കൂടെ
ജോലി ചെയ്തിരുന്ന അജയകുമാര്‍ മാഷ് മതപരമായ വിഷയങ്ങളില്‍ അതീവ തല്പരന്‍
ആയിരുന്നു. ഒരുപാട് വായിക്കുകയും , എല്ലാ മതങ്ങളെ കുറിച്ചും കൂടുതല്‍ അറിവ്
നേടാന്‍ ഒരുപാട് താല്പര്യപ്പെടുകയും ചെയ്യുന്ന നല്ലൊരു വ്യക്തി. ഞാന്‍ സഹ
പ്രവര്‍ത്തകനായതോട് കൂടി ഇസ്ലാം മതത്തെകുറിച്ചും , മുസ്ലിം
സംസ്കാരത്തെകുറിച്ചുമൊക്കെ എന്നിലൂടെ ഒരുപാട് പഠിക്കാന്‍ അദ്ദേഹം
ആഗ്രഹിക്കുകയും എന്റെ കഴിവിന്റെ പരമാവധി അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് .
ആയിടക്കാണ് നീലേശ്വര ടൌണില്‍ മുജാഹിദ് വിഭാഗം ഒരു പരിപാടി വെച്ചത്. എന്റെ
കൂടെ പ്രഭാഷണം കേള്‍ക്കാന്‍ അജയകുമാര്‍ മാഷും വന്നിരുന്നു. പ്രമുഖനായ ഒരു
പ്രഭാഷകന്‍ തന്നെ എത്തിയിരുന്നു . പ്രഭാഷകന്‍ ആദ്യം തൊട്ടു അവസാനം വരെ
തന്റെ ഊര്‍ജ്ജം മുഴുവന്‍ ചിലവാക്കി ഒരു കാര്യം പ്രഖ്യാപിച്ചു
.....മുജാഹിദ് അല്ലാത്ത വേറെ ഒരു മുസ്ലിമും ശരിയായ വഴിയില്‍ അല്ല .!!!
അടുത്തയാഴ്ച അതെ സ്ഥലത്ത് വെച്ചു സുന്നികളുടെ മറുപടി , മുജാഹിദുകളുടെ വായ
മൂടിക്കെട്ടാന്‍ മാത്രം വാക്ക്‌ചാതുരി ഉള്ള പ്രഭാഷകന്‍. മൂന്നു
മണിക്കൂറുകളോളം തുടര്‍ന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍ മുജാഹിദുകളുടെ
വാദ ഗതികളെ ശക്തമായി ഖണ്ടിച്ച്ചു കൊണ്ട് അദ്ദേഹവും അസ്സന്നിഗ്ദമായി
പ്രഖ്യാപിച്ചു , 'ഞങ്ങളെ' സുന്നിയല്ലാത്ത ബാക്കിയെല്ലാ മുസ്ലിം വിഭാഗങ്ങളും
തെറ്റായ പാതയില്‍ !!!.
ഇത് കേള്‍ക്കാനും അജയകുമാര്‍ മാഷ്
ഉണ്ടായിരുന്നു. പരിപാടിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് നടന്നു
വരുന്നതിനിടയില്‍ അദ്ദേഹം എന്നോട് ചോദിച്ചു " അല്ല സാബിര്‍ , മുജാഹിദുകള്‍
പറയുന്നു സുന്നികള്‍ മുസ്ലിംകള്‍ അല്ല എന്ന് , സുന്നികള്‍ പറയുന്നു
മുജാഹിദുകള്‍ മുസ്ലിംകള്‍ അല്ല എന്ന് ...പിന്നെ ശരിക്കും ഈ നാട്ടിലെ
മുസ്ലിംകള്‍ ആരാണ് , ഞങ്ങളാണോ ?"
ആശയപരമായ ഭിന്നതകളെ തെരുവുകളില്‍
പരസ്പരം കടിച്ചു കീറുന്ന തരത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത് വളരെ
വിഷമകരം തന്നെയാണ് . സഹിഷ്ണുതയോടെ അഭിപ്രായ വ്യത്യാസങ്ങളെ കാണുകയും
ആഭ്യന്തരമായി അത്തരം വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനമപ്പുറം
വെല്ലുവിളികളും , വാക്പയറ്റു കളും മല്‍സര ബുദ്ധിയും തെരുവുകളിലേക്ക് നീട്ടി
കൊണ്ട് പോകുന്നതെന്തിനാണ് ? ഇപ്പോള്‍ അതൊക്കെ കൊലപാതകത്തിലെക്കും , പള്ളിയും മദ്രസ്സയും തകര്‍ക്കുന്നതിലെക്കും വരെ എത്തിയിരിക്കുന്നു .
