പള്ളി കുളക്കടവില്‍ ഏകനായി ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കുമ്പോള്‍ ഇത്രയും വലിയ ദുഃഖം അദ്ദേഹം അനുഭവിക്കുന്നുണ്ടെന്ന് കരുതിയിരുന്നില്ല . ഗള്‍ഫിന്നു വിസ ക്യാന്‍സല്‍ ചെയ്താണ് വന്നതെന്ന് അറിയാമായിരുന്നു , അതിനെ ചുറ്റി പറ്റിയുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് അദ്ദേഹം അദ്ദേഹത്തിന്‍റെ അപ്പോഴത്തെ അവസ്ഥ എന്നോട് പറഞ്ഞത് . എല്ലാം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊരു ആശ്വാസം, ആരോടെങ്കിലും തങ്ങളുടെ വിഷമങ്ങള്‍ തുറന്നു പറഞ്ഞാല്‍ കിട്ടുന്ന ഒരു ആശ്വാസം അദ്ദേഹത്തിന്‍റെ മുഖത്ത് ഞാന്‍ കണ്ടു .
അദ്ദേഹത്തിന് ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു . അല്ലെങ്കിലും ഗള്‍ഫിലെ ജോലിക്കൊന്നും ഒരിക്കലും ഒരു സുരക്ഷിതത്വവും ഇല്ല . ജോലി നഷ്ടപ്പെടുന്നത് വരെ ഈ ഒരു സുരക്ഷിതത്വത്തിന്റെ പ്രശ്നത്തെ കുറിച്ചു ആരും ചിന്തിക്കാറുമില്ല . പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്നപ്പോള്‍ മനസ്സ് നിറയെ ഭാവിയെ കുറിച്ചുള്ള ആശങ്കകളായിരുന്നു , ഇനിയെന്ത് ജോലി ചെയ്യും , എങ്ങനെ കുടുംബത്തെ നോക്കും , കടങ്ങള്‍ എങ്ങനെ വീട്ടും എന്നൊക്കെയുള്ള ചിന്തകള്‍ .ഈ ആശങ്കകള്‍ സ്വന്തം വീട്ടിലും പങ്കു വെക്കുമ്പോള്‍ അവിടുന്നു കിട്ടിയ മറുപടി അദ്ദേഹത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ് . "ഇത്രയും കാലം ഗള്‍ഫില്‍ നിന്നിട്ട് എന്താ ഉണ്ടാക്കിയെ, എന്തേലും ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പൊ ഇങ്ങനത്തെ അവസ്ഥ വരുമോ '" എന്ന ചോദ്യമത്രേ വീട്ടില്‍ നിന്നും കിട്ടിയത് . ഗള്‍ഫില്‍ പോയി സമ്പന്നരായി വന്ന അയല്‍പക്കത്തെയും , കുടുംബത്തിലെയും പലരെയും താരതമ്യപ്പെടുത്തി അവരൊക്കെ അത് ഉണ്ടാക്കിയില്ലേ, ഇത് ഉണ്ടാക്കിയില്ലേ എന്നൊക്കെ യുള്ള വിശദികരണവും .
