പേജുകള്‍‌

Saturday, November 26, 2011

തുടര്‍ച്ച......

വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടു മാസം ,  അവള്‍ക്കു കുളി തെറ്റി....." എന്റെ റബ്ബേ..", ഉമ്മയുടെ വിലാപം ,


തിരിച്ചടക്കാന്‍ പോലും തുടങ്ങാത്ത കല്യാണത്തിന് വേണ്ടി എടുത്ത ലോണും,എന്നിട്ടും തീരാത്ത സ്ത്രീധന തുകയിലെ ബാക്കിയും, എട്ടു പവനും , അതിന്നിടയിലാ ഒരു കുളി നിക്കലും!! "


പുളി  മാങ്ങ തിന്നാന്‍ ആശ ഉണ്ടെന്നു  പറഞ്ഞ അവളോട്‌ ബാപ്പ പൊട്ടി തെറിച്ചു,


"കടക്കാരും ,ബാങ്കിലെ കുടിശ്ശികയും, കൊടുത്തു തീരാത്ത എട്ടു പവന്റെ കണക്ക് നിരത്തുന്ന നിന്റെ അമ്മായി അമ്മയും , എല്ലാരും കൂടി എന്നെ കൊന്നു താ ...."


ശര്ദിച്ചു തളര്‍ന്നു ഉമ്മാന്റെ  മടിയില്‍ രാത്രി മയങ്ങുമ്പോള്‍ ....മുടിയില്‍ ബാപ്പയുടെ ഒരു തലോടല്‍, കയ്യിലൊരു പുളി മാങ്ങയും.


കടന്നു പോവേണ്ട മാസങ്ങള്‍ കണക്ക് കൂട്ടി ....., ഏപ്രില്‍ 25, പ്രസവ ദിനം പ്രവചിച്ചു !!!, അതിനിടയില്‍ എന്തെല്ലാം മാമൂലുകള്‍ !!


എന്തെല്ലാം നൂലാമാലകള്‍!!! ഏഴാം മാസത്തിലൊരു  "കല്യാണം", പലഹാര പരിപാടികള്‍ , മാസ മാസം ചെക്കിംഗ്, റസ്റ്റ്‌ എടുക്കല്‍ , എടുപ്പിക്കള്‍ , ഗര്‍ഭം ബഹളമയം!!!


 ഇത്തിരി പോന്ന കുഞ്ഞിനെ  പുതപ്പില്‍  പുതഞ്ഞു  മാറോടു ചേര്‍ത്തപ്പോള്‍ ബന്ധുക്കള്‍  വക ആത്മവിശ്വാസം തകര്‍ക്കും രീതിയിലാ ചോദ്യം വന്നു " പെണ്‍കുട്ടിയാ '...,ഒരു തരം പുച്ഛം!!!!

 കൂടാതെ  നാത്തൂന്റെ പ്രസ്താവന

" ഹോസ്പിടല്‍ ബില്‍ പെണ്ണിന്റെ വീട്ടുകാര്‍ അടക്കണം ".

മെല്ലെ ചിരിക്കുന്ന...... , കാല്‍ ഇട്ടു അടിക്കുന്ന .......,കുഞ്ഞിനെ കളിപ്പിച്ചു
വല്യുപ്പയും,  വല്യുമ്മയും ........എന്നിട്ടും മകളുടെ മുഖത്ത്  തെളിച്ചമില്ല ,


ഇന്നലെ വന്നു പോയ ഭര്‍ത്താവ് ,......" കുഞ്ഞിന്റെ കഴുത്തിലും, അരയിലും ,കാലിലുമൊക്കെ  നിന്റെ വീട്ടുകാര്‍ എന്തെ സ്വര്‍ണം ഇടാത്തത് എന്ന് ചോദിച്ചു " കൂടാതെ ആ എട്ടു പവനും..... മൂപ്പരുടെ ഉമ്മ ചോദിക്കാന്‍ പറഞ്ഞെത്രേ !!!


നൊന്തു  പെറ്റ  കുഞ്ഞിന്റെ ചിരിയില്‍ പോലും സന്തോഷം  കണ്ടെത്താന്‍  ആവാതെ  സ്വര്‍ണം ഓര്‍ത്തു പിടയുന്ന മകളെ നോക്കി......ബാപ്പ ബാങ്കിലേക്ക്......പണയപ്പെടുത്തിയ ആധാരം തിരിച്ചെടുത്തു ......