അടിസ്ഥാന
പരമയാ വിഷയങ്ങളില്‍ അല്ലാതെ മറ്റു വിഷയങ്ങളില്‍ പ്രവാചകന്റെ കാലത്തിനു
ശേഷം തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട് . ഇന്നും വ്യത്യസ്ത
വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന നാല് മദ്ഹബുകള്‍ ഉണ്ട് . ആ മദ്ഹബിന്റെ
ഇമാമുകള്‍ പോലും വളരെ ബഹുമാനത്തോടു കൂടിയാണ് ആ അഭിപ്രായ വ്യത്യാസങ്ങളെ
കണ്ടത് . ഒരു വൈജ്ഞാനിക സമൂഹത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക
സ്വാഭാവികമാണ് . അതൊരു പോസിറ്റീവ് വശമാണ് . അതിനെ വളരെ നെഗട്ടിവായി
എടുക്കുകയും സംഘടന ഭ്രാന്തു വളര്‍ത്തുകയുമാണ് മത
സംഘടനകളുടെ പേരില്‍ഇന്ന് ചിലര്‍ ചെയ്യുന്നത് .
ഫെയിസ് ബുക്കിലും കാണുന്നു വളരെ
മോശമായ തരത്തിലുള്ള വെല്ലുവിളികളും എതിര്‍ നേതാക്കന്മാരെ യും
,പ്രസ്ഥാനങ്ങളെയും അപഹസിച്ചുള്ള പോസ്റ്റുകള്‍. അതൊരു ആവേശവും,
അഭിമാനവുമായി കൊണ്ട് നടക്കുകയും ചെയ്യുന്നു . ഒരു മത സംഘടനയുടെ
മെംബര്‍ഷിപ്പും മറ്റു സംഘടനകളെയും നേതാക്കളെയും അന്ധമായി വിമര്‍ശിക്കുകയും
ചെയ്‌താല്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് എളുപ്പത്തില്‍ കിട്ടുമെന്നാണോ
നിങ്ങള്‍ കരുതി വെച്ചിരിക്കുന്നത് ?
എന്തിനാണ്
മത സംഘടനകള്‍ ? മത ബോധവും ധാര്‍മ്മികത യും സമൂഹത്തില്‍ വളര്‍ത്താനാണ് .
അല്ലാതെ സംഘടന വളര്‍ത്താന്‍ മതത്തെ ഉപയോഗിക്കാനുള്ളതല്ല . സംഘടന ഭ്രാന്താണ്
മത സംഘടനകളുടെ പേരില്‍ ഇന്ന് നടക്കുന്നത് . അതിന്റെ ഏറ്റവും ഒടുവിലത്തെ
ഇരകളാണ് ഇരു സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഗര്‍ഷത്തില്‍ പാലക്കാട്
രണ്ടു പേര്‍ കൊല്ലപ്പെട്ടത് . മാനവികത യെ കുറിച്ചും സഹിഷ്ണുത യെ
കുറിച്ചും വാക്കുകളും വരികളും ഒരുപാട് ഉപയോഗിക്കുന്നവര്‍ ഇതര മത സംഘടനകളോട്
ഒരിക്കലും പ്രവര്‍ത്തിയില്‍ അതൊന്നും ഉപയോഗിക്കാറില്ല . കടുത്ത
സങ്കുചിതത്വം പുലര്‍ത്തുകായും ചെയ്യുന്നു . അതിന്റെ കൂടെ
രാഷ്ട്രീയവും , പ്രാദേശികമായ വിഷയങ്ങളും കൂടി ചേരുമ്പോള്‍ അക്രമവും
കൊലപാതകവും ഒക്കെ അരങ്ങേറുന്നു . പള്ളികളുടെയും മദ്രസ കളുടെയും
സ്ഥാപനങ്ങളുടെയും എണ്ണത്തിന്റെ പോരിശ പറഞ്ഞും , നമ്മളെ ഉസ്താദ് ആഗോള ഷെയ്ഖ്
ആണെന്ന് പറഞ്ഞും നടക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക . സമുദായത്തില്‍
ഇത്രയും സ്ഥാപനങ്ങളും , നേതാക്കളും സംഘടന പ്രവര്‍ത്തനവും ഒന്നും ഇല്ലാത്ത
കാലത്ത് സമുദായത്തിന് ഒരു ഇസ്സത് ഉണ്ടായിരുന്നു . ഇന്ന് എല്ലാം
ഉണ്ടായിട്ടും ആ ഇസ്സത്തിനാണ് നിങ്ങള്‍ കോട്ടം ഉണ്ടാക്കി കൊണ്ടിരിക്കുന്നത് . മഹല്ല് കമ്മിറ്റികള്‍ പിടിച്ചടക്കാന്‍ കാണിക്കുന്ന വാശിയും ആവശ്യത്തിനു പള്ളിയും മദ്രസയും
ഉള്ളിടത്ത് തന്നെ വീണ്ടും പള്ളിയും മദ്രസ്സയും പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച്ചു ഉണ്ടാക്കുന്നതും ദീനിനോടുള്ള സ്നേഹം കൊണ്ടല്ല . മറിച്ച് അവയൊക്കെ സംഘടന കേന്ദ്രങ്ങള്‍ ആക്കാനുള്ള ആവേശമാണ് അതിനൊക്കെ പ്രേരിപ്പിക്കുന്നത് .
