ഭ്രാന്ത് പിടിപ്പിക്കുന്ന അക്കൌണ്ടിംഗ് വര്‍ക്കുകള്‍ക്കിടയില്‍ മനസ്സ് തെന്നി , തെന്നി നാട്ടിലേക്ക് ....നാടും നാട്ടാരും , വീടും , വീട്ടാരും. മഴയില്‍ തണുത്തു എന്റെ കോട്ടപ്പുറം...നിര്‍ത്താതെ പെയ്യുന്ന മഴ തേജസ്വിനി പുഴയുടെ ഒഴുക്കിന്റെ താളം നഷ്ടപ്പെടുത്തിയിരിക്കുന്നു....മഖ്ദൂം പള്ളിയിലെയും , ഇടത്തര പള്ളിയിലെയും കുളങ്ങള്‍ നിറഞ്ഞു കവിഞ്ഞു പടിക്കെട്ടുകള്‍ പോലും മൂടിയിരിക്കുന്നു. ....
തന്റെ നാട് ....കുടുംബം , നല്ല സൌഹൃദങ്ങള്‍...ഗൃഹാതുരത്വം നല്‍കുന്ന കുറേ ആഗോഷങ്ങള്‍ ...പ്രവാസം തനിക്കെന്തെല്ലാം നഷ്ടപ്പെടുത്തുന്നു എന്നോര്‍ക്കുമ്പോള്‍..........
താന്‍ എന്നും കണ്ടാസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന മഴയെന്ന പ്രതിഭാസം.........ജീവിതത്തില്‍ ആദ്യമായിട്ടാണ് മഴക്കാലം നഷ്ടപ്പെടുന്നത് ...... നാട്ടില്‍ തിമിര്‍ത്തു പെയ്യുന്ന മഴയുടെ കുളിര് ഇവിടെ മരുഭൂമിയിലെ ചൂടിനെ എന്നില്‍ നിന്നകറ്റി....ഇനിയെത്ര മഴക്കാലം എനിക്ക് നഷ്ടപ്പെടാനിരിക്കുന്നു....??
റാഷിദ് ആണ് ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് എന്നെ വലിച്ചിട്ടത്. രാവിലെ എണീറ്റപ്പോള്‍ അവന്റെ മിസ്ഡ് കോള് കിടപ്പുണ്ട്......തിരിച്ചു വിളിച്ചപ്പോള്‍
" എടാ നാട്ടില്‍ കിടിലന്‍ മഴ പെയ്യാടാ ...കുളവും , പുഴയൊക്കെ നിറഞ്ഞു കവിഞ്ഞു.....നീന്തി ചാടി കുളിക്കാനോക്കെ കൊതിയാവ്വാടാ....."
അവന്റെ സ്വരത്തിലും നഷ്ടങ്ങളുടെ വേദന......
വര്‍ഷങ്ങളുടെ പഴക്കമുള്ള തന്റെ തറവാട് വീട്....രാവിലെ തൊട്ടു അവിടെ ആരംഭിക്കുന്ന തന്റെയും , കൂട്ടുകാരുടെയും കളികള്‍ ....മിക്കവാറും മഗ്രിബ് ബാങ്ക് കൊടുക്കുമ്പോള്‍ പുഴക്കരയില്‍ ആണ് അത് അധികവും അവസാനിക്കുന്നത്.
പഴയ കാല ഓര്‍മകളില്‍ ആദ്യം കടന്നു വരുന്നത് ഉമ്മുമ്മ ആണ്....ഞങ്ങളെയൊക്കെ ലാളിച്ചു , തുണി കൊന്തലയില്‍ പെട്ടിയുടെയൊക്കെ താക്കോല്‍ ഇറുക്കി ബൈതും ,നാടന്‍ ചൊല്ലുകളും സദാ ചൊല്ലി........
" നാണിച്ചു നാണിച്ചു നരകത്തിലേക്ക് ...ചോദിച്ചു , ചോദിച്ചു സ്വര്‍ഗത്തിലേക്ക് .."...ദുനിയാവും , ആഖിരവും വിജയിക്കാന്‍ ഉമ്മുമ്മ എന്നും ഉപദേശിക്കുന്ന ഒറ്റമൂലി...
പഴയ കാര്യങ്ങള്‍ വേദനിപ്പിക്കുമ്പോഴും വല്ലാത്തൊരു സുഖം സമ്മാനിക്കുന്നത് പോലെ....
ലഞ്ച് ബ്രെയ്ക്കിനു ഓഫീസില്‍ നിന്നിറങ്ങിയാല്‍ കുറച്ചു സമയം തന്റെ ഏകാന്തതയിലേക്ക് കടക്കാം എന്ന ആശ്വാസം ആയിരുന്നു ....ഈ ഏകാന്തവാസം തന്നെ ഒരു എഴുത്തുകാരന്‍ ആക്കും എന്ന് കൂട്ടുകാര്‍ കളിയാക്കുമ്പോഴും എനിക്കിതൊരു ഏകാന്ത വാസം ആയി തോന്നിയിട്ടില്ല .....പലപ്പോഴും മനസ്സിത് ആസ്വദിച് കൊണ്ടേ ഇരിക്കുന്നു ......
റൂമിലെത്തി ഫുഡും കഴിച്ചു ചെറിയൊരു മയക്കം പതിവുള്ളതാണ്....കണ്ണടച്ച് കിടന്നിട്ടും ഉറക്കം ,തന്നെ എത്തി നോക്കാന്‍ പോലും കൂട്ടാക്കിയില്ല......മനസ്സിലേക്ക് കടന്നു വന്നത് പത്തു പതിനഞ്ചു കൊല്ലം പഴക്കമുള്ള കുറേ ചിത്രങ്ങള്‍..നീളം കുറഞ്ഞ നിക്കറും , കുട്ടിക്കുപ്പായവും ഇട്ട കുറേ വികൃതി പിള്ളേര്‍....കൂട്ടത്തില്‍ എന്റെ കുഞ്ഞു മനസ്സും കവര്‍ന്നു ദൂരെ മറഞ്ഞ അവള്‍....
