പേജുകള്‍‌

Saturday, September 29, 2012

ഇയാള്‍ മരിക്കാന്‍ കാത്തിരിക്കുകയാണോ മനുഷ്യാവകാശം പ്രസംഗിക്കാന്‍ ?

വീണ്ടും അബ്ദുല്‍ നാസര്‍ മദനി മനുഷ്യാവകാശ ലംഖനത്തിന്റെ  നിറഞ്ഞ  രൂപമായി നമുക്ക് മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കുമ്പോള്‍ നമ്മുടെ നിസ്സംഗത  നമ്മെ  തന്നെ കൊഞ്ഞനം കുത്താത്തത്‌ എന്ത്  കൊണ്ടാണ്  ?  അദ്ദേഹം മരിക്കാനാണോ  നമ്മള്‍ കാത്തിരിക്കുന്നത് മനുഷ്യാവകാശത്തെ കുറിച്ചു പ്രസംഗിക്കാന്‍ ?, ന്യൂസ് ഹവറില്‍ ചര്‍ച്ച നടത്താന്‍ ? എസ് .എം . എസ് പോളില്‍  വോട്ടിടാന്‍ ? ഫേസ് ബുക്കിലെ വാളില്‍ കണ്ണീര്‍ പൊഴിക്കാന്‍ ?

അബ്ദുല്‍ നാസര്‍ മദനി  ഉയര്‍ത്തിയ രാഷ്ട്രീയത്തോടും  , അതിന്റെ വഴികളോടും  ഒരു യോജിപ്പുമില്ല , ഇന്ത്യന്‍ മുസ്ലിംകളുടെ രക്ഷക്ക് അതൊരു പരാജയപ്പെട്ട  രാഷ്ട്രീയമാണെന്ന്   വിലയിരുത്താന്‍ അദ്ദേഹം തന്നെ വലിയൊരു ഉദാഹരണമാണ്  .  മുസ്ലിംകളുടെ മേല്‍ തീവ്രവാദ പട്ടം ചാര്‍ത്താന്‍ വെമ്പല്‍ കൊണ്ട് നടന്നവര്‍ക്ക് മുന്നില്‍ ' വലിയ തീവ്രവാദ '  ചായ  ഉണ്ടാക്കി  സ്വയം കുഴിയില്‍ പോയി വീഴാനേ  ആ രാഷ്ട്രീയ ധാര ഉപകാരപ്പെട്ടിട്ടുള്ളൂ   എന്നതില്‍ കവിഞ്ഞു  മുസ്ലിംകള്‍ക്കോ   , പൊതു സമൂഹത്തിനോ ആ രാഷ്ട്രീയ ധാര കൊണ്ട് ഒരു ഗുണവും ലഭിച്ചിട്ടില്ല . ഓരോ തിരഞ്ഞെടുപ്പ് കാലത്തും പുതിയ 'ഗാന്ധിജിയായും' , 'സഹതാപ തരംഗ'മായും, 'തീവ്രവാദി' യായും   ബഹളം നിറഞ്ഞ ഒരു വിഷയം മാത്രമായിരുന്നു   മദനി



പ്രശ്നങ്ങളെ  കൈകാര്യം ചെയ്യുന്നതില്‍  അദ്ദഹത്തിന്റെ വ്യക്തിത്വത്തിലെ പരിമിതികളും  , പ്രശ്നങ്ങളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ കഴിവും  യദാര്‍ത്വത്തില്‍ അദ്ദേഹത്തിനു വിനയാവുകയും   മറ്റുള്ളവര്‍ പരമാവധി  അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കുകയും ചെയ്തു .

 
ആരായാലും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്കെതിരായി  പ്രവര്‍ത്തിച്ചെന്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം . ഒരുപാട് വിരോധാഭാസങ്ങള്‍  ഉന്നയിക്കപ്പെടുന്ന ഒരു കേസിലെ   കുറ്റാരോപിതന്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍.  വിചാരണ തടവുകാരനായി , വിദഗ്ധ ചികില്‍സ പോലും നേരാം വണ്ണം ലഭിക്കാതെ ഇനിയും എത്ര വര്‍ഷങ്ങള്‍ അദ്ദേഹം ജയില്‍വാസം തുടരേണ്ടി വരും ...? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു .  പ്രധാനമായും വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി  നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു , ഇപ്പോള്‍ ഇടതു കണ്ണിന്റെ കാഴ്ച കൂടി നശിക്കുന്നതിലേക്ക് അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ മോശമായിരിക്കുന്നു എന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കുന്നു .   ആരോപിക്കപ്പെടുന്ന കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ കാലാവധി വിചാരണ  തടവുകാരനായിട്ടു  തന്നെ അനുഭവിക്കേണ്ടി വരുന്ന ദുരന്തത്തെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ?


