പേജുകള്‍‌

Sunday, June 30, 2013

ലീഗില്ലാത്ത എന്ത് കോപ്പാ യു .ഡി .എഫില്‍ ഉണ്ടാവുക സാര്‍ ...?

ലീഗ് അധികാരത്തില്‍ എത്തിപ്പെടുമ്പോഴും , മുഖ്യ ധാരയില്‍ സ്വാധീനം നേടുമ്പോഴും എല്ലാ കാലത്തും ലീഗിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങള്‍ ഉണ്ടാവുകയോ , ഉണ്ടാക്കുകയോ ചെയ്യാറുണ്ട് . അതില്‍ ആളും തരവും ഒന്നും വ്യത്യാസം ഇല്ല . ഇപ്പോള്‍ ലീഗുമായി ബന്ധപ്പെട്ടു വല്ല വാര്‍ത്തയും ഉണ്ടാക്കിയില്ലെങ്കില്‍ ചാനലുകള്‍ ക്കും , ഫെയിസ് ബുക്കിന് വരെ ഒരു ഉഷാര്‍ കുറവാണ് . ലീഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് എന്നും പ്രസക്തി ഉണ്ട് എന്നത് കൊണ്ട് തന്നെ ലീഗിനെതിരെ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ തങ്ങള്‍ അകപ്പെട്ട പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാന്‍ പറ്റുമോ എന്നാണു എല്ലാവരും എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്‌ .  മന്ത്രി കുപ്പായവും തുന്നി നടക്കുന്ന രമേശ്‌ ചെന്നിത്തല മാത്രം പിന്നെ മാറി നിക്കെണ്ടാതില്ലല്ലോ , അദ്ദേഹവും എന്തോ പറയാന്‍ ശ്രമിച്ചു , ഉടനെ തന്നെ തിരുത്തിയത് അദ്ദേഹത്തിനും യു .ഡി .എഫിനും നന്നായി . ലീഗില്ലാതെ എന്ത് യു .ഡി .എഫാണ് ഇവിടെ ഉണ്ടാവുക ? രമേശ്‌ ചെന്നിത്തലയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ യു .ഡി .എഫിന്റെ നട്ടെല്ലാണ് ലീഗ് .

 
യു .ഡി .എഫിന്റെ കെട്ടുറപ്പിനും , വിജയത്തിനും വേണ്ടി മുസ്ലിം ലീഗ് പ്രസ്ഥാനം എത്രത്തോളം സേവനവും , ത്യാഗങ്ങളും ചെയ്യുന്നുണ്ടെന്ന് നല്ലവരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും , മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും നന്നായറിയാം . കോണ്‍ഗ്രെസ്സു നെത്രത്വത്തിനും അക്കാര്യത്തില്‍ നല്ല ബോധ്യം ഉണ്ട് . അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്‌ രാജ്യത്തെ തന്നെ അവരുടെ ഏറ്റവുംനല്ല വിശ്വസ്തരായ കൂട്ടാളിയായി ലീഗിനെ കാണുന്നതും , ബഹുമാനിക്കുന്നതും. പിന്നെ ലീഗിന്റെ മെക്കിട്ടു കേറി ആളാവാന്‍ പറ്റുമോ എന്ന് നോക്കിയവര്‍ക്കെല്ലാം , ഇന്നത്തെ നിരാശ കാമുകന്മാര്‍ക്ക് അടക്കം കാലം തന്നെ മറുപടി കൊടുത്തിട്ടുണ്ട് . അതൊക്കെ കിങ്ങിണി കുട്ടന്മാര്‍ ഓര്‍ത്താല്‍ നല്ലത് . ലീഗിന്റെ തോളിലേറി കോഴിക്കോട് നിന്ന് സി .എം .ഇബ്രാഹിനെ തറ പറ്റിച്ചു എം .പി ആവുകയും , കൊടുവള്ളിയില്‍ മത്സരിക്കാന്‍ ലീഗ് തന്നെ സീറ്റ് കൊടുക്കേണ്ടി വന്നതും മുരളീധരനു ഓര്‍ക്കുന്നത് നല്ലതാണ് . ഒരു കൊല്ലത്തിനിടയില്‍ നാലഞ്ചു പാര്‍ട്ടികള്‍ കയറി ഇറങ്ങേണ്ടി വരികയും , ഒടുവില്‍ രണ്ടണ മെമ്പര്‍ഷിപ്പിന് വേണ്ടി കാലു പിടിക്കേണ്ടി വരികയും ചെയ്തപ്പോഴും ലീഗിന്റെ നിലപാടുകളാണ് മുരളിധരന് ഇന്ന് രണ്ടാം വരവിനെന്കിലും കളമൊരുക്കിയത് . ലീഗിനെ നോവിപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്ന ഈ മുരളീധരന്‍ തന്നെ നാളെ യു .ഡി .എഫിന്റെ സ്ഥാനര്‍ത്തിയായി മലപ്പുറം മണ്ഡലത്തിലേക്ക് തന്നെ വന്നാലും ചോരയും ,നീരും നല്‍കി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും ലീഗിന്റെ അണികള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടാകും . കാരണം അത് ബാഫഖി തങ്ങളും , ഇന്ദിരാഗാന്ധിയും ഉണ്ടാക്കിയ വിശ്വസ്തമായ് ഒരു കരാറാണ് . അപ്പപ്പോള്‍ കാണുന്നവരെ അപ്പന്‍ എന്ന് വിളിക്കുന്ന സംസ്കാരം ലീഗിനില്ല .