കളിയും , കൂട്ടുകാരുമൊക്കെ കുറേ ഉണ്ടെങ്കിലും വീട്ടിലെത്തിയാല്‍ സങ്കടം തോന്നും. വീട്ടില്‍ അംഗങ്ങള്‍ ഒക്കെ ഒരുപാട് ഉണ്ട്. ഉമ്മുമ്മ , ഉപ്പ , ഉമ്മ , ഏട്ടന്മാര്‍, പെങ്ങന്മാര്‍ ..ഉമ്മാന്റെ അനിയത്തി ...അവരുടെ മക്കള്‍ ....ഇവരൊക്കെ ഉണ്ടായിട്ടും തനിക്ക് കൂട്ട് കൂടാന്‍ സമപ്രായക്കാര്‍ ഇല്ല എന്ന എന്റെ പരാതി തീര്‍ത്ത് തന്നത് ഉപ്പയാണ്.
ദൂരെ ജോലിക്ക് പോയ ഉപ്പ ഒരു ദിവസം തിരിച്ചു വന്നപ്പോ വേറെ ഒരാളും കൂടി .....അവള്‍ ....അവള്‍ ...ഉപ്പാന്റെ കൂട്ടുകാരന്റെ വീട്ടില്‍ നിന്നാ അവളെ കൊണ്ട് വന്നത്. ഒരു സുന്ദരിക്കുട്ടി ......
ഒരു ദിവസം സ്കൂള്‍ വിട്ടു ബാഗും വലിച്ചെറിഞ്ഞു കളിയിലേര്‍പ്പെടാന്‍ ആവേശത്തില്‍ ഇറങ്ങുമ്പോഴാണ് എന്റെ ഉപ്പയെ ചാരി നില്‍കുന്ന അവളെ കണ്ടത്....ഉമ്മയും , പെങ്ങന്മാരുമൊക്കെ കൂടി നില്‍പ്പുണ്ട്....നല്ല തവിട്ടു നിറം ...കാണാന്‍ നല്ല ചന്തമോക്കെ ഉണ്ട് , കളിക്കാന്‍ പോകാന്‍ പിന്നെ തോന്നിയില്ല ..
." ഈടെ സ്ഥിരായിട്റ്റ് കൊണ്ടാന്നതാ "
ഉമ്മുമ്മ രംഗ പ്രവേശം ചെയ്തിട്ടുണ്ട്.
"അടക്കോം ,ഒതുക്കൊക്കെ ഉണ്ടോ ഈന് "
അഭിപ്രായങ്ങള്‍ പലതും വന്നു കൊണ്ടേ ഇരുന്നു....എല്ലാരും മാറി കിട്ടിയാല്‍ അവളുടെ അടുത്തു ചെന്ന് കൂട്ട് കൂടാമായിരുന്നു.....കളിക്കൂട്ടുകാരിയെ കിട്ടിയ ആ ബാല്യ മനസ്സ് അതായിരുന്നു കൊതിച്ചത്.
പതിയെ എല്ലാരും വിട വാങ്ങി ...ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി ഞാന്‍ മെല്ലെ അവളുണ്ടായിരുന്ന മുറിയിലേക്ക് കടന്നു കൂടി....മെലിഞ്ഞു ഇരു നിറമുള്ള മങ്ങിയ കുപ്പായമിട്ട അവനെ തന്നെ അവള്‍ കുറച്ചു സമയം നോക്കി നിന്നു ....പിന്നെ മുഖം തിരിച്ചു.... എന്നോടുള്ള ഇഷ്ടക്കുരവ് അവള്‍ പ്രകടമാക്കി....പത്തു വയസ്സുള്ള കുട്ടി മനസ്സ് വേദനിച്ചു പുറത്തേക്കിറങ്ങി....അവള്‍ സുന്ദരിയായിട്ടാവും ..അങ്ങനെയാണ് മനസ്സില്‍ തോന്നിയത് ...രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒന്ന് തീരുമാനിച്ചു ഇനി അവളോട് അങ്ങോട്ട് കൂട്ട് കൂടാന്‍ പോകില്ല എന്ന്. എനിക്കെന്തിനാ അവള്‍ ..എനിക്ക് കുറേ കൂട്ടാര്‍ ഇല്ലേ ....
രാവിലെ സ്കൂളിലേക്ക് പോകാനുള്ള തിടുക്കത്തിലാണ്. പലയിടത്തായി ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ ബാഗിലാക്കി വഴിയിലേക്ക് ഇറങ്ങുമ്പോള്‍ ഉമ്മ ഉപ്പയോട് പറയുന്നുണ്ട്.....
" ഓള്‍ ഒന്നും കയിക്കുന്നില്ല ....ഈടെ പുടിക്കാത്തോണ്ടാവും"
അതു കേട്ടപ്പോള്‍ ഇന്നലത്തെ അവളോടുള്ള ദേഷ്യമൊക്കെ പോയി സങ്കടം തോന്നി ...വഴിയില്‍ ഇറങ്ങിയ ഞാന്‍ തിരിച്ചു കയറി ...കണ്ടിട്ട് തന്നെ പോകാം ...ഞാന്‍ അവള്‍ എന്നെ കാണാത്ത വിധം അകത്തേക്ക് ഒളിച്ചു നോക്കി ..ക്ഷീണം ഉണ്ടോ അവള്‍ടെ മുഖത്തു .....ഒന്നും കൂടെ എത്തി നോക്കിയപ്പോള്‍ അവള്‍ എന്നെ കണ്ടു ....കുറച്ചു നേരം എന്റെ മുഖത്ത് നോക്കി ...പിന്നെ ചെറുതായി പുഞ്ചിരിച്ചു ...."ഹാവ്വൂ "...ഇപ്പഴാ ഒന്ന് സമാധാനമായെ ....