കഴിഞ്ഞ കാല അനുഭവങ്ങള്‍ വളരെ ദുഖകരമായിരുന്നല്ലോ .  ഒരു മനുഷ്യ ജീവിതത്തിന്റെ യുവത്വം തുളുമ്പിയ  പത്തു  വര്‍ഷം  ഇത് പോലെ വിചാരണ  തടവുകാരനായി  ജയിലറകളില്‍   ഹോമിക്കേണ്ടി വന്നു .  ഒടുവില്‍ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കുമ്പോള്‍ നമ്മള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി പിടിക്കുന്ന മൌലികാവകാശങ്ങളുടെ   പരിശുദ്ധി തകര്‍ന്നടിഞ്ഞു പോയി .  


തീവ്രവാദി പട്ടം ചാര്‍ത്തി കൊടുത്താല്‍ , അത്തരം പ്രചാരണത്തില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നാല്‍ , വേറെന്ത് പീഡനം സഹിക്കേണ്ടി വന്നാലും അതൊക്കെ അവനു വേണ്ടതാണ് , അനുഭവിക്കെണ്ടതാണ്  എന്ന പൊതു ബോധം  അറിഞ്ഞോ , അറിയാതെയോ കേരളീയ സമൂഹത്തിലും വേരൂന്നി  കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണം തന്നെയാണ് ഇപ്പോള്‍  മദനി വിഷയത്തില്‍ കാണുന്ന  നിസ്സംഗത .  ആ നിസ്സംഗത  അദ്ദേഹത്തെ , അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ മാറി , മാറി ഉപയോഗിച്ചവരെ പോലും ആഴത്തില്‍           ബാ ധിച്ചിരിക്കുന്നു  .  പൊതു ധാരയില്‍ ആദ്യ കാലത്ത് രൂക്ഷമായ പ്രസംഗങ്ങളിലൂടെ (പിന്നീട് അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞ)  ഉണ്ടാക്കിയ,   മോശം  ' ഇമേജ് ' ഈ നിസ്സംഗതയെ സ്വാധിനിച്ചിട്ടുണ്ട്  എന്നതും ഒരു  യാദാര്‍ത്യമാണ്   .  ന്യൂനപക്ഷ രാഷ്ട്രീയം പൊതു ധാര യെ വിശ്വസത്തിലെടുത്തിട്ടു വേണം മുന്നോട്ടു പോകാന്‍ എന്ന ഒരു   പാo വും ഇതോടൊപ്പം  വായിക്കപ്പെടെണ്ടതുണ്ട്  .


വിചാരണ തടവുകാരനായി പത്തു  വര്‍ഷം   , അതും തന്റെ നിറഞ്ഞ യൗവ്വനത്തില്‍ . ഒടുവില്‍ നിരപരാധി എന്ന വിധി വരുമ്പോഴേക്കും ഒരു വ്യക്തി ജീവിതത്തിലെ നല്ലൊരു കാലം പൂര്‍ത്തിയായിരുന്നു .  പത്തു  വര്‍ഷം അന്യായമായി തടവിലിടാന്‍  വ്യവസ്ഥിതി ഉള്ള നാട്ടില്‍ ഒരു വ്യക്തിക്ക് നഷ്ടപ്പെട്ടു പോയ ഒരു കാലത്തിനു പകരം  നഷ്ട പരിഹാരം നല്‍കാന്‍ ഒന്നുമുണ്ടായിരുന്നില്ല , ഒരു കടലാസ്സു മിടായി പോലും . തീവ്രവാദി എന്ന പേരില്‍    കേവലം പതിനാലു ദിവസം അന്യായമായി തടവില്‍ കിടക്കേണ്ടി വന്ന ഡോക്ടര്‍  ഹനീഫിനോട് ആസ്ട്രേലിയന്‍  പ്രധാനമന്തി തന്നെ  മാപ്പ് പറഞ്ഞ അനുഭവങ്ങള്‍ ഈ ലോകത്തുണ്ട് . ചാര കേസിന്റെ പേരില്‍ 'വ്യക്തിത്വം' വ്യഭിജരിക്കപ്പെടുകയും , പിന്നീട് നിരപരാധി എന്ന് ഭോദ്യപ്പെടുകയും ചെയ്യപ്പെട്ട തമ്പി നാരായണും , അദ്ദേഹത്തിന് നഷ്ട പരിഹാരം നല്‍കേണ്ടതുണ്ടെന്ന  അടുത്തുണ്ടായ കോടതി വിധിയുമൊക്കെ  എല്ലാ തരത്തിലും ഉണ്ടാകുന്ന അന്യായമായ പീഡനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന നമ്മുടെ സമീപനങ്ങളെ  തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്   .  


