പേജുകള്‍‌

Sunday, December 8, 2013

'മതേതര രാഷ്ട്രീയത്തിന്റെ കേരള പരിസരം

മതത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായ ഒരു തത്വ ശാസ്ത്രം  എന്ന നിലയിലാണ് 'മതേതരത്വം'   ജനിച്ചതെങ്കിലും .  വിവിധ മതങ്ങള്‍ക്ക് ജന്മം നല്‍കുകയും വിവിധ മതങ്ങളെയും ദര്‍ശനങ്ങളെയും കൈ നീട്ടി സ്വീകരിക്കുകയും ചെയ്ത ആത്മീയത ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന  ഇന്ത്യയില്‍ മതത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ്  'മതേതരത്വം'  നിര്‍വചിക്കപ്പെട്ടതും പ്രാവര്‍ത്തികമായതും. ഇന്നും മതങ്ങളെ മാറ്റി നിര്‍ത്തി രാജ്യത്തെ മതേതരത്വം ചര്‍ച്ച ചെയ്യുക അസാധ്യം .  മഹാത്മാ   ഗാന്ധിയും  , ഖായിദെമില്ലത്ത്‌ ഇസ്മായില്‍ സാഹിബും   രാജ്യം കണ്ട നല്ല മത വിശ്വാസികള്‍ ആയപ്പോള്‍ തന്നെ  നല്ല മതേതര വാദികളും ആയി . പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ആധുനിക  ഇന്ത്യക്ക് കേരളം നല്‍കിയ  മഹാനായ മതേതര വാദിയാണ് .

സോളമന്‍  ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലോ  , അതിനു മുന്‍പോ തന്നെ ആ രാജ്യങ്ങളുമായും പിന്നീട് റോമും , അറബികളുമായും ഉള്ള കച്ചവട ബന്ധങ്ങള്‍  ആദ്യം മലനാട് എന്നും പിന്നീട് മലൈബാര്‍ എന്നും വിളിക്കപ്പെട്ട ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക  അടിത്തറ പാകുന്നതില്‍ വലിയ പങ്കു വഹിച്ചു .    സഹിഷ്ണുതയും  പരസ്പര ബഹുമാനവും  ഈ  മണ്ണില്‍ അലിഞ്ഞു  ചേരാന്‍ വിവിധ സംസ്കാരങ്ങളെ തൊട്ടറിയാന്‍ ലഭിച്ച അവസരം  കാരണമായി .  മത സൗഹാര്‍ദ്ദത്തിനും , സഹ ജീവി സ്നേഹത്തിലും ഈ നാട്  ലോകത്തിനു  മുന്നില്‍ തന്നെ മാതൃകയാവുകയും ചെയ്തു .