സ്കൂളില്‍ എത്തി കൂട്ടുകാരോട് എന്റെ പുതിയ കൂട്ടുകാരിയെ കുറിച്ച് പറഞ്ഞു...ഒന്നാമത്തെ പിരീഡ് നാരായണി ടീച്ചര്‍ ക്ലാസ്സ് എടുക്കുകയാണ് .....റാഷിദ് എന്റെ അടുത്തേക്ക് ഒന്നും കൂടി നീങ്ങിയിരുന്നു ടീച്ചറെ കണ്ണ് വെട്ടിച് എന്റെ ചെവിയില്‍ ചോദിച്ചു ....
" എനിക്കും കാണിച്ചു തരുമോടാ "...
"നോക്കാം " ഞാനല്പം ഗമയോടെ പറഞ്ഞു ....
പതിയെ അവള്‍ എന്നോട് കൂട്ട് കൂടി തുടങ്ങി ..എന്റെ കൂട്ടുകാരോടും...കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോവുമ്പോ ഞാന്‍ അവളെയും കൂട്ടി തുടങ്ങി...ഇടയ്ക്കു തസ്ലിം അവളെ ഇടകണ്ണിട്ടു നോക്കുമ്പോ എനിക്ക് ദേഷ്യം വരും ....സ്കൂളില്‍ ഇരിക്കുമ്പോഴും മനസ്സ് നിറയെ അവള്‍ മാത്രം ആയിരിക്കും....ബെല്ലടിച്ചെന്നു കേട്ടാല്‍ ബാഗെടുത്ത് ഓടും ഞാന്‍ ....എന്നെയും കാത്തു വഴിയില്‍ അവള്‍ കാത്തു നില്പുണ്ടാവും.
അവള്‍ എന്റെ വീട്ടില്‍ വളരെ സന്തോഷത്തില്‍ ആണ് ......അവള്‍ടെ വികൃതികള്‍ കുറച്ചു , കുറച്ചായി കൂടി വന്നു ....വികൃതി വല്ലാതെ കൂടുമ്പോ ഞാന്‍ വഴക്ക് പറയും ....അവളൊന്നും പറയാതെ എല്ലാം കേട്ടോണ്ട് തല താഴ്ത്തി നില്‍ക്കും.
ഓടി ചാടി നടക്കാനായിരുന്നു അവള്‍ക്കിഷ്ടം ....പുഴക്കരയിലെ തെങ്ങിന്‍ തോപ്പില്‍ ഞാനും കൂട്ടുകാരും കളിക്കുന്നതൊക്കെ അവള്‍ കണ്ടു നില്‍ക്കും ....വീട്ടിലും അവളുടെ വികൃതി കൂടി വന്നു .....ഉമ്മയും , ഉപ്പയോക്കെ വഴക്ക് പറയുമെങ്കിലും അവളുടെ വികൃതിക്കൊരു കുറവും ഉണ്ടായിരുന്നില്ല ......
ഒരു വ്യാഴാഴ്ച ....സ്കൂള്‍ വിട്ടു ഓടി വരികയാണ്....വെള്ളിയാഴ്ച സ്കൂള്‍ ഇല്ലാത്തതിന്റെ സന്തോഷത്തില്‍ ആണ് വരവ് .....ആദ്യം അവളുടെ അടുത്തേക്കാണ് പോയത് .......അവളെ കണ്ടപ്പോ എന്റെ നെഞ്ച് പിടഞ്ഞു ....അവളുടെ മൂക്ക് പൊട്ടി ചോര പൊടിഞ്ഞിരിക്കുന്നു ...എന്നെ കണ്ടപ്പോ അവളുടെ കണ്ണ് നിറഞ്ഞു ..എന്റെയും .....
" ചെറിയ മുറിവാ ....ഒരാഴ്ചക്കുള്ളില്‍ ഉണക്കാവ്വും..." ഉപ്പ എന്നെ ആശ്വസിപ്പിച്ചു ....എങ്കിലും എനിക്ക് സമാധാനം ആയില്ല ...ഞാന്‍ അവളുടെ തലയില്‍ തടവി...
" നീ കുരുത്തക്കേട് കാട്ടിയത് കൊണ്ടല്ലേ ....ഇത് പറ്റിയേ.....എപ്പോഴും ഞാന്‍ പറയുന്നതല്ലേ ..."
അവള്‍ എന്നെ ദയനീയമായി നോക്കിയപ്പോ ഞാന്‍ വല്ലാതെ ആയി ....കുറേ സമയം അവളുടെ അടുത്തു തന്നെ നിന്ന്....
മൂക്ക് മുറിഞ്ഞത് കാരണം അവള്‍ക്കു ഭക്ഷണം നേരാം വണ്ണം കഴിക്കാനും വിഷമം അനുഭവപ്പെട്ടു ....ആ ദിവസങ്ങളില്‍ ഞാനും ഭക്ഷണം കഴിക്കാതെ ആയി ....എനിക്ക് ഭക്ഷണം എടുത്തു വെക്കുമ്പോ എനിക്ക് കരച്ചില്‍ വരും ...അവള്‍ക്കു തിന്നാന്‍ വയ്യല്ലോ .....അതോണ്ട് എനിക്കും വേണ്ട ....ഞാന്‍ പാത്രം മാറ്റി വെക്കുമ്പോ ഉമ്മ പറയുന്നുണ്ട് ...
" ഈ ചെക്കന് എന്തിന്റെ കേടാ ....ഓള്‍ടെ കുരുത്തക്കേട് കൊണ്ട് കിട്ടിയതല്ലേ ...അയിനു നീ എന്തിനാ വയര് കായിക്കുന്നെ .."
