവിശ്വസത്തിലൂടെ അവര്‍ മുന്നേറ്റങ്ങള്‍ നടത്തി .

ഇന്നും ഇന്ത്യയിലെ മുസ്ലിംകള്‍ പരശ്ശതം പ്രശ്നങ്ങള്‍ അനുഭവിക്കുന്നു . അതിനെയൊന്നും നിസ്സാരവല്‍ക്കരിക്കുന്നില്ല . പക്ഷെ പ്രശ്നങ്ങള്‍ ഇല്ലാത്ത സമൂഹങ്ങളോ രാജ്യങ്ങളോ ഇന്നുണ്ടോ ? ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങലെക്കാള്‍ മുസ്ലിം രാജ്യങ്ങളില്‍ പോലും മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് . അത് കൊണ്ട് തന്നെ അപകര്‍ഷത ബോധത്തിന്റെ രാഷ്ട്രീയവുമായി മുസ്ലിം കൌമാര -യുവാക്കളില്‍ പൊതു ധാരയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുനന്വരെ ഒറ്റപ്പെടുത്തണം . ഫയാസിന്റെ ഉമ്മമാര്‍ ഇനി ഈ സമുദായത്തില്‍ ഉണ്ടാകരുത് . ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്‌ . രാജ്യത്തെ മതേതര വിശ്വാസികളെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ കൂടുതല്‍ സജീവമായി ഇടപെട്ടു മുസ്ലിം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികളിലെക്കും , അതിനു വേണ്ടി കാലം കരുതുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുവാനുമാണ് മുസ്ലിം യുവാക്കള്‍ മുന്നോട്ടു വരേണ്ടത് .

1 comment:

  1. സത്യത്തിൽ തീവ്രവാദ പ്രവർതനത്തിന് (രാജ്യത്തിൻൻറെ നില നില്പിന് ഭീഷണിയാകുന്ന രീതിയിൽ വിധ്വംസക പ്രവർത്തനത്തിന്) പോയിട്ടുണ്ടെങ്കിൽ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടതാണ് എന്നതിൽ സംശയമില്ല എങ്കിലും അതിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഏതൊക്കെ എവിടെ നിന്നൊക്കെ ചരട് വലി നടന്നു അവരെ ബ്രെയിൻ വാഷ്‌ ചെയ്ത് സെയ്കോളജിക്കലായി ഗ്രൂപ്പ്‌ ഡെയിനാമിക്സേഷൻ നടത്തിയത് ആര് അവരെ നിയമത്തിന് മുന്നില് കൊണ്ട് വരാൻ ആ മാതാവിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുകയാണ് വേണ്ടത്

    ReplyDelete