" വീട് വില്‍പനക്ക്‌ ".

 കഴുത്തിലും,അരയിലും.....പോന്നിട്ട്  കൊഞ്ചുന്ന  പേരക്കിടാവ്.....ബാക്കി വന്ന എട്ടു പവന്‍  ഇട്ടു മകളും.....ബാപ്പയും , ഉമ്മയും കൂടപ്പിറപ്പുകളും വാടക വീട്ടിലേക്ക്‌ .....


കുഞ്ഞിന്റെ നാലാം മാസം കൂടാന്‍ വിരുന്നിനു വന്ന മോള്‍ക്ക്‌ എന്നിട്ടും മുഖത്ത് തെളിച്ചം ഇല്ല ........


" നാണം ഇല്ലേ കുറ്റിയും പറിച്ചു വാടക വീട്ടിലേക്ക്‌  താമസം മാറാന്‍ ......?....അന്തസ്സ് ഉള്ള " എന്റെ മോന്‍ വരില്ല  ആരാന്റെ വീട്ടിലേക്....." അമ്മായി അമ്മയുടെ അടുത്ത കമന്റ്‌.....ആ പിതാവ് നെഞ്ച് തടവി .......തീരില്ല ഇത്  അവസാനം വരെ......ഹൃദയ ഭിത്തിയില്‍  അടിച്ചു കൊണ്ടീയിരിക്കും .....കൂറ്റന്‍ തിരമാലകള്‍ പോലെ.....

Monday, November 21, 2011

പ്രിയ കൂട്ടുകാരി .....ഈ കുറിപ്പ് നിനക്ക് വേണ്ടി .....

ഭ്രാന്ത്‌ പിടിപ്പിക്കുന്ന അക്കൌണ്ടിംഗ് വര്‍ക്കുകള്‍ക്കിടയില്‍ മനസ്സ് തെന്നി , തെന്നി നാട്ടിലേക്ക് ....നാടും നാട്ടാരും , വീടും , വീട്ടാരും.  മഴയില്‍ തണുത്തു  എന്റെ കോട്ടപ്പുറം...നിര്‍ത്താതെ പെയ്യുന്ന മഴ തേജസ്വിനി പുഴയുടെ ഒഴുക്കിന്റെ താളം നഷ്ടപ്പെടുത്തിയിരിക്കുന്നു....മഖ്ദൂം പള്ളിയിലെയും , ഇടത്തര പള്ളിയിലെയും കുളങ്ങള്‍ നിറഞ്ഞു കവിഞ്ഞു പടിക്കെട്ടുകള്‍ പോലും മൂടിയിരിക്കുന്നു. ....

 തന്റെ നാട് ....കുടുംബം , നല്ല സൌഹൃദങ്ങള്‍...ഗൃഹാതുരത്വം നല്‍കുന്ന കുറേ ആഗോഷങ്ങള്‍ ...പ്രവാസം തനിക്കെന്തെല്ലാം നഷ്ടപ്പെടുത്തുന്നു എന്നോര്‍ക്കുമ്പോള്‍..........


താന്‍ എന്നും കണ്ടാസ്വദിക്കാന്‍ ‍ ഇഷ്ടപ്പെടുന്ന മഴയെന്ന പ്രതിഭാസം.........ജീവിതത്തില്‍ ആദ്യമായിട്ടാണ് മഴക്കാലം നഷ്ടപ്പെടുന്നത് ...... നാട്ടില്‍ തിമിര്‍ത്തു പെയ്യുന്ന മഴയുടെ കുളിര് ഇവിടെ  മരുഭൂമിയിലെ ചൂടിനെ എന്നില്‍ നിന്നകറ്റി....ഇനിയെത്ര മഴക്കാലം എനിക്ക് നഷ്ടപ്പെടാനിരിക്കുന്നു....??


റാഷിദ്‌ ആണ് ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് എന്നെ വലിച്ചിട്ടത്.  രാവിലെ എണീറ്റപ്പോള്‍ അവന്റെ മിസ്ഡ്‌ കോള് കിടപ്പുണ്ട്......തിരിച്ചു വിളിച്ചപ്പോള്‍

" എടാ നാട്ടില്‍ കിടിലന്‍ മഴ പെയ്യാടാ ...കുളവും , പുഴയൊക്കെ നിറഞ്ഞു കവിഞ്ഞു.....നീന്തി ചാടി കുളിക്കാനോക്കെ കൊതിയാവ്വാടാ....."