എനിക്ക് എല്ലാരോടും ദേഷ്യം വന്നു .....എന്റെ കൂട്ടുകാരി അല്ലേ അവള്‍ ...അവള്‍ക്കു വയ്യാണ്ടിരിക്കുമ്പോ എനിക്ക് തിന്നാന്‍ പറ്റുമോ ???....
ദിവസങ്ങള്‍ കഴിഞ്ഞു പോയി ....അവളുടെ മുറിവ് ഒക്കെ മാറി ....പഴയ ചിരിയും , കളിയും , ഉത്സാഹവും അവളില്‍ കണ്ടു തുടങ്ങി ..അവള്‍ കൂടുതല്‍ സമയവും എന്റൊപ്പം തന്നെ കൂടി ...പള്ളിക്കുളത്തില്‍ കുളിക്കാന്‍ പോകുമ്പോള്‍ അവള്‍ എന്നും കൂട്ട് വരും...കുളത്തിനടുത്തുള്ള മാവില്‍ കയറി കുളത്തിലേക്ക് എല്ലാരും ഒരു ചാട്ടം ഉണ്ട് ...അവള്‍ അത് കണ്ടു ചിരിക്കും ....എന്നാലും ഞാന്‍ ചാടുമ്പോള്‍ അവളുടെ മുഖത്ത് ആശങ്ക ഉണ്ടായിരുന്നില്ലേ ........
ചാടി തിമിര്‍ക്കുന്നതിനിടയിലായിരിക്കും ഇസ്മൈല്‍ച്ചാന്റെ രംഗ പ്രവേശം....പിന്നെ കരയില്‍ കയറിപ്പറ്റി ഒരോട്ടമാണ് ....ഇസ്മൈല്‍ച്ച ..കോട്ടപ്പുറത്തെ കാരണവര്‍ ....പള്ളി പ്രസിഡന്റ് ...നല്ല ഉയരത്തില്‍ തടിച്ച ശരീരവും ആയി ...ഘന ഗാമ്ബിര്യത്തിലുള്ള ശബ്ദം കേട്ടാല്‍ തന്നെ ഞങ്ങള്‍ പേടിച്ചു വിറക്കും ....പള്ളിക്കടുത്തുള്ള ബദാം മരത്തില്‍ ഞങ്ങള്‍ വിളയാടുംബോഴും വില്ലനായി ഇസ്മൈല്ച്ച വരും ....ഇസ്മൈല്ച്ചാനെ കണ്ടാല്‍ ഞങ്ങളോടൊപ്പം ഓടാന്‍ അവളും പഠിച്ചു .....ഞാന്‍ പള്ളിയില്‍ പോകുമ്പോഴും അവള്‍ ഉണ്ടാകും കൂടെ ....നിസ്കാരം കഴിയുന്നത് വരെ അവള്‍ എന്നെയും കാത്തു പുറത്തു നില്‍ക്കും ....അങ്ങനെ എന്റെ ഓരോ നിമിഷത്തിലും അവള്‍ നിറഞ്ഞു നിന്നിരുന്നു ....
അവളില്ലാത്ത ഒരു നിമിഷം പോലും എനിക്ക് മടുപ്പായിരുന്നു ....വൈകുന്നേരങ്ങളിലെ കളി അധികവും പുഴക്കരയിലെ തെങ്ങിന്‍ തോപ്പുകള്‍ക്കിടയില്‍ ആയിരിക്കും ...... കുട്ടിയും കോലും....അചോട്ടു കളി..തൊട്ടു കളി ....അങ്ങനെ അങ്ങനെ ........അത്താബൂച്ച ഉണ്ടെങ്കില്‍ കളി ഒന്നും കൂടെ ഉശാരാകും ....അത്താബൂച്ച ....തടിച്ചു ഇരു നിറമുള്ള , ഉയരം കുറഞ്ഞ.... പത്തിരുപത്തെട്ടു വയസ്സോക്കെ ആയിട്ടുണ്ടാകും ...എന്നാലും കുട്ടികളുടെ മനസ്സുമായി നടക്കുന്നു ...ഞങ്ങളുടെ സന്തോഷം ആണ് അത്താബൂച്ചാന്റെ സന്തോഷം.
സര്‍ക്കസ് ആണ് മൂപ്പരുടെ പ്രധാന ഐറ്റം ....അത് കണ്ടു ആസ്വദിച്ചു ഞങ്ങള്‍ മതി മറക്കും ...പൂഴിക്കുള്ളില്‍ കുഴി കുഴിച്ചിട്ടു അതില്‍ അത്താബൂച്ച മുഖം പൂഴ്ത്തി വെക്കും ...എന്നിട്ട് ഞങ്ങളോട് മണ്ണിട്ട് മൂടാന്‍ പറയും.....അങ്ങനെ കുറേ സമയം മുഖം പൂഴ്ത്തി നില്‍ക്കും.....പുഴയില്‍ നിന്നും പാമ്പിനെ എടുത്തു ( ഒള്ള ...വിഷം ഇല്ലാത്തത് ) കഴുത്തിലിട്ടു നടക്കും....അങ്ങനെ , അങ്ങനെ കുറേ സര്‍ക്കസുകള്‍ .........
അന്ന് നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരുന്നു ...തലേന്നു പെയ്ത നല്ല മഴ....... പുഴയുടെ ഒഴുക്കിന്റെ ശബ്ദം ഇപ്പോഴും കേള്‍ക്കാം ....ആദ്യം അചോട്ടു കളിയായിരുന്നു ....പുഴക്കരയിലെ തെങ്ങിന്‍ തോപ്പില്‍ ...വളഞ്ഞു പോയ തെങ്ങിന് ചാരി നിന്ന് മുഖം ചേര്‍ത്തു സാരഥി എണ്ണാന്‍ തുടങ്ങി .....1...2...3...4..5.....