 
മതേതരത്വം തെളിയിക്കാന്‍ വേണ്ടി മുഹമ്മദ്‌ നബിയാണ് ഇസ്ലാം മതം ഉണ്ടാക്കിയതെന്നും , അമൃതാനന്ധമയി ഉണ്ടായതു കൊണ്ടാണ് ഈ ലോകം കറങ്ങന്നെതുന്നും വരെ യാതൊരു ഉളുപ്പും ഇല്ലാതെ വിഡ്ഢിത്തങ്ങള്‍ പറയാന്‍ മടിയില്ലത്തെ ആര്യാടന്റെ വാക്കുകളെ ലീഗ് ഒരിക്കലും മുഖ വിലക്കെടുക്കാറില്ല . പക്ഷെ , വിശുദ്ധ ഖുര്‍ആനിന് പരിഭാഷ എഴുതിയ അബ്ദുല്‍ കലാം ആസാദിനെ പോലുള്ളവര്‍ നേത്രത്വം കൊടുത്ത ഒരു പ്രസ്ഥാനത്തില്‍ ഒരു മുസ്ലിം നാമധാരി മതേതരത്വം തെളിയിക്കാന്‍ വേണ്ടി പാട് പെടുന്നത് കാണുമ്പോള്‍ അദ്ദേഹം തന്നെ പരിഹസ്യമാവുകയാണ് ചെയ്യുന്നത് .

ആരുടെയും ഔദാര്യം കൊണ്ടോ , അവരുടെയൊക്കെ തറവാട്ടില്‍ നിന്നുള്ള വിഹിതം കൊണ്ടോ ഒന്നുമല്ല ലീഗ് ഇന്ന് കാണുന്ന തരത്തില്‍ എത്തിയത്‌ . ജനാധിപത്യ പ്രക്രിയയില്‍ വ്യക്തമായി ഇടപെട്ടു കൊണ്ട് തന്നെയാണ് . ഓടു പൊളിച്ചു വന്നവര്‍ അല്ല ലീഗുകാര്‍ . വര്‍ഷം 1960, വിമോചന സമരത്തിന്റെ ബാക്കി പത്രമായി ഉണ്ടായ പി -എസ് -പി , കോണ്‍ഗ്രസ്‌ നെത്ര്വത്വത്തിലുള്ള പട്ടം താണൂ പിള്ള ഗവണ്‍മെന്റില്‍ വിമോചന സമരത്തിനു കൈ കോര്‍ത്തു പിടിച്ചു മുന്നില്‍ ഉണ്ടായ മുസ്ലിം ലീഗ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയിട്ടുണ്ട് പല വിധ കാര്യങ്ങള്‍ ഉയര്‍ത്തി പല തരത്തിലുള്ള ഈ സാമുദായിക - സന്തുലന ഭീഷണി കള്‍ . പല വിധ ചര്‍ച്ചകള്‍ നടത്തിയിട്ടും ഈ ' ഭീഷണി' ഉയര്‍ത്തി ലീഗിനെ മന്ത്രി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും നിബന്ധനകള്‍ വെച്ചു കൊണ്ടുള്ള സ്പീക്കെര്‍ സ്ഥാനം ലീഗിലെ കെ .എം .സീതി സാഹിബിനു ഏറ്റെടുക്കേണ്ടി വരികയും ചെയ്തു . അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് സി .എച്ച് ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഉയര്‍ത്തി വേറെ ഭീഷണികള്‍ , ഒടുവില്‍ സി .എച്ച് തന്നെ സ്പീക്കര്‍ ആയി. എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ...?