അവന്റെ സ്വരത്തിലും നഷ്ടങ്ങളുടെ വേദന......


വര്‍ഷങ്ങളുടെ പഴക്കമുള്ള തന്റെ തറവാട് വീട്....രാവിലെ തൊട്ടു അവിടെ ആരംഭിക്കുന്ന തന്റെയും , കൂട്ടുകാരുടെയും കളികള്‍ ....മിക്കവാറും മഗ്രിബ് ബാങ്ക് കൊടുക്കുമ്പോള്‍ പുഴക്കരയില്‍ ആണ് അത് അധികവും അവസാനിക്കുന്നത്. 

പഴയ കാല ഓര്‍മകളില്‍ ആദ്യം കടന്നു വരുന്നത് ഉമ്മുമ്മ ആണ്....ഞങ്ങളെയൊക്കെ ലാളിച്ചു , തുണി കൊന്തലയില്‍ പെട്ടിയുടെയൊക്കെ താക്കോല്‍ ഇറുക്കി ബൈതും ,നാടന്‍ ചൊല്ലുകളും സദാ ചൊല്ലി........


" നാണിച്ചു നാണിച്ചു നരകത്തിലേക്ക് ...ചോദിച്ചു , ചോദിച്ചു സ്വര്‍ഗത്തിലേക്ക് .."...ദുനിയാവും , ആഖിരവും   വിജയിക്കാന്‍ ഉമ്മുമ്മ എന്നും ഉപദേശിക്കുന്ന ഒറ്റമൂലി...


പഴയ കാര്യങ്ങള്‍ വേദനിപ്പിക്കുമ്പോഴും വല്ലാത്തൊരു സുഖം സമ്മാനിക്കുന്നത് പോലെ.... 

ലഞ്ച് ബ്രെയ്ക്കിനു ഓഫീസില്‍ നിന്നിറങ്ങിയാല്‍ കുറച്ചു സമയം തന്റെ ഏകാന്തതയിലേക്ക് കടക്കാം എന്ന ആശ്വാസം ആയിരുന്നു ....ഈ ഏകാന്തവാസം തന്നെ ഒരു എഴുത്തുകാരന്‍ ആക്കും എന്ന് കൂട്ടുകാര്‍ കളിയാക്കുമ്പോഴും എനിക്കിതൊരു ഏകാന്ത വാസം ആയി തോന്നിയിട്ടില്ല .....പലപ്പോഴും മനസ്സിത്‌ ആസ്വദിച് കൊണ്ടേ ഇരിക്കുന്നു ......


റൂമിലെത്തി ഫുഡും കഴിച്ചു ചെറിയൊരു മയക്കം പതിവുള്ളതാണ്....കണ്ണടച്ച് കിടന്നിട്ടും ഉറക്കം ,തന്നെ എത്തി നോക്കാന്‍ പോലും കൂട്ടാക്കിയില്ല......മനസ്സിലേക്ക് കടന്നു വന്നത് പത്തു പതിനഞ്ചു  കൊല്ലം പഴക്കമുള്ള കുറേ ചിത്രങ്ങള്‍..നീളം കുറഞ്ഞ നിക്കറും , കുട്ടിക്കുപ്പായവും ഇട്ട കുറേ വികൃതി പിള്ളേര്‍....കൂട്ടത്തില്‍ എന്റെ കുഞ്ഞു മനസ്സും കവര്‍ന്നു ദൂരെ മറഞ്ഞ അവള്‍....


കളിയും , കൂട്ടുകാരുമൊക്കെ കുറേ ഉണ്ടെങ്കിലും വീട്ടിലെത്തിയാല്‍ സങ്കടം തോന്നും.  വീട്ടില്‍ അംഗങ്ങള്‍ ഒക്കെ ഒരുപാട് ഉണ്ട്.  ഉമ്മുമ്മ , ഉപ്പ , ഉമ്മ , ഏട്ടന്മാര്‍, പെങ്ങന്മാര്‍ ..ഉമ്മാന്റെ അനിയത്തി ...അവരുടെ മക്കള്‍ ....ഇവരൊക്കെ ഉണ്ടായിട്ടും തനിക്ക് കൂട്ട് കൂടാന്‍ സമപ്രായക്കാര്‍ ഇല്ല എന്ന എന്റെ പരാതി തീര്‍ത്ത്‌ തന്നത് ഉപ്പയാണ്.