നഷ്ടപ്പെട്ടത്‌ ആ കുടുംബത്തിനായിരുന്നു , ഒരു മകനെ , പിതാവിനെ , ഭര്‍ത്താവിനെ. ഏത്   അളവ് കോല്‍ വെച്ചാണ് ആ നഷ്ടങ്ങളെ നമുക്ക് തിട്ടപ്പെടുത്താന്‍ പറ്റുക  ? ഇതേ ദുരന്തം തന്നെ ഈ കേസിലും ആവര്‍ത്തിക്കപെടുമോ എന്ന ആശങ്ക ഉയര്‍ന്നു വരുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ?


2006 ല്‍   ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം കേരള  പോലീസിന്റെ  സുരക്ഷയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം , കുടകില്‍ പോയി ബംഗളുരു  സ്ഫോടനത്തിനു പദ്ധതി ഇട്ടു എന്ന് തുടങ്ങി  പിന്നീടങ്ങോട്ടുള്ള  യുക്തിക്ക് പോലും നിരക്കാത്ത  ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ ജയില്‍ വാസം  അനുഭവിക്കുന്നത് .  തെഹല്‍ക ഈ കേസിലെ ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു കൊണ്ട് വന്നപ്പോള്‍ അതിനു നേത്രത്വം നല്‍കിയ   മാധ്യമ പ്രവര്‍ത്തക ഷാഹിനയും തീവ്രവാദി ആയി .  ഒരു തീവ്രവാദി പട്ടം എങ്ങനെയാ ഉണ്ടാക്കപ്പെടുന്നത് എന്ന് ഷാഹിന  ഈ കേസിന്റെ പിറകില്‍ പോയപ്പോള്‍ ഉണ്ടായ   തന്റെ അനുഭവത്തിലൂടെ പിന്നീട് വ്യക്തമാക്കി .  


  അദ്ദേഹത്തിന്‍റെ  രാഷ്ട്രീയവും , ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളുടെ മെരിറ്റും , ഡി മേരിട്ടിനുമപ്പുറത്തു  ഒരു മനുഷ്യാവകാശ പ്രശ്നമായി അദ്ദേഹംനമ്മുടെ മുന്നില്‍ നില്‍ക്കുന്നുന്ടെന്ന സത്യത്തിന്  മുന്നില്‍ നമുക്ക് കണ്ണടക്കാന്‍ സാധിക്കില്ല . അദ്ദേഹം നിരപരാധി ആയിരിക്കാം , അല്ലാതിരിക്കാം . പക്ഷെ ജാമ്യം പോലും നല്‍കാതെ  , ചികില്‍സക്ക് പോലും അവസരം കൊടുക്കാതെ  ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത് , അതും പത്തു വര്‍ഷം   ഇത് പോലെ പീഡിപ്പിച്ച് നിരപരാധി എന്ന് പറഞ്ഞു വിട്ടയച്ച ഒരാളെ , ഇയാള്‍ക്ക് മാത്രം ഇങ്ങനെ വിധി ഉണ്ടാകുന്നത് എങ്ങനെ ? ഉണ്ടാകപ്പെടുന്നത് എങ്ങനെ ?  പൊതു സമൂഹത്തിന്റെ നീതി ബോധത്തിനു നേരെ ഉയരുന്ന ഈ ചോദ്യത്തിന് ഉത്തരം ഉണ്ടായേ മതിയാവൂ .    

No comments:

Post a Comment