മന്ത്രി ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സാദിക്ക്‌ അലി യുമായി ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോള്‍ , ചര്‍ച്ചക്ക് പോകുമ്പോള്‍ ' സാധിക്കും 'എന്ന് കരുതിയെങ്കിലും ചര്‍ച്ച കഴിഞ്ഞപ്പോഴാണ് 'സാധിക്കാത്ത' അലിയുടെ അടുത്തേക്കാണ് പോയതെന്ന് മനസ്സിലായതെന്ന് സി .എച്ചു നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞത്‌ ചരിത്രത്തിന്റെ ഭാഗം.

വര്‍ഷം , 1967, 57 ഇല്‍ സ്വന്തമായി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്ടുകള്‍ക്ക് വീണ്ടും അധികാരത്തില്‍ എത്താന്‍ ലീഗിന്റെ സഹായം കൂടി വേണ്ടി വരുന്നു. രണ്ടാം ഇ .എം .എസ് ഗവണ്‍മെന്റില്‍ ആദ്യമായി ലീഗ് മന്ത്രിമാര്‍ സത്യപ്രതിഞ്ഞ ചെയ്യുമ്പോഴും ഉയര്‍ന്നു ഇവിടെ എന്തോ തകരും എന്നുള്ള പുകില്.... സി .എച്ചു മുഹമ്മദ്‌ കോയ , അവുക്കാദര്‍ കുട്ടി നഹ , അഹ്മെദ് കുട്ടി കുരിക്കള്‍ എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി നല്ല വകുപ്പുകളില്‍ തന്നെ അധികാരം നടത്തിയിട്ട് കൂടി ലീഗുകാര്‍ മന്ത്രിമാര്‍ ആയാല്‍ ഒന്നും തകരാന്‍ പോകുന്നില്ല എന്ന് തെളിയിച്ചു .

മന്ത്രിയായ സി .എച്ചി നു മുന്നില്‍ ഒരു പ്രദേശത്തു മുസ്ലിം പ്രമാണിമാര്‍ വന്നു അവിടെ അത്യാവശ്യമായി പാലം വേണമെന്നും ,അത് സമുദായത്തിന് ഉപകാരം കിട്ടും എന്ന് പറഞ്ഞപ്പോള്‍ സമുദായത്തിന് ഉപകാരം കിട്ടുന്ന പാലം
'സ്വിറാത്ത് ' പാലം മാത്രമാണെന്ന് പറഞ്ഞു തിരിച്ചയച്ച സംഭവങ്ങളിലൂടെ അധികാരത്തില്‍ ഉള്ള ലീഗിന്റെ നിലപാട് എന്താണെന്ന് സി .എച്ചും , ലീഗും പ്രവര്‍ത്തനത്തിലൂടെ വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു .

 
വര്‍ഷം 1969, ലീഗ് വിരുദ്ധ ഭീഷണിക്കാര്‍ ഏറ്റവും വലിയ ഭൂകമ്പ ഭീഷണി രേഖപ്പെടുത്തിയ സംഭവം മലപ്പുറം ജില്ലാ രൂപികരണം ആയിരുന്നു. പിന്നോക്ക പ്രദേശം എന്ന നിലയില്‍ വികസനത്തിലെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ , മറ്റു പല ജില്ലകളും രൂപികരിക്കപ്പെട്ട അതെ സാഹചര്യത്തില്‍ ഉണ്ടാകപ്പെട്ട ഒരു തീരുമാനത്തെ അവിടെ ലീഗുകാര്‍ കൂടുതല്‍ ആയത് കൊണ്ട് തന്നെ 'രാജ്യ വിരുദ്ധം' എന്ന തരത്തില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കി പരിഭ്രാന്തി പടര്‍ത്തി ....എന്നിട്ട് എന്തെങ്കിലും തകര്‍ന്നോ ?. ഇന്നും മത സൌഹാര്‍ദ്ദവും ,സമാധാനവും നില നില്‍ക്കുന്ന ജില്ലകളില്‍ മുന്‍പന്തിയില്‍ തന്നെ ആ ജില്ല നില കൊള്ളുന്നു. ഇപ്പോള്‍ മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ടും തുടങ്ങിയിട്ടുണ്ട് പഴയ ഭീഷനിക്കാരുടെ പുതിയ തലമുറ . അവരെയും കാത്തു നിക്കുന്നത് കാലത്തിന്റെ നല്ല മറുപടികള്‍ .

 
പിന്നെ കാല കാലങ്ങളില്‍ കഴിയുന്നവരൊക്കെ അവരവരുടെ കഴിവിന് വെച്ചു ലീഗിനെ മുന്‍ നിര്‍ത്തി ഇത്തരം സാമുദായിക ഭീഷണികള്‍ ഉയര്‍ത്തി കൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ഇ .അഹമ്മദ്‌ കേന്ദ്ര മന്ത്രി ആയപ്പോഴും , കഴിഞ്ഞ യു .ഡി .എഫ്ഗവണ്‍മെന്റില്‍ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ലീഗ് മന്ത്രിമാരാണ് കൈ കാര്യം ചെയ്യുന്നത് എന്ന് വരെ പറഞ്ഞു പരത്തി ഇവിടെ പലരും പരിഭ്രാന്തി പടര്‍ത്തിയില്ലേ ...?, എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ? ഇത്തരം ആശങ്കകള്‍ ഒന്നും ക്ലച്ചു പിടിച്ചില്ല എന്ന് മാത്രമല്ല , ലീഗിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്യുന്നതാണ് കാണുന്നത് . ഈ സര്‍ക്കാര്‍ വന്നത് തൊട്ടു തുടങ്ങിയതാണ് ലീഗിനെ മുന്‍ നിര്‍ത്തിയുള്ള സാമുദായിക സന്തുലനവും പറഞ്ഞു കൊണ്ടുള്ള പലവിധ നാടകങ്ങള്‍. ഞങ്ങളാണ് ഭരിക്കുന്നതെന്ന് പോലും പറഞ്ഞാല്‍ പ്രശ്നമാക്കുന്ന അവസ്ഥ , ആരെങ്കിലും പച്ച ബ്ലൌസോ , അടിപ്പാവടയോ ഇട്ടു നടന്നാല്‍ അതിനും ലീഗ് മറുപടി പറയണം എന്നുള്ള വിഡ്ഢിത്തങ്ങള്‍ . രമേശ്‌ ചെന്നിത്തലയുടെ അവസ്ഥ എല്ലാവര്ക്കും കൃത്യമായി അറിയാം . അതില്‍ നിന്നും മാറി നിക്കാന്‍ ലീഗിന്റെ മെക്കിട്ടു വന്നത് കൊണ്ട് ആര്‍ക്കും ഒരു ലഭാവുമില്ല , നഷ്ടം കൂടുതല്‍ ഉണ്ടാകുന്നത് രമേശ്‌ ചെന്നിത്തല എന്ന വ്യക്തിക്ക് തന്നെയായിരിക്കും . പിന്നെ ഉമ്മാക്കി കാട്ടി ലീഗിനെ പേടിപ്പിക്കാമെന്ന് ഒരുത്തനും വിചാരിക്കുകയും വേണ്ട .

1 comment:

  1. നന്നായി പറഞ്ഞു വടക്കേൽ സാഹിബ് !

    ReplyDelete