ദൂരെ ജോലിക്ക് പോയ ഉപ്പ ഒരു ദിവസം തിരിച്ചു വന്നപ്പോ വേറെ ഒരാളും കൂടി .....അവള്‍ ....അവള്‍ ...ഉപ്പാന്റെ കൂട്ടുകാരന്റെ വീട്ടില്‍ നിന്നാ അവളെ കൊണ്ട് വന്നത്ഒരു സുന്ദരിക്കുട്ടി ......

 
ഒരു ദിവസം സ്കൂള്‍ വിട്ടു ബാഗും വലിച്ചെറിഞ്ഞു കളിയിലേര്‍പ്പെടാന്‍ ആവേശത്തില്‍ ഇറങ്ങുമ്പോഴാണ് എന്റെ ഉപ്പയെ ചാരി നില്‍കുന്ന അവളെ കണ്ടത്‌....ഉമ്മയും , പെങ്ങന്മാരുമൊക്കെ കൂടി നില്‍പ്പുണ്ട്....നല്ല തവിട്ടു നിറം ...കാണാന്‍ നല്ല ചന്തമോക്കെ  ഉണ്ട് , കളിക്കാന്‍ പോകാന്‍ പിന്നെ തോന്നിയില്ല ..


."  ഈടെ സ്ഥിരായിട്റ്റ്‌ കൊണ്ടാന്നതാ "
ഉമ്മുമ്മ രംഗ പ്രവേശം ചെയ്തിട്ടുണ്ട്. 

"അടക്കോം ,ഒതുക്കൊക്കെ ഉണ്ടോ ഈന് "

അഭിപ്രായങ്ങള്‍ പലതും വന്നു കൊണ്ടേ ഇരുന്നു....എല്ലാരും മാറി കിട്ടിയാല്‍ അവളുടെ അടുത്തു ചെന്ന് കൂട്ട് കൂടാമായിരുന്നു.....കളിക്കൂട്ടുകാരിയെ കിട്ടിയ ആ ബാല്യ മനസ്സ് അതായിരുന്നു കൊതിച്ചത്. 


പതിയെ എല്ലാരും വിട വാങ്ങി ...ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി ഞാന്‍ മെല്ലെ അവളുണ്ടായിരുന്ന മുറിയിലേക്ക് കടന്നു കൂടി....മെലിഞ്ഞു ഇരു നിറമുള്ള മങ്ങിയ കുപ്പായമിട്ട അവനെ തന്നെ അവള്‍ കുറച്ചു സമയം നോക്കി നിന്നു ....പിന്നെ മുഖം തിരിച്ചു....   എന്നോടുള്ള ഇഷ്ടക്കുരവ് അവള്‍ പ്രകടമാക്കി....പത്തു വയസ്സുള്ള കുട്ടി മനസ്സ് വേദനിച്ചു പുറത്തേക്കിറങ്ങി....അവള്‍ സുന്ദരിയായിട്ടാവും ..അങ്ങനെയാണ് മനസ്സില്‍ തോന്നിയത്‌ ...രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒന്ന് തീരുമാനിച്ചു ഇനി അവളോട്‌ അങ്ങോട്ട്‌ കൂട്ട് കൂടാന്‍ പോകില്ല എന്ന്.  എനിക്കെന്തിനാ അവള്‍ ..എനിക്ക് കുറേ കൂട്ടാര്‍ ഇല്ലേ ....


രാവിലെ സ്കൂളിലേക്ക് പോകാനുള്ള തിടുക്കത്തിലാണ്.  പലയിടത്തായി ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ ബാഗിലാക്കി വഴിയിലേക്ക് ഇറങ്ങുമ്പോള്‍ ഉമ്മ ഉപ്പയോട് പറയുന്നുണ്ട്.....

" ഓള്‍ ഒന്നും കയിക്കുന്നില്ല ....ഈടെ പുടിക്കാത്തോണ്ടാവും

അതു കേട്ടപ്പോള്‍ ഇന്നലത്തെ അവളോടുള്ള ദേഷ്യമൊക്കെ പോയി സങ്കടം തോന്നി ...വഴിയില്‍ ഇറങ്ങിയ ഞാന്‍ തിരിച്ചു കയറി ...കണ്ടിട്ട് തന്നെ പോകാം ...ഞാന്‍ അവള്‍ എന്നെ കാണാത്ത വിധം അകത്തേക്ക് ഒളിച്ചു നോക്കി ..ക്ഷീണം ഉണ്ടോ അവള്‍ടെ മുഖത്തു .....ഒന്നും കൂടെ എത്തി നോക്കിയപ്പോള്‍ അവള്‍ എന്നെ കണ്ടു ....കുറച്ചു നേരം എന്റെ മുഖത്ത് നോക്കി ...പിന്നെ ചെറുതായി പുഞ്ചിരിച്ചു ...."ഹാവ്വൂ "...ഇപ്പഴാ ഒന്ന് സമാധാനമായെ ....