മത  ബോധം  നഷ്ടപ്പെടുകയും മത ഭ്രാന്ത്‌ വര്‍ദ്ധിക്കുകയും  ചെയ്യുന്നു . മതേതരത്വത്തില്‍ പൊതിഞ്ഞ വര്‍ഗ്ഗീയതയും  വളര്‍ന്നു വരുന്നു . ഈ നാടിന്റെ മതേതര പാരമ്പര്യത്തിന് വലിയ കളങ്കമാണ് ഇത് ഉണ്ടാക്കി കൊണ്ടിരിക്കുന്നത് .  മതേതരത്വത്തില്‍ പൊതിഞ്ഞു വരുന്ന വര്‍ഗീയത പ്രത്യക്ഷത്തിലുള്ള വര്‍ഗീയതെയാക്കള്‍ അപകടകരമാണ് . ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ 'മതേതരത്വം'  അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളാണ് അടുത്തായി  കാണുന്നത് . അഞ്ചാം മന്ത്രി വിവാദം തൊട്ട്  നിലവിളക്കും , വിദ്യാഭ്യാസ മന്ത്രിയുടെ വീടിന്റെ നാമകരണവും , വിവാഹ പ്രായത്തിലെ ചര്‍ച്ചകളും , സൂക്ഷമമായി  നിരീക്ഷിച്ചാല്‍ അതാണ്‌ മനസ്സിലാക്കാന്‍ സാധിക്കുക.  സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാ സംഘടനകളും ഒറ്റക്കെട്ടായി പറയുന്ന മദ്യ വിപത്തിനെ സംബന്ധിച്ചു ഏതെങ്കിലും മുസ്ലിം നേതാവ് പറഞ്ഞാല്‍   മദ്യത്തിന് പോലും ജാതിയും , മതവും ഉണ്ടാക്കപ്പെടുന്ന അവസ്ഥ. സംഘ പരിവാറിന്റെ അജണ്ടകള്‍ക്ക്  കേരളീയന്തരീക്ഷം പാകപ്പെടുത്തി കൊടുക്കുന്ന പണിയാണ് അടുത്ത  നാളുകളായിട്ടു  ചില മാധ്യമങ്ങളു, അള്‍ട്രാ സെക്കുലര്‍ ആകാന്‍ വേണ്ടി  ചില നേതാക്കളും ശ്രമികുന്നത് .  മതേതരത്വത്തിന്റെ പേരില്‍  ഇല്ലാത്ത ഒരു ന്യൂനപക്ഷ ഭീതി ഉണ്ടാക്കാന്‍ ഇവിടെ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു . . കേരളത്തിലെ വിദ്യാഭ്യാസ , തൊഴില്‍ , സാമ്പത്തിക മേഖലകളിലെ എന്തെങ്കിലും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ന്യൂനപക്ഷ -ഭൂരിപക്ഷ സന്തുലനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇത് വരെ നടന്നത് ?. രണ്ടു സമുദായത്തിനീ ടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ മാത്രം ഉതകുന്ന കുറെ പുകമറ കള്‍ മാത്രം  .വ്യത്യസ്ത സംസ്കാരങ്ങളും , വീക്ഷണങ്ങളും ഉള്ള ജന വിഭാഗങ്ങള്‍ ഒരു സമൂഹത്തില്‍  ജീവിക്കുമ്പോള്‍ തെറ്റുകളും തെറ്റിധാരണകളും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെയൊക്കെ  വ്യക്തിപരമോ ,സംഘടനാപരമോ ആയ താല്‍കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി ചിലര്‍ പര്‍വ്വതീകരിച്ചു സമൂഹങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് വര്‍ധിപ്പിക്കാനും  ഈ  മണ്ണിന്റെ അസ്തിത്വത്തില്‍ തന്നെ  വിഷം  കലര്‍ത്താനും ശ്രമിക്കുന്നു  .


മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മഹാ കവി കുമാരനാശാന്‍ രചിച്ച ദുരവസ്ഥ എന്ന കാവ്യം മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ ചോര ചീന്തുന്നു എന്ന രീതിയിലായിരുന്നു എഴുതപ്പെട്ടത് . അത് അക്കാലത്തെ മുസ്ലിംകള്‍ക്കിടയില്‍ വളരെ വിഷമം ഉണ്ടാക്കുകയും ചെയ്തു . അന്ന് തിരുവനതപുരത്ത് മുസ്ലിം ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു വിദ്യാര്‍ത്ഥിയായ കെ .എം സീതി സാഹിബിന്റെ നേത്രത്വത്തില്‍ ഹോസ്റ്റലില്‍ വെച്ച്  മുസ്ലിം വിദ്യാര്‍ത്ഥി കളെയും മറ്റുള്ളവരെയും സംഘടിപ്പിച്ച് ഈ കാവ്യത്തെ കുറിച്ചൊരു ചര്‍ച്ച സംഘടിപ്പിക്കുകയും , അതില്‍ അതിഥികളായി കുമാരനാശാനെയും , വക്കം അബ്ദുല്‍ ഖാദര്‍ മൌലവി തുടങ്ങിയവരെയും പങ്കെടുപ്പിക്കുകയും ചെയ്തു . ഗഹനവും വിജ്ഞാന പ്രദവുമായ നീണ്ട ചര്‍ച്ചക്കൊടുവില്‍ കുമാരനശാനുണ്ടായ തെറ്റിധാരണകള്‍ തിരുത്തപ്പെടുകയും തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് അവിടെ ഉണ്ടായിരുന്നവരോട് അദ്ദേഹം നന്ദി പറയുകയും മാറ്റങ്ങളോടെ ദുരവസ്ഥ പുന പ്രകാശനം ചെയ്യാം എന്ന്  മുസ്ലിം  സുഹൃത്തുക്കള്‍ക്ക്  വാക്ക് നല്‍കുകയും  ചെയ്തു . പക്ഷെ ഈ വാക്ക് പാലിക്കുന്നതിന് മുന്‍പ് തന്നെ ആകസ്മികമായുണ്ടായ ബോട്ടപകടത്തില്‍ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്  .
 