" സാരതീ..ഒളികണ്ണിട്ടു നോക്കെല്ലെടാ "....
കൂട്ടത്തില്‍ ഇത്തിരി തടിയനായ സിദ്ദിക്കിന്റെ ഭീഷണി .....ചാഞ്ഞു കിടക്കുന്ന പച്ചോലകളുടെ മറവില്‍ എന്നെ കൊണ്ട് പോയി ഒളിപ്പിച്ചത് അവളാണ് ....എന്നെ കണ്ടു പിടിക്കരുതെന്ന് എന്നേക്കാള്‍ ആഗ്രഹം അവള്‍ക്കായിരിക്കും .....48..49..50...അത്രയും കഴിഞ്ഞപ്പോ ഒന്നും കൂടി പതുങ്ങിയിരുന്നു .....സാരതിയുടെ കണ്ണുകള്‍ എന്നെ തേടി വരുമോ ....വരികയാണേല്‍ ഓടി അചോട്ടു പറയാനുള്ള മനക്കോട്ട കേട്ടുന്നതിനിടയില്‍ ആണ് റാഷിദ് കൂകി വിളിച്ചത് ....
"അത്താബൂച്ച ...അത്താബൂച്ച ..."
അസ്ത്രം കണക്കെ അവന്‍ അത്താബൂച്ചയുടെ അടുക്കലേക്ക് അവന്‍ പാഞ്ഞടുക്കുന്നത് പച്ചോലകല്‍ക്കിടയിലൂടെ ഞാന്‍ കണ്ടു...."അത്താബൂച്ച ...അത്താബൂച്ച ...എന്ന് ഈണമിട്ടു ഞാനടക്കം അയാള്‍ക്കും ചുറ്റും എത്തി ....ഇനി കളിയുടെ ഗതി മാറാന്‍ പോവുകയാണ് ....ആഹ്ലാദം പല ശബ്ദങ്ങളിലായി പുറത്തേക്ക് ഒഴുകി......
" ബാ പോയ്യയില്‍ മൂടിട്ടു കാണിക്കാം "... അത്താബൂച്ച ഒരു വിസിലടിയുടെ അകമ്പടിയോടെ അറിയിച്ചു.....പിന്നെ അത്താബൂച്ച പോയ്യയില്‍ മുഖം താഴ്ത്തി ....അത് കാണുമ്പോള്‍ ഞങ്ങളുടെ കൈ കൊട്ടലും ആര്‍പ്പ് വിളിയും ...പള്ളിയില്‍ മഗ്രിബ് ബാങ്ക് കൊടുത്തപ്പോഴാണ് സമയം വൈകിയതരിഞ്ഞത് ......എല്ലാവരും അവരുടെ വീടുകളിലേക്ക് നടന്നു തുടങ്ങി .....
തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടത്തില്‍ അവളെ മാത്രം കാണാനില്ല ....അവള്‍ ...അവള്‍ ..അവളിതെവിടെ പോയി ?????...നാല് പാടും എന്റെ കണ്ണുകള്‍ ചുറ്റിത്തിരിഞ്ഞു ....എവിടെയും അവളുണ്ടായിരുന്നില്ല ...ഞാനവളെ തിരഞ്ഞു പുഴക്കടവിലേക്ക് ഓടി ...കൂട്ടുകാരും പിന്നാലെ വന്നു ..."ഇപ്പം ഞാന്‍ കണ്ടതാ "..ഹക്കിമിന്റെ ആശ്വാസ വചനം എന്നെ തേടിയെത്തി .......കുറേ കുഞ്ഞു കണ്ണുകളും , അത്താബൂച്ചയും ആശങ്കകളോടെ അവളെ തിരഞ്ഞു നടന്നെങ്കിലും എവിടെയും അവള്‍ ഉണ്ടായിരുന്നില്ല ....എന്റെ കണ്ണുകള്‍ നിറഞ്ഞു കവിയാന്‍ തുടങ്ങി....കൂട്ടുകാര്‍ ആരോ വീട്ടില്‍ അറിയിച്ചു ....ചൂട്ടും , വെളിച്ചവുമായി ഉമ്മയും, ഉപ്പയും ഇത്തയുമൊക്കെ അവിടേക്ക് ഓടിയെത്തി ...കുറ്റപ്പെടുത്തും വിധം ഉള്ള നോട്ടങ്ങള്‍ എന്നെ മുറിപ്പെടുത്തി ....
" നീ പോന്നോട്തൊക്കെ കൊണ്ട നടക്കണ്ടാന്നു നൂറു വട്ടം പറഞ്ഞതാ .....പടച്ചോനെ ...പുഴയില്‍ ഒഴുക്കാനല്ലോ...." ഉമ്മ നെഞ്ചില്‍ കൈ വെച്ചു..
എന്റെ കുഞ്ഞു മനസ്സിന്റെ നിയന്ത്രണം വിട്ടു ...ഞാനറിയാതെ ഹൃദയത്തിന്റെ നൊമ്പരം പുറത്തു വന്നു തുടങ്ങി .....ഇടയ്ക്കു കുപ്പായത്തില്‍ കണ്ണും,മുഖവും തുടയ്ക്കും....എന്നെ ആശ്വസിപ്പിക്കാനായി തസ്ലിം തിരച്ചിലില്‍ നിന്ന് വിട്ടു നിന്ന്...അവന്‍ എന്റെ ചുമലില്‍ തഴുകിയപ്പോ
അടക്കാന്‍ ശ്രമിച്ച തേങ്ങല്‍ പൊട്ടിക്കരച്ചിലായി മാറി....