സ്കൂളില്‍ എത്തി കൂട്ടുകാരോട് എന്റെ പുതിയ കൂട്ടുകാരിയെ കുറിച്ച് പറഞ്ഞു...ഒന്നാമത്തെ പിരീഡ് നാരായണി ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുകയാണ് .....റാഷിദ്‌ എന്റെ അടുത്തേക്ക്‌ ഒന്നും കൂടി നീങ്ങിയിരുന്നു ടീച്ചറെ കണ്ണ് വെട്ടിച് എന്റെ ചെവിയില്‍ ചോദിച്ചു ....

" എനിക്കും കാണിച്ചു തരുമോടാ "...
"നോക്കാം " ഞാനല്പം ഗമയോടെ പറഞ്ഞു ....


പതിയെ അവള്‍ എന്നോട് കൂട്ട് കൂടി തുടങ്ങി ..എന്റെ കൂട്ടുകാരോടും...കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോവുമ്പോ ഞാന്‍ അവളെയും കൂട്ടി തുടങ്ങി...ഇടയ്ക്കു തസ്ലിം അവളെ ഇടകണ്ണിട്ടു  നോക്കുമ്പോ എനിക്ക് ദേഷ്യം വരും ....സ്കൂളില്‍ ഇരിക്കുമ്പോഴും മനസ്സ് നിറയെ അവള്‍ മാത്രം ആയിരിക്കും....ബെല്ലടിച്ചെന്നു കേട്ടാല്‍ ബാഗെടുത്ത് ഓടും ഞാന്‍ ....എന്നെയും കാത്തു വഴിയില്‍ അവള്‍ കാത്തു നില്പുണ്ടാവും.

അവള്‍ എന്റെ വീട്ടില്‍ വളരെ സന്തോഷത്തില്‍ ആണ് ......അവള്‍ടെ വികൃതികള്‍ കുറച്ചു , കുറച്ചായി കൂടി വന്നു ....വികൃതി വല്ലാതെ കൂടുമ്പോ ഞാന്‍ വഴക്ക് പറയും ....അവളൊന്നും പറയാതെ എല്ലാം കേട്ടോണ്ട് തല താഴ്ത്തി നില്‍ക്കും.

ഓടി ചാടി നടക്കാനായിരുന്നു അവള്‍ക്കിഷ്ടം ....പുഴക്കരയിലെ തെങ്ങിന്‍ തോപ്പില്‍ ഞാനും കൂട്ടുകാരും കളിക്കുന്നതൊക്കെ അവള്‍ കണ്ടു നില്‍ക്കും ....വീട്ടിലും അവളുടെ വികൃതി കൂടി വന്നു .....ഉമ്മയും , ഉപ്പയോക്കെ വഴക്ക് പറയുമെങ്കിലും അവളുടെ വികൃതിക്കൊരു കുറവും ഉണ്ടായിരുന്നില്ല ......


ഒരു വ്യാഴാഴ്ച ....സ്കൂള്‍ വിട്ടു ഓടി വരികയാണ്....വെള്ളിയാഴ്ച സ്കൂള്‍ ഇല്ലാത്തതിന്റെ സന്തോഷത്തില്‍ ആണ് വരവ് .....ആദ്യം അവളുടെ അടുത്തേക്കാണ് പോയത്‌ .......അവളെ കണ്ടപ്പോ എന്റെ നെഞ്ച് പിടഞ്ഞു ....അവളുടെ മൂക്ക് പൊട്ടി ചോര പൊടിഞ്ഞിരിക്കുന്നു ...എന്നെ കണ്ടപ്പോ അവളുടെ കണ്ണ് നിറഞ്ഞു ..എന്റെയും .....

" ചെറിയ മുറിവാ ....ഒരാഴ്ചക്കുള്ളില്‍ ഉണക്കാവ്വും..." ഉപ്പ എന്നെ ആശ്വസിപ്പിച്ചു ....എങ്കിലും എനിക്ക് സമാധാനം ആയില്ല ...ഞാന്‍ അവളുടെ തലയില്‍ തടവി...