ഈ ചരിത്രം ഇന്നത്തെ  കേരളീയ സമൂഹത്തിനു വലിയ പാഠം  നല്‍കുന്നുണ്ട്  . വ്യത്യസ്ത സമൂഹങ്ങളെ മുന്‍ നിര്‍ത്തി ഉണ്ടാകപ്പെടുന്ന ചര്‍ച്ചകള്‍, അത്  വിഷയം  എന്ത് തന്നെയായാലും അതൊക്കെ പൊതു മധ്യത്തില്‍ വലിച്ചിഴച്ചിട്ടു  കുറ്റപ്പെടുത്തലും , പരിഹസിക്കലും  വെല്ലുവിളികളും നടത്തുന്നതിനേക്കാള്‍ മാന്യമായ ചര്‍ച്ചകളിലൂടെ അറിയുകയും അറിയിക്കുകയുമാണ് വേണ്ടത്‌ .  ശ്രീ നാരയണ ഗുരു പറഞ്ഞ പോലെ വാദിക്കാനും , ജയിക്കാനും അല്ല , അറിയാനും അറിയിക്കാനും ആകണം ചര്‍ച്ചകള്‍.  മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെ നോക്കൂ .  ലോകത്തെ ശൈശവ വിവാഹങ്ങളുടെ  നാല്പതു ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്ന റിപ്പോര്‍ട്ട് ഈ അടുത്ത ദിവസം പുറത്തു വന്നപ്പോള്‍ അതിന്റെ പേരില്‍  നാല് വരി പ്രസ്താവനയോ , നാല് കോളം വാര്‍ത്തയോ നല്‍കാത്ത വരൊക്കെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച ചര്‍ച്ചകളെ ഉത്സവ സീസണ്‍  പോലെ ആഘോഷിക്കുന്നു  .  വിഷയത്തിന്റെ  ഗൌരവമോ , മുസ്ലിം സമൂഹത്തിന്റെ നന്മയോ ഒന്നുമല്ല ഈ ചര്‍ച്ചകളെ നയിക്കുന്ന പലരുടെയും  പ്രശ്നം ,  മറിച്ച്  'മാപ്ലാരെ 'രണ്ടു തെറി വിളിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍  കിട്ടുന്ന പരമാനന്ദം  ഉപയോഗപ്പെടുത്തുക  എന്നത് മാത്രമാണ്  . ഇവരൊക്കെ മതേതര ലേബലില്‍  വരുമ്പോഴാണ് അതിന്റെ ഗൌരവം വര്‍ധിക്കുന്നത് .   


മത സംഘടനകള്‍ മറ്റു മത - ജാതി സമുദായങ്ങളെ കുറിച്ചും അഭിപ്രായം പറയുമ്പോള്‍ പാലിക്കേണ്ട മിതത്വം നഷ്ടപ്പെടുന്നതും അടുത്ത കാലത്തായി നമ്മള്‍ കണ്ടു . അവയൊക്കെ ഒരു നിമിഷത്തെ ബ്രെയ്കിംഗ് ന്യൂസുകള്‍ മാത്രമായി മറഞ്ഞു പോവുകയല്ല ചെയ്യുന്നത് . മറിച്ച്  വിവിധ സമൂഹങ്ങളില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കുന്നുണ്ട് .  തന്റെ സമൂഹം വളരാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മറ്റു സമൂഹങ്ങളുടെ സ്വത്തത്തെ ബഹുമാനിക്കാനും സാധിക്കണം . മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അമരത്തിരുന്നു സി എച്ചു പറഞ്ഞ വാക്കുകള്‍ ഇന്ന് എല്ലാ മത സംഘടനകള്‍ക്കും നേതാക്കള്‍ക്കും  വലിയ മാതൃകയാണ്  . " മുസ്ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , മറ്റു സമുദായത്തിന്റെ അവകാശങ്ങളില്‍ കൈ കടത്താന്‍ വരികയുമില്ല".