"കണ്ടൂ ..കണ്ടൂ ...അവളിവിടെ ഉണ്ടേ ...." ഒരശരീരി പോലെ തോന്നിയതാണോ ????......വീണ്ടും "..കണ്ടൂ..കണ്ടൂ..ഞാന്‍ കണ്ടതാ ...ഞാന്‍ കണ്ടതാ .." സിദ്ദിക്കിന്റെ ശബ്ദം ....കൂടെ മറ്റുള്ളവരുടെ ആര്‍പ്പ് വിളിയും ....
ദൂരെയുള്ള പെണ്ണുങ്ങളുടെ കുളിക്കടവില്‍ നിന്നാണ് അവരുടെ വരവ് ...ഞാന്‍ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ് അവരുടെ അടുത്തേക്ക് ഓടി ....ചൂട്ടിന്റെ വെളിച്ചത്തില്‍ എല്ലാം കാണാം ...സിദ്ടിക്കാന് മുന്‍പില്‍ ...അവനാണ് കണ്ടു പിടിച്ചതെന്ന അഹങ്കാരം അവന്റെ മുഖത്ത് വ്യക്തമായിരുന്നു ....പിന്നില്‍ അവളെയും ചേര്‍ത്തു പിടിച്ചു ഉമ്മ ...അതിനു പിറകില്‍ ഒരു ജാഥ പോലെ മറ്റുള്ളവരും ....
"ദിവ്സൂം കുരുത്തക്കേട് കൂടി വരികയാ...ഈനെല്ലാം കൊണ്ടോന്നിടത്തു തന്നെ കൊണ്ടാക്കണം.."ഉമ്മ അവളുടെ ചെവി പിടിച്ചു നുള്ള് വെച്ചു കൊടുത്തു ....
അവള്‍ ദയനീയമായി എന്നെ നോക്കി...ഞാന്‍ അവളെ നോക്കാതെ വീട്ടിലേക്കു നടന്നു ...."വീട്ടില്‍ വാ നിനക്ക് നല്ലോണം വെച്ചിട്ടുണ്ട്"..ഞാന്‍ മനസ്സില്‍ പറഞ്ഞു ....വീട്ടിലെത്തിയ ഉടനെ അവളെ പേടിപ്പിക്കാന്‍ ഉണ്ടാക്കി വെച്ചിരുന്ന വടിയെടുത്ത് നാലെണ്ണം അവള്‍ക്കു കൊടുത്തു......
" വേണ്ട മോനെ ...വേണ്ട...നീ നോക്കാഞ്ഞിട്ടു അല്ലേടാ ..." വീണ്ടും കുറ്റപ്പെടുത്തലുകള്‍ എന്റെ നേര്‍ക്ക് നീണ്ടു ...വീണ്ടും ..വീണ്ടും...അവളെ അടിക്കാന്‍ തോന്നി ...അടിച്ചു ...വടി രണ്ടായി മുറിയും വരെ ....അവളുടെ ഉച്ചത്തിലുള്ള നിലവിളി ചെവിയില്‍ വന്നു വീണപ്പോ ....ഞാന്‍ കൈ എടുത്തു ചെവി പൊത്തി ...അവളെ നോക്കാതെ എന്റെ റൂമില്‍ വന്നു കിടന്നു....ഉമ്മയും , ഇത്തമാരും ചോറ് കഴിക്കാന്‍ നിര്‍ബന്ധിച്ചു ....ഞാന്‍ കൂട്ടാക്കിയില്ല...അവളുടെ ഉച്ചത്തിലുള്ള നിലവിളി എന്നെ വിട്ടു പോയില്ല ......എന്റെ മനസ്സ് പിടഞ്ഞു ...പിടഞ്ഞു ...പൊട്ടിയ വടിയുടെ ഒരു ഭാഗം എടുത്തു ഞാന്‍ എന്റെ ഇടത്തെ കയ്യില്‍ ആഞ്ഞടിച്ചു ....പിന്നെ ഒരു പോട്ടിക്കരച്ചലോടെ കട്ടിലിലേക്ക് വീണു.
ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകള്‍....എന്റെ തേങ്ങലുകള്‍ അവസാനിച്ചിരിക്കുന്നു ....തിരിഞ്ഞും , മറിഞ്ഞും , കിടന്നു ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു... പാതിരാ ആയിട്ടും എന്റെ അസ്വസ്ഥതയ്ക്ക് മാറ്റം ഉണ്ടായില്ല ....എല്ലാവരും സുഖ നിദ്രയില്‍ പൂണ്ടിരിക്കുന്നു ....ഞാന്‍ പതിയെ എണീറ്റ് അവളുടെ അടുത്തു ചെന്ന്....എന്റെ കാല്‍ ശബ്ദം കേട്ടപ്പോള്‍ അവള്‍ മുഖം ഉയര്‍ത്തി നോക്കി ...അവളും ഉറങ്ങിയിട്ടില്ല ....എന്നെ കണ്ടപ്പോള്‍ തന്നെ അവള്‍ വിതുംബാന്‍ തുടങ്ങി ....അവളുടെ മുറിപ്പാടുകളില്‍ ഞാന്‍ മെല്ലെ തലോടി ..... അവളെ തലോടാന്‍ ശ്രമിച്ചു .... ....എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു ....അവളുടെ മുഖം എന്റെ കുഞ്ഞു കൈ കുമ്പിളില്‍ എടുത്തു ഞാന്‍ ചോദിച്ചു ....
" നീ എന്താ എന്നോട് പറയാതെ പോയത് ...ഞാനെത്ര വിഷമിച്ചു ..അതോണ്ടല്ലേ ദേഷ്യം വന്നത് ..." അവളൊന്നു തേങ്ങിയതല്ലാതെ ഒന്നും മിണ്ടിയില്ല ....
" ഇനി ഒരിക്കലും അടിക്കില്ല ...ദേഷ്യം വന്നപ്പോ ചെയ്തു പോയതാ "..കൂട്ടുകാരന്റെ കുമ്പസാരം കേട്ടു അവള്‍ കിടന്നു....