" നീ കുരുത്തക്കേട് കാട്ടിയത്‌ കൊണ്ടല്ലേ ....ഇത് പറ്റിയേ.....എപ്പോഴും ഞാന്‍ പറയുന്നതല്ലേ ..."


അവള്‍ എന്നെ ദയനീയമായി നോക്കിയപ്പോ ഞാന്‍ വല്ലാതെ ആയി ....കുറേ സമയം അവളുടെ അടുത്തു തന്നെ നിന്ന്....


മൂക്ക് മുറിഞ്ഞത് കാരണം അവള്‍ക്കു ഭക്ഷണം നേരാം വണ്ണം കഴിക്കാനും വിഷമം അനുഭവപ്പെട്ടു ....ആ ദിവസങ്ങളില്‍ ഞാനും ഭക്ഷണം കഴിക്കാതെ ആയി ....എനിക്ക് ഭക്ഷണം എടുത്തു വെക്കുമ്പോ എനിക്ക് കരച്ചില്‍ വരും ...അവള്‍ക്കു തിന്നാന്‍ വയ്യല്ലോ .....അതോണ്ട് എനിക്കും വേണ്ട ....ഞാന്‍ പാത്രം മാറ്റി വെക്കുമ്പോ ഉമ്മ പറയുന്നുണ്ട് ...

" ഈ ചെക്കന് എന്തിന്റെ കേടാ  ....ഓള്‍ടെ കുരുത്തക്കേട് കൊണ്ട്  കിട്ടിയതല്ലേ ...അയിനു നീ എന്തിനാ വയര് കായിക്കുന്നെ .."

എനിക്ക്  എല്ലാരോടും ദേഷ്യം വന്നു .....എന്റെ കൂട്ടുകാരി അല്ലേ അവള്‍ ...അവള്‍ക്കു വയ്യാണ്ടിരിക്കുമ്പോ എനിക്ക് തിന്നാന്‍ പറ്റുമോ ???....


ദിവസങ്ങള്‍ കഴിഞ്ഞു പോയി ....അവളുടെ മുറിവ് ഒക്കെ മാറി ....പഴയ ചിരിയും , കളിയും , ഉത്സാഹവും അവളില്‍ കണ്ടു തുടങ്ങി ..അവള്‍ കൂടുതല്‍ സമയവും എന്റൊപ്പം തന്നെ കൂടി ...പള്ളിക്കുളത്തില്‍ കുളിക്കാന്‍ പോകുമ്പോള്‍  അവള്‍ എന്നും കൂട്ട് വരും...കുളത്തിനടുത്തുള്ള മാവില്‍ കയറി കുളത്തിലേക്ക്‌ എല്ലാരും ഒരു ചാട്ടം ഉണ്ട് ...അവള്‍ അത് കണ്ടു ചിരിക്കും ....എന്നാലും ഞാന്‍ ചാടുമ്പോള്‍ അവളുടെ മുഖത്ത് ആശങ്ക ഉണ്ടായിരുന്നില്ലേ ........
ചാടി തിമിര്‍ക്കുന്നതിനിടയിലായിരിക്കും ഇസ്മൈല്‍ച്ചാന്റെ  രംഗ പ്രവേശം....പിന്നെ കരയില്‍ കയറിപ്പറ്റി  ഒരോട്ടമാണ് ....ഇസ്മൈല്‍ച്ച  ..കോട്ടപ്പുറത്തെ കാരണവര്‍ ....പള്ളി പ്രസിഡന്റ്‌ ...നല്ല ഉയരത്തില്‍ തടിച്ച ശരീരവും ആയി ...ഘന ഗാമ്ബിര്യത്തിലുള്ള ശബ്ദം കേട്ടാല്‍ തന്നെ ഞങ്ങള്‍ പേടിച്ചു വിറക്കും ....പള്ളിക്കടുത്തുള്ള ബദാം മരത്തില്‍ ഞങ്ങള്‍  വിളയാടുംബോഴും  വില്ലനായി ഇസ്മൈല്ച്ച വരും ....ഇസ്മൈല്ച്ചാനെ കണ്ടാല്‍ ഞങ്ങളോടൊപ്പം ഓടാന്‍ അവളും പഠിച്ചു .....ഞാന്‍ പള്ളിയില്‍ പോകുമ്പോഴും അവള്‍ ഉണ്ടാകും കൂടെ ....നിസ്കാരം കഴിയുന്നത് വരെ അവള്‍ എന്നെയും കാത്തു പുറത്തു നില്‍ക്കും ....അങ്ങനെ എന്റെ ഓരോ നിമിഷത്തിലും അവള്‍ നിറഞ്ഞു നിന്നിരുന്നു ....


അവളില്ലാത്ത ഒരു നിമിഷം പോലും എനിക്ക് മടുപ്പായിരുന്നു ....വൈകുന്നേരങ്ങളിലെ കളി  അധികവും പുഴക്കരയിലെ തെങ്ങിന്‍ തോപ്പുകള്‍ക്കിടയില്‍  ആയിരിക്കും ...... കുട്ടിയും കോലും....അചോട്ടു കളി..തൊട്ടു കളി ....അങ്ങനെ അങ്ങനെ ........അത്താബൂച്ച ഉണ്ടെങ്കില്‍ കളി ഒന്നും കൂടെ ഉശാരാകും ....അത്താബൂച്ച ....തടിച്ചു ഇരു നിറമുള്ള , ഉയരം കുറഞ്ഞ.... പത്തിരുപത്തെട്ടു വയസ്സോക്കെ ആയിട്ടുണ്ടാകും ...എന്നാലും കുട്ടികളുടെ മനസ്സുമായി നടക്കുന്നു ...ഞങ്ങളുടെ സന്തോഷം ആണ് അത്താബൂച്ചാന്റെ സന്തോഷം.

സര്‍ക്കസ്‌ ആണ് മൂപ്പരുടെ പ്രധാന ഐറ്റം ....അത് കണ്ടു ആസ്വദിച്ചു ഞങ്ങള്‍ മതി മറക്കും ...പൂഴിക്കുള്ളില്‍ കുഴി കുഴിച്ചിട്ടു അതില്‍ അത്താബൂച്ച മുഖം പൂഴ്ത്തി വെക്കും ...എന്നിട്ട് ഞങ്ങളോട് മണ്ണിട്ട്‌ മൂടാന്‍ പറയും.....അങ്ങനെ കുറേ സമയം മുഖം പൂഴ്ത്തി  നില്‍ക്കും.....പുഴയില്‍ നിന്നും പാമ്പിനെ എടുത്തു ( ഒള്ള ...വിഷം ഇല്ലാത്തത്‌ ) കഴുത്തിലിട്ടു നടക്കും....അങ്ങനെ , അങ്ങനെ കുറേ സര്‍ക്കസുകള്‍ .........


അന്ന് നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരുന്നു ...തലേന്നു പെയ്ത  നല്ല മഴ.......   പുഴയുടെ ഒഴുക്കിന്റെ ശബ്ദം ഇപ്പോഴും കേള്‍ക്കാം ....ആദ്യം അചോട്ടു കളിയായിരുന്നു ....പുഴക്കരയിലെ തെങ്ങിന്‍ തോപ്പില്‍ ...വളഞ്ഞു പോയ തെങ്ങിന് ചാരി നിന്ന് ‍  മുഖം ചേര്‍ത്തു സാരഥി എണ്ണാന്‍ തുടങ്ങി .....1...2...3...4..5.....
" സാരതീ..ഒളികണ്ണിട്ടു  നോക്കെല്ലെടാ "....

 കൂട്ടത്തില്‍ ഇത്തിരി തടിയനായ സിദ്ദിക്കിന്റെ ഭീഷണി .....ചാഞ്ഞു കിടക്കുന്ന പച്ചോലകളുടെ മറവില്‍ എന്നെ കൊണ്ട് പോയി ഒളിപ്പിച്ചത് അവളാണ് ....എന്നെ കണ്ടു പിടിക്കരുതെന്ന് എന്നേക്കാള്‍ ആഗ്രഹം അവള്‍ക്കായിരിക്കും .....48..49..50...അത്രയും കഴിഞ്ഞപ്പോ ഒന്നും കൂടി പതുങ്ങിയിരുന്നു .....സാരതിയുടെ കണ്ണുകള്‍ എന്നെ തേടി വരുമോ ....വരികയാണേല്‍ ഓടി അചോട്ടു പറയാനുള്ള മനക്കോട്ട കേട്ടുന്നതിനിടയില്‍ ആണ് റാഷിദ്‌ കൂകി വിളിച്ചത് ....

"അത്താബൂച്ച ...അത്താബൂച്ച ..."