 മത ത്തെ  ഭ്രാന്തായും , ഷോ ഓഫ് ആയി മാത്രം കാണുന്നവരുടെ  എണ്ണത്തില്‍ നാട്ടില്‍ വര്‍ദ്ധന ഉണ്ടാകുന്നു .  മതേതരത്വത്തിന്റെ നില നില്പിന് തന്നെ ഇത് അപകടം വരുത്തും . കാരണം ശരിയായ മത ബോധത്തിനു   മാത്രമേ വിയോജിപ്പില്‍ നിന്നും യോജിപ്പിനെ കണ്ടെത്താന്‍ പറ്റൂ  .  ഹലോ ട്യൂണി ലും  , അലങ്കാരങ്ങളിലും , ആത്മീയ ഗാനങ്ങളിലും മാത്രം മതം നിറഞ്ഞു നില്‍ക്കുന്നു.   മനുഷ്യ വിമോചനത്തിന്റെ മത മൂല്യങ്ങലെക്കാള്‍ മത ചിഹനങ്ങലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് .ഒരു വേള, എന്ത് തിന്മ ചെയ്താലും മതത്തിന്റെ യോ  ജാതിയുടെ യോ  പേരില്‍ അവര്‍ക്കൊക്കെ ചെറുതോ , വലുതോ ആയ  പിന്തുണ പോലും ലഭിക്കുന്നു . ആരാണ് വര്‍ഗ്ഗീയ  വാദി  എന്ന ചോദ്യത്തിന്  സ്വന്തം സമുദായത്തിലെ അന്യായങ്ങളെ  പിന്തുണക്കുന്നവനാണ് എന്ന പ്രവാചകര്‍ മുഹമ്മദ്‌ നബി (സ ) യുടെ മറുപടി എത്ര മഹത്വരം . പൊതുവേ  മതത്തിന്റെ  ആന്തരിക മൂല്യങ്ങളെ ഉള്‍ക്കൊള്ളാത്ത സമൂഹം വളരുന്നു .   ഇത് അപകടകരമായ പോക്കാണ് . സമൂഹങ്ങള്‍ തമ്മിലുള്ള  അകല്‍ച്ചക്കും  അത് മതേതര ചിന്താ ഗതിക്കും  ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കും . ഓരോ മതത്തിലെയും യദാര്‍ത്ഥ മത വിശ്വാസികല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു . 