പാണക്കാട്
പൂക്കോയ തങ്ങള്‍ മരണപ്പെട്ടപ്പോള്‍ സമുദായത്തിന്റെ നേത്രത്വം
ഏറ്റെടുക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദ്ദം വിവിധ കോണുകളില്‍ നിന്നും സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങളുടെ മേല്‍ ഉണ്ടായപ്പോള്‍ കരയുകയാനെത്രേ അദ്ദേഹം
ചെയ്തത് . ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തിന്റെ ഗൌരവം അദ്ദേഹത്തെ
കരയിപ്പിച്ചു . യൂഫ്രാട്ടീസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി വിശന്നു
ചത്താലും നാളെ അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടി
വരുമെന്ന് ഭയപ്പെട്ട ഉമര്‍ (ര) വിന്റെ പിന്‍ഗാമികള്‍ ഇന്ന് മഹല്ല്
കമ്മറ്റി പ്രസിഡന്റ് ആകാനും സംഘടന വളര്‍ത്താനും തമ്മില്‍ തല്ലും , കുത്തും കൊലയും വരെ
നടത്തുന്നത് എത്ര മാത്രം വിരോധാബ്സമാണ് . എത്ര മാത്രം ദുഖകരമാണ് . കുടുംബം
, പ്രദേശം , രാഷ്ട്രീയം , സമുദായത്തിലെ തന്നെ അമാന്തര -സമാന്തര
വിഭാഗങ്ങള്‍ , ഇങ്ങനെ പല കാരണങ്ങളുടെ പേരില്‍ പരസ്പരം സംഘടിച്ചു മഹല്‍
കമ്മിറ്റികള്‍ പിടിച്ചടക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളാണ് പല
പ്രദേശങ്ങളിലും നടക്കുന്നത് . വീറും വാശി യും വൈരാഗ്യവും തിരഞ്ഞെടുപ്പും ,
കോടതിയും കേസും തല്ലും കുത്തും കൊലയിലേക്ക് അത് എത്തിച്ചേരുന്നു . .
നാളെ അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം പറയേണ്ടി വരുന്ന വലിയ ഉത്തരവാദിത്വം
നിറഞ്ഞ പദവിയാണ് ഓരോ മുസ്ലിം മഹല്ലിന്റെ യും നേത്രത്വം . പക്ഷെ ആ
ഉത്തരവാദിത്വം നേരാം വണ്ണം പലയിടത്തും നിര്‍വഹിക്കപ്പെടുന്നില്ല എന്ന്
മാത്രമല്ല , ഈ ഒരു പദവി ക്ക് വേണ്ടി വീറും വാശിയും കാട്ടുമ്പോള്‍ ആരാണ്
ഇത്തരക്കാരോട് ഒരു തിരുത്ത് പറയേണ്ടത് ? ദീനിന്റെ പേരില്‍ നടക്കുന്ന ദീന
ല്ലാത്ത ഇത്തരം ചെയ്തികളെ ചോദ്യം ചെയ്യാന്‍ സമുദായത്തിലെ ക്ഷുഭിത യൌവ്വനം
എവിടെ ? നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത് ..അല്ലാമാ ഇഖ്‌ബാല്‍ പറഞ്ഞത്
പോലെ ഇനിയൊരു പ്രവാചകന്‍ വരാനില്ല ..നീ തന്നെയാണ് കപ്പല്‍ , നീ തന്നെയാണ്
കപ്പിത്താന്‍ , നീ തന്നെയാണ് കപ്പല്‍ അണയേണ്ട തീരവും