അസ്ത്രം കണക്കെ അവന്‍ അത്താബൂച്ചയുടെ അടുക്കലേക്ക് അവന്‍ പാഞ്ഞടുക്കുന്നത് പച്ചോലകല്‍ക്കിടയിലൂടെ  ഞാന്‍ കണ്ടു...."അത്താബൂച്ച ...അത്താബൂച്ച ...എന്ന് ഈണമിട്ടു ഞാനടക്കം അയാള്‍ക്കും ചുറ്റും എത്തി ....ഇനി കളിയുടെ ഗതി മാറാന്‍ പോവുകയാണ് ....ആഹ്ലാദം പല ശബ്ദങ്ങളിലായി പുറത്തേക്ക് ഒഴുകി......

" ബാ പോയ്യയില്‍ മൂടിട്ടു കാണിക്കാം "... അത്താബൂച്ച ഒരു വിസിലടിയുടെ അകമ്പടിയോടെ അറിയിച്ചു.....പിന്നെ അത്താബൂച്ച പോയ്യയില്‍ മുഖം താഴ്ത്തി ....അത് കാണുമ്പോള്‍ ഞങ്ങളുടെ കൈ കൊട്ടലും ആര്‍പ്പ് വിളിയും ...പള്ളിയില്‍ മഗ്രിബ് ബാങ്ക് കൊടുത്തപ്പോഴാണ് സമയം വൈകിയതരിഞ്ഞത് ......എല്ലാവരും അവരുടെ വീടുകളിലേക്ക് നടന്നു തുടങ്ങി .....


തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടത്തില്‍ അവളെ മാത്രം കാണാനില്ല ....അവള്‍ ...അവള്‍ ..അവളിതെവിടെ പോയി ?????...നാല് പാടും എന്റെ കണ്ണുകള്‍ ചുറ്റിത്തിരിഞ്ഞു ....എവിടെയും അവളുണ്ടായിരുന്നില്ല ...ഞാനവളെ തിരഞ്ഞു പുഴക്കടവിലേക്ക് ഓടി ...കൂട്ടുകാരും പിന്നാലെ വന്നു ..."ഇപ്പം ഞാന്‍ കണ്ടതാ "..ഹക്കിമിന്റെ ആശ്വാസ വചനം എന്നെ തേടിയെത്തി .......കുറേ കുഞ്ഞു കണ്ണുകളും , അത്താബൂച്ചയും ആശങ്കകളോടെ അവളെ തിരഞ്ഞു നടന്നെങ്കിലും എവിടെയും അവള്‍ ഉണ്ടായിരുന്നില്ല ....എന്റെ കണ്ണുകള്‍ നിറഞ്ഞു കവിയാന്‍ തുടങ്ങി....കൂട്ടുകാര്‍ ‍ ആരോ വീട്ടില്‍ അറിയിച്ചു ....ചൂട്ടും , വെളിച്ചവുമായി ഉമ്മയും, ഉപ്പയും ഇത്തയുമൊക്കെ അവിടേക്ക് ഓടിയെത്തി ...കുറ്റപ്പെടുത്തും വിധം ഉള്ള നോട്ടങ്ങള്‍ എന്നെ മുറിപ്പെടുത്തി ....

" നീ പോന്നോട്തൊക്കെ കൊണ്ട നടക്കണ്ടാന്നു നൂറു വട്ടം പറഞ്ഞതാ .....പടച്ചോനെ ...പുഴയില്‍ ഒഴുക്കാനല്ലോ...." ഉമ്മ നെഞ്ചില്‍ കൈ വെച്ചു..

എന്റെ കുഞ്ഞു മനസ്സിന്റെ നിയന്ത്രണം വിട്ടു ...ഞാനറിയാതെ ഹൃദയത്തിന്റെ നൊമ്പരം പുറത്തു വന്നു തുടങ്ങി .....ഇടയ്ക്കു കുപ്പായത്തില്‍ കണ്ണും,മുഖവും തുടയ്ക്കും....എന്നെ ആശ്വസിപ്പിക്കാനായി തസ്ലിം തിരച്ചിലില്‍ നിന്ന് വിട്ടു നിന്ന്...അവന്‍ എന്റെ ചുമലില്‍ തഴുകിയപ്പോ
അടക്കാന്‍ ശ്രമിച്ച തേങ്ങല്‍ പൊട്ടിക്കരച്ചിലായി മാറി....


"കണ്ടൂ ..കണ്ടൂ ...അവളിവിടെ ഉണ്ടേ ...." ഒരശരീരി പോലെ തോന്നിയതാണോ ????