" ഇനി ഉറങ്ങിക്കോ ....ഞാനിവിടെ ഇരിക്കാം ....അവള്‍ ഉറങ്ങുന്നത് വരെ ഞാന്‍ അവിടെ തന്നെ ഇരുന്നു ....
ദിവസങ്ങള്‍ പോയി കൊണ്ടേ ഇരുന്നു ....ഒരു വര്ഷം കൂടി കഴിഞ്ഞിരിക്കുന്നു ....അഞ്ചില്‍ നിന്ന് ആറാം ക്ലാസ്സിലേക്ക് ....അവള്‍കിപ്പോ പഴയ വികൃതി ഒന്നുമില്ല ...എന്ത് പറഞ്ഞാലും അനുസരിക്കും ....പുതിയ ബാഗും ...യുനിഫോമും ഇട്ടു സ്കൂളില്‍ ഇറങ്ങിയപ്പോ ഞാന്‍ അവളോട് പറഞ്ഞു ..." ഇനി എപ്പഴും നിന്റെ കൂടെ കളിക്കാന്‍ ഞാനുണ്ടാവില്ലാട്ടോ ....ആറാം ക്ലാസ്സില്‍ ആയി ...കുറേ പഠിക്കാന്‍ ഒക്കെ ഉണ്ടാഗും ".......അവളൊന്നും പറഞ്ഞില്ല ...എങ്കിലും ആ കണ്ണില്‍ നിരാശ ഉണ്ടായിരുന്നില്ലേ .....
അന്ന് ഞാന്‍ സ്കൂള്‍ വിട്ടു വന്നപ്പോ വീട്ടില്‍ എന്തൊക്കെയോ ചര്‍ച്ച നടക്കുന്നുണ്ട് ......ഒളിഞ്ഞു നിന്നിട്ട് കാര്യം എന്തെന്നറിയാന്‍ ഞാന്‍ ചെവി കോര്‍ത്തു ....
" നീ ഇങ്ങനെ ഒളിഞ്ഞു കേള്‍ക്കേണ്ട .....നിന്റെ കൂട്ടുകാരിയെ കൊണ്ട് പോവ്വാ ...അവള്‍ടെ വീട്ടിലേക്ക് .." എന്റെ മനസ്സ് പിടഞ്ഞു ..
" വേണ്ടാ ...ഞാന്‍ സമ്മതിക്കില്ല ..." സങ്കടവും , വാശിയും നിറഞ്ഞ എന്റെ വാക്കിനെ ഇത്ത പരിഹസിച്ചു .....
" ആര്‍ക്കു വേണം നിന്റെ സമ്മതം ?????"
ഞാന്‍ ഉമ്മയുടെയും ...ഉമ്മുംമായുടെയും പിറകേ നടന്നു കെഞ്ചി പറഞ്ഞു കൊണ്ടിരുന്നു ......" അവളെ കൊണ്ട് പോകല്ലേ എന്ന് ...
" ഒന്ന് മിണ്ടാതിരി ചെക്കാ ...നാളെ സുബഹിക്ക് അവളെ കൊണ്ട് പോകും ..."..എല്ലാരും എല്ലാം തീരുമാനിച്ചെന്ന് എനിക്ക് മനസ്സിലായി .....
നേരം വെളുക്കുവോളം അവളെ തന്നെ കണ്ടിരിക്കാന്‍ തോന്നി ....നാളെ പുലര്‍ന്നാല്‍ അവള്‍ ഉണ്ടാകില്ല എന്നോടൊപ്പം ....പുഴക്കരയില്‍ കളിക്കാന്‍ വരാന്‍ ....പള്ളിക്കുളത്തില്‍ കൂട്ടിനു വരാന്‍ ...സ്കൂള്‍ വിട്ടു വരുന്നതും നോക്കി വഴിയില്‍ കണ്ണും നട്ടിരിക്കാന്‍.....ഒന്നിനും ഇനി അവള്‍ ഉണ്ടാകില്ല ...മനസ്സ് ശൂന്യം ആകുന്നത് പോലെ തോന്നി.....
ഞാന്‍ അവളുടെ അടുത്തു ചെല്ലുമ്പോ അവള്‍ എന്തോ വലിയ ചിന്തയില്‍ ആണെന്ന് തോന്നി ....എന്നെ കണ്ട പാടെ അവള്‍ പുഞ്ചിരിച്ചു ....പക്ഷേ....അതിനു പതിവ് തിളക്കം ഉണ്ടായിരുന്നില്ല ....അവള്‍ അറിഞ്ഞു കാണും ..നാളെ ഈ വീട് വിട്ടു ....ഈ കൂട്ടുകാരനെ വിട്ടു ....അവള്‍ പോവുകയാണെന്ന് ....അവളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു ....പക്ഷേ വാക്കുകള്‍ കിട്ടിയില്ല .....ഞാന്‍ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന് ....പെട്ടെന്നാണ് ഉപ്പ വിളിച്ചതു .." നീ ഉറങ്ങുന്നില്ലെടാ ..."..ശബ്ദം കേട്ട ഉടനെ ഞാന്‍ അവളുടെ അടുത്തു നിന്നും എന്റെ റൂമിലേക്ക് ഓടി ...തിരിഞ്ഞൊന്നു നോക്കാന്‍ പോലും പറ്റിയില്ല ....ആ രാത്രി ...അവള്‍ എന്റെ വീട്ടിലെ അവസാന രാത്രി ...എനിക്കൊരു പോള കണ്ണടക്കാന്‍ കഴിഞ്ഞില്ല ....
രാവിലെ തന്നെ അവളെ കൊണ്ട് പോകാന്‍ ഉപ്പയുടെ കൂട്ടുകാരന്‍ വന്നിരുന്നു ....