കേരളത്തിലെ  മത സൌഹാര്‍ദന്തരീക്ഷം   തകര്‍ക്കാന്‍ ആദ്യ ശ്രമം ഉണ്ടാകുന്നത് പോര്‍ച്ചുഗീസ് അധിനിവേഷത്തോടെയാണ് .  വൈദേശികാധിപത്യം മാത്രമായിരുന്നില്ല , അന്നുണ്ടായിരുന്ന   ഹിന്ദു - മുസ്ലിം സൗഹൃദം കൂടി ഇല്ലാതാക്കാന്‍ ക്രൂരമായ പ്രവര്‍ത്തന ങ്ങള്‍ക്ക് അവര്‍ നേത്രത്വം നല്‍കി .  അതിനെ പ്രതിരോധിച്ചു കൊണ്ട് സാമൂതിരിയും കുഞ്ഞാലി മരക്കാരും   നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഐതിഹാസിക ഏടുകളാണ് . അന്ന് പോര്‍ച്ചുഗ്ഗീസുകാര്‍ അവരുടെ സ്ത്രീകളെ ആഡംബരം  തുളുമ്പുന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും  അണിയിച്ചു പട്ടണത്തിലൂടെ നടത്തുമായിരുന്നെത്രേ   ഭൗതികതയുടെ മോഹ വലയത്തിലേക്ക് പുരുഷന്മാരെയും സ്ത്രീകലെയും  ആകര്‍ഷിക്കാനുള്ള ഒരു സൈക്കോളജിക്കല്‍ നീക്കമായിരുന്നു അത്.  മോഹ വലയത്തില്‍ ജീവിക്കുന്ന സമൂഹത്തില്‍ മതത്തിനും  മൂല്യങ്ങള്‍ക്കും പ്രസക്തി കാണില്ലെന്ന് മാത്രമല്ല , എന്ത് ക്രൂരതയുടെ വിഷ വിത്തുകളും അവിടെ  ഉല്‍പാദിപ്പിക്കുകയും  ചെയ്യാം . ആഗോളവല്‍ക്കരണം ആധുനിക  കേരളത്തെ നയിച്ചതും  നയിക്കുന്നതും ഇത്തരം മോഹവലയങ്ങളുടെ ലോകത്തേക്കാണ്  . ഇത് മലയാളിയുടെ ആന്തരിക വിശുദ്ധിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു  . എത്ര തട്ടിപ്പിന് ഇരയായാലും പുതിയ തട്ടിപ്പുകാരുടെ വലയില്‍ വീണ്ടും പോയി മലയാളി തല വെച്ചു കൊടുക്കുന്നത് ഒന്ന് പത്താകാനും പത്തു നൂ റാ കാനും ഉള്ള മോഹത്തില്‍ നിന്നാണ്.  ബാഹ്യ മോടികള്‍ അവനെ നയിക്കുകയും ആന്തരിക വിശുദ്ധി ഇല്ലാതായി കൊണ്ടിരിക്കുകയും ചെയ്യുന്നു . അത് കൊണ്ടാണ് മത ചിഹന ങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും മത മൂല്യങ്ങള്‍  ചര്‍ച്ച ചെയ്യപ്പെടാതിരികുകയും ചെയ്യുന്നത് . ആത്മീയതയുടെ  സ്ഥാനത്ത് ആത്മീയ വ്യാപാരങ്ങള്‍ കയ്യടക്കുന്നത് . സ്വന്തം മതത്തെ തന്നെ യഥാവിധം ഉള്‍ക്കൊള്ളാന്‍ പറ്റാത്തവന് എങ്ങനെ മറ്റു മതങ്ങളെ മനസ്സിലാക്കാന്‍ പറ്റും ? ഒരു നല്ല മതേതര വാദി ആകാന്‍ പറ്റും ?