ഇരുപതു വര്‍ഷത്തോളം അദ്ദേഹം ഗള്‍ഫു പ്രവാസിയായിരുന്നു . അതിനിടയില്‍ രണ്ടു വര്‍ഷത്തേക്ക് കിട്ടുന്ന രണ്ടു മാസത്തെ ലീവാണ് അദ്ദേഹത്തിനു ആകെയുള്ള ആശ്വാസമോ , ജീവിച്ചെന്നോ പറയാനുള്ള സമയം . ഒരു സാധാരണ ജോലി യായിരുന്നു അദ്ദേഹത്തിനുണ്ടയിരുന്നത് . തന്റെ ചിലവും കഴിച്ചു , ചിലപ്പോള്‍ അതില്‍ നിന്നും മിച്ചം പിടിച്ചു അദ്ദേഹം തനിക്ക് കിട്ടിയ വരുമാനം മുഴുവനും കുടുംബത്തിലേക്ക് തന്നെയായിരുന്നു അയച്ചത് , വേറെ ദുശ്ശീലങ്ങള്‍ പോലും ഉണ്ടായിരുന്നില്ല . കുടുംബത്തിലേക്ക് അയച്ച പൈസ എന്ത് ചെയ്യുന്നു എന്ന് പോലും അന്വേഷിക്കാന്‍ മെനക്കെടാത്ത ഒരു പാവം മനുഷ്യന്‍. അദ്ദേഹത്തിനു ഗള്‍ഫില്‍ പോയിട്ട് സമ്പന്നന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല ,പക്ഷെ അദ്ദേഹവും ഒരു മനുഷ്യനാണ് , കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ള മനുഷ്യന്‍ . ആ ചോദ്യങ്ങള്‍ അതിന്റെ വ്യാപ്തി അറിഞ്ഞു കൊണ്ടായിരിക്കില്ല ഒരു പക്ഷെ അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ പോലും ചോദിച്ചിട്ടുണ്ടാവുക . ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചു അവസാനം കിട്ടുന്ന ഇത്തരം വാക്കുകള്‍ തന്നെ മതി ഒരാളെ തളര്‍ത്താന്‍. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലാ പ്രവാസികളുടെ കുടുംബത്തില്‍ നിന്നും ഉണ്ടാകും എന്നല്ല , മറിച്ചു നാം അറിഞ്ഞും അറിയാതെയും നമ്മുടെ ചുറ്റുപാടില്‍ ഇത് പോലെയോ അല്ലാതെയോ പ്രവാസികള്‍ വേദനിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ് . ഇത്തരം ചോദ്യങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും എപ്പോഴും പതുങ്ങിയിരിക്കുന്നു .
വിജയിച്ച പ്രവാസികള്‍ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു , അവര്‍ക്കായി പ്രവാസി ദിനങ്ങള്‍ നടത്തപ്പെടുന്നു , മണി മാളികകളും , ആഡംബര വാഹനങ്ങളും , സ്വത്തുക്കളും ഒക്കെ അവരുടെ പ്രവാസത്തെ പ്രതിനിധീകരിക്കുന്നു . എല്ലാ പ്രവാസികളുടെയും കുടുംബങ്ങളും , സമൂഹവും ഒരു പ്രവാസിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതൊക്കെയാണ് . പക്ഷെ ബഹു ഭൂരിപക്ഷവും പരാജയപ്പെട്ട പ്രവാസികളാണ്. ജീവിക്കാനുള്ള വരുമാനം മാത്രം നേടിയവര്‍. സ്വത്തും സമ്പാദ്യവും ഉണ്ടാക്കാന്‍ പറ്റാത്തവര്‍. അസുഗവും, കട ബാധ്യതകളും കൊണ്ട് നാട്ടിലേക്ക് തിരിച്ചു വന്നവര്‍ . നല്ലൊരു കാലം പ്രവാസിയായി കഴിഞ്ഞിട്ട് നാട്ടിലേക് തിരിച്ചെത്തുമ്പോള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പലപ്പോഴും ഇവര്‍ ഒറ്റപ്പെടെണ്ടി വരുന്നു. ജീവിതത്തിന്റെ സായാഹ്നത്തില്‍, പിന്നിട്ട യൌവ്വനം ജീവിക്കാന്‍ പറ്റാതെ പോയല്ലോ എന്ന നിരാശ കൂടി അവരെ പിടി കൂടാന്‍ ഇതൊക്കെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . കുടുംബം കൂടി നേരായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കില്‍ പരാജയപ്പെട്ട പ്രവാസി ഒരു ദുരന്തമാണ് .
പ്രവാസികള്‍ പലപ്പോളും ഉപയോഗശൂന്യമായ മാലിന്യങ്ങളായി പുറംതള്ളപ്പെടുകയാണ് ഗള്‍ഫു രാജ്യങ്ങള്‍ അടക്കുമുള്ള പ്രവാസികള്‍ വാഴുന്ന നമ്മുടെ സ്വന്തമല്ലാതെ സ്വന്തമായ രാജ്യങ്ങളില്‍ നിന്നും ,
ReplyDeleteഎന്തുകൊണ്ട് പ്രവാസി പ്രശ്നങ്ങള്‍ ഇത്രയും ഗൌരവമയ സാമൂഹിക ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നു എന്ന് ചിന്തിച്ചാല്‍ ആദ്യമേ മനസ്സിലെത്തുക , പ്രവാസിയുടെ അതിരുകടന്ന ആഡംബര , അനുകരണ മോഹം തന്നെയാണ്
ഞാന്‍ അടക്കമുള്ള പ്രവാസികള്‍ , ജോലിയുടെ സുരക്ഷിതത്വം മറന്നുകൊണ്ടാണ് പലപ്പോളും പണം ദുര്‍വ്യയം ചെയ്യുന്നത് , വല്ലപ്പോളും നാട്ടില്‍ ചെല്ലുമ്പോള്‍ കാണിച്ചുകൂട്ടുന്ന ' പ്രവാസി ജാഡ ' മറ്റൊരു വില്ലനാണ് , നമ്മുടേത് അടക്കമുള്ള കുടുംബങ്ങളില്‍ ഈ ' പ്രവാസി ജാഡ ' വരുമാനത്തെ കുറിച്ചുള്ള തെറ്റായധാരണ ഉണ്ടാക്കിയെടുക്കുകയും
നമ്മളായിതന്നെ അവര്‍ക്ക് കൊടുത്ത ആ ജാഡയുടെ വടി നമ്മളെ തന്നെ അടിക്കുകയും ചെയ്യും
അങ്ങിനെ മൊത്തത്തില്‍ പ്രവാസികളായി ഉണ്ടാക്കിയെടുത്ത ഓരോ വിഷമതകള്‍ തന്നെയാണ് ഇന്നത്തെ പ്രവാസ ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ..
പ്രവാസികളുടെ വിവാഹങ്ങളില്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ നാളെയൊരു സമൂഹത്തെമുഴുവനായി ബാധിക്കുന്ന മറ്റൊരു ദുരന്തമായി വരാനിരിക്കുന്നതെയുള്ളൂ ,
പ്രവാസികള്‍ ഒരു സത്യം തിരിച്ചറിയുക ജീവിതത്തില്‍ ഒരിക്കല്‍പോലും പ്രവാസികളായിട്ടില്ലാത്ത എത്രയോ മനുഷ്യര്‍ വളരെ മാന്യമായി നാട്ടില്‍ ജീവിക്കുന്നുണ്ട് ,
രണ്ടു കൊല്ലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ഒരു തവണത്തെ അവധിക്ക് നാട്ടില്‍പോയി ചിലവഴിച്ചു തീര്‍ത്താല്‍ , കടല്‍ കടന്നു പോന്നതിനു ഒരു ഗുണവും ഉണ്ടാകില്ല , വീടും , കുടുംബവും , നാടും , കൂട്ടുകാരും ഒന്നുമില്ലാതെ കഷ്ടപ്പെടുന്നത് ഒരു ചെറിയ അവധിആഘോഷത്തിനു വേണ്ടിയല്ലല്ലോ ..
പണിയും , കൂലിയും ഉണ്ടായിട്ടും ഒന്നും നേടാത്ത പ്രവാസികള്‍ ഇഷ്ടംപോലെയുണ്ട് പ്രവാസലോകത്ത് അവര്‍ ഇനിയെങ്കിലും തിരിച്ചറിയുക ... ഒരു മാലിന്യമായി പുറംതള്ളപ്പെടുന്നതിനു മുമ്പ്
PRAVAASI ORU PRAYAASEEEE
ReplyDelete