"അവള്‍ക്കിവിടം വിട്ടു പോവാന്‍ വല്യ ഇഷ്ടം ഇല്ലാന്നാ തോന്നുന്നേ ...ചെക്കനുമായിട്ടു വല്യ കൂട്ടാ ..."
അയാളെ സല്കരിക്കുന്നതിനിടയില്‍ ഉമ്മ പറയുന്നുണ്ട് ....അവളെ യാത്രയാക്കാന്‍ എല്ലാരും
മുറ്റത്തേക്ക് ഇറങ്ങി നിന്നു....അവള്‍ എന്നെ മാത്രം നോക്കി നില്‍കുന്നു ......ഞാന്‍ അവളുടെ അടുത്തു ചെന്ന് തലയില്‍ തലോടി ....എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല ....വാക്കുകള്‍ പുറത്തു വരാത്ത പോലെ .....അവളുടെ നിസ്സഹായമായ നോട്ടം എന്റെ ഹൃദയത്തില്‍ കുന്ത മുനകള്‍ ആഴത്തില്‍ ഇറങ്ങുന്നത് പോലെ തോന്നിപ്പിച്ചു ....അവളുടെ നെറ്റിയില്‍ പരിസരം മറന്നു ഞാന്‍ ഉമ്മ വെച്ചപ്പോള്‍ അവള്‍ വിതുമ്പി ....
പിന്നെ .....എന്റെ ഉപ്പയുടെ കൂട്ടുകാരന്‍ മെല്ലെ അവളെയും ചേര്‍ത്തു പിടിച്ചു നടന്നു ....എന്റെ വീടിന്റെ പടി കടന്നു അവള്‍ പോവുന്ന കാഴ്ച ....കണ്ണീര്‍ മൂടി മങ്ങി തുടങ്ങി ....
"പാവം...ഓള് പോയപ്പോ ഓന്റെ സങ്കടം കണ്ടാ .."
..എന്റെ വിഷമം കണ്ടു ഉമ്മുമ്മാ താടിക്ക് കൈ വെച്ച് പറഞ്ഞു ....ഞാന്‍ നേരെ പോയത് അവളുടെ റൂമിലേക്ക് ആയിരുന്നു ...അവള്‍ ഇല്ലാത്ത എന്റെ വീട്ടിലെ അവളുടെ മുറി .....
ഫോണില്‍ നോക്കിയ ട്യൂണ്‍ റിംഗ് ചെയ്യുന്നു .....കണ്ണ് തുറന്നപ്പോ...തന്റെ കമ്പനി റൂം...ടേബിളില്‍ പകുതി കഴിച്ചു നിര്‍ത്തിയ ഫുഡ് ....ബക്കറ്റില്‍ നിറയെ വാഷ് ചെയ്യാന്‍ കൂട്ടി ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ...സ്ഥലകാല ബോധം വന്നത് അപ്പോഴാണ് ....ഓഫീസിന്നാണ് വിളിച്ചതു...ക്ലോക്ക് ഞാനറിയാതെ കുറേ ഓടിയിരിക്കുന്നു ....വേഗം റൂം പൂട്ടി ഇറങ്ങുമ്പോള്‍ ....മനസ്സിലേക്ക് വീണ്ടും..വീട്ടിലെ അവളുടെ പഴയ മുറി കയറി വന്നു ....പന്ത്രണ്ടു വയസ്സുള്ള തന്റെ ഹൃദയം പിടഞ്ഞ നിമിഷങ്ങള്‍ വീണ്ടും മുന്നില്‍......അനാഥമായി കിടന്ന അവളുടെ മുറി കണ്ടപ്പോള്‍ ....താന്‍ കൊണ്ട് വെച്ച പുല്ലു കെട്ടുകളില്‍ രണ്ടു കേട്ടും കൂടി അവിടെ ബാക്കി കിടപ്പുണ്ടായിരുന്നു ...അതും കൂടെ അവള്‍ക്കു കഴിച്ചു കൂടായിരുന്നോ .....കൈകള്‍ ആ കെട്ടില്‍ തലോടിയപ്പോള്‍ നിയന്ത്രണം വിട്ടു ഞാന്‍ പൊട്ടിക്കരഞ്ഞു ....." ഒരു പശുക്കുട്ടി പോയതിനാ ഈ ചെക്കന്റെ ഒരു വാവിട്ടു കരച്ചില്‍ ..." പെങ്ങള്‍ എന്നെ പരിഹസിച്ചു ചിരിച്ചു .....എന്റെ കരച്ചിലിന്റെ ശക്തി കൂടി ....ഓഫീസിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ...ചുണ്ടിലൊരു ചെറു ചിരിയും ....ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ കിട്ടുന്ന ഒരു വല്ലാത്ത സുഖം ഞാന്‍ വീണ്ടും അറിഞ്ഞിരിക്കുന്നു .......
Great.....Good work. Keep going. Vaayikkan njangalundaavum. Ezhuthuka.
ReplyDeleteSreeraj C R
Nice ....very good...keep it up
ReplyDeleteഅടുത്തൊന്നും ഇത്ര സങ്കടം വന്നിട്ടില്ല ...
ReplyDeleteഎനിക്ക ചെറുപ്പത്തില്‍ പാറു എന്ന ഒരു പശു ഉണ്ടായിരുന്നു...
ReplyDeleteഅത്താബു എന്റെ ബാല്യകാല സുഹൃത്തായിരുന്നു . അന്നൊക്കെ കയര്‍ കൊണ്ടുള്ള ബസ്സില്‍ ഞങ്ങള്‍ ഡ്രൈവറും ക്ലീനറും ആയിരുന്നു.അവനെ കാണാത്ത ഒരു vacationum ഇന്നെനിക്കില്ല. അത്താബുവിനെയും ഇസ്മയില്ചാനെയും ഓര്‍മ്മിപ്പിച്ച സാബിറിനു നന്ദി
ReplyDelete