ഹിന്ദു സ്ത്രീ മുസ്ലിം സ്ത്രീയെ കെട്ടിപ്പിടിക്കുന്നതും മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു ആഘോഷങ്ങളില്‍ ദാഹജലം നല്‍കുന്നതും ഇന്ന് വലിയ വാര്‍ത്തയാണ്  .  അസാധാരണമായ സംഭവങ്ങള്‍ ആയത് കൊണ്ടാണ് അവ വാര്‍ത്തകള്‍ ആകുന്നത് . നമ്മുടെ മത സൗഹാര്‍ദവും  മതേതരത്വ ബോധവും  എവിടെ എത്തി നില്‍ക്കുന്നു എന്ന ആശങ്കയാണ്  യഥാര്‍ത്തത്തില്‍ അത്തരം വാര്‍ത്തകള്‍ നല്‍കുന്നത് .  പഴയ കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ മമ്മദ്‌ കായും   നാരായണനെട്ടനും  , പാത്തുമ്മ ഇത്താതയും കല്യാണി ചേച്ചിയും   ഒരു കുടുംബം പോലെ ജീവിച്ചത് മത സൌഹാര്‍ദ്ദ വേദികള്‍  സംഘടിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല . ജീവിത മൂല്യങ്ങള്‍ പുലര്‍ത്തിയുര്‍ന്ന ഒരു സമൂഹത്തിന്റെ കൊടുത്തും നേടിയുമുള്ള ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ആ ബന്ധങ്ങള്‍.  അത് കൊണ്ട് തന്നെ അവ വാര്‍ത്തകള്‍ ആയിട്ടുമില്ല . സമൂഹത്തിന്റെ വിശാലതയില്‍ നിന്നും  അവനവനിസത്തിന്റെ കുടുസ്സിലെക്‌ മലയാളി മാറാന്‍ തുടങ്ങിയതോടെ പൊതു ഇടങ്ങളും  , മൂല്യങ്ങളും  അവനു നഷ്ടപ്പെട്ടു.  വീടിനേക്കാള്‍ വലിയ  മതില്‍ കെട്ടി  ഞാനും എന്റെ കെട്ട്യോളും എന്ന ലോകത്തില്‍  ജീവിക്കുന്ന  അവനെ വീണ്ടും ആ പഴയ പൊതു ഇടങ്ങളിലേക്കും നയിക്കണം .  യദാര്‍ത്ഥ മത വിശ്വാസിയുകളും  മതേതരത്വം ഈ നാട്ടില്‍ പുലര്‍ന്നു കാണാന്‍ ശ്രമിക്കുന്നവരും അടിയന്തിരമായി ചെയ്യേണ്ടത്‌  അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക എന്നതാണ് . അയലത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യനെയും  അറിയേണ്ടത്‌ മീഡിയകളില്‍ വരുന്ന ഭീഭല്സമായ  തീവ്രവാദ വാര്‍ത്തകള്‍ നോക്കിയിടല്ല . പരസ്പര ജീവിതം അറിഞ്ഞു കൊണ്ടാകണം അത് .
അതിനു പ്രാദേശികമായി മതത്തിനു അതീതമായ കൂട്ടായ്മകള്‍  ഉണ്ടാകണം .  ഒരു ദിവസം  മാത്രം നീണ്ടു നില്‍ക്കുന്ന മത സൌഹാര്‍ദ്ദ  പ്രഭാഷണം മാത്രമാകരുത് അത്  , നിരന്തരമായ പ്രവര്‍ത്തനങ്ങളും മാതൃകകളുമാണ്  ഉണ്ടാകേണ്ടത്   . ഒരു  നാടിന്റെ കല്യാണമോ , മരണമോ , ആഘോഷമോ എന്തിലും  മുന്നില്‍ നില്‍ക്കുന്ന മതത്തിന് അതീതമായ ഒരു കൂട്ടം ആള്‍ക്കാര്‍. നാട്ടിലെ പാവപ്പെട്ടവന് കൈ താങ്ങായി നില്‍ക്കുന്ന ഒരു സംഘം . ആ സംഘത്തിന്റെ മാതൃക പ്രവര്‍ത്തനങ്ങളും ,  അതോടൊപ്പം വിവിധ മത ദര്‍ശനങ്ങളെ പരിചയപ്പെടുത്തുന്നതിനും  തെറ്റിധാരണകള്‍ നീക്കുന്നതിനും ഉതകുന്ന അറിയുകയും അറിയിക്കുകയും ചെയ്യുന്ന ചര്‍ച്ചാ വേദികലും ഉണ്ടാകണം  . അവയൊക്കെ ആഴ്ചയിലോ മാസത്തിലോ  സംഘ ടിപ്പിക്കുകയും, നാട്ടിലെ പരമാവധി ആള്‍ക്കാരെ അതില്‍  പങ്കെടുപ്പിക്കുകയും  ചെയ്യണം .ഇത്തരത്തിലുള്ള വിവിധ മാതൃകാ പ്രവര്‍ത്തങ്ങളിലൂടെ മാത്രമേ സമൂഹത്തിന്റെ മനസ്സ് മാറ്റിയെടുക്കാന്‍ സാധിക്കൂ  .  ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ  നമ്മുടെ ഉത്തരവാദിത്വം ശരിയായി നിറവേറ്റാന്‍ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മതേതര വിശ്വാസിയും രംഗത്ത് വരണം . നമുക്ക് തിരിച്ചു പിടിക്കാം നന്മയുടെ ആ മലയാള മനസ്സിനെ .

1 comment:

  1. Dear Sabir,

    http://www.prabodhanam.net/html/NAVOdhanam_special_1998/vakkam%20abdulkadir.pdf

    Please refer to the document above.

    It was at the behest of Kumaran asan's request to have a discussion with vakkom moulavi, after the moulavi had pubished an article against certain verses in duravastha that the meeting was called for. People like KM seethi sahib were mere students then....

    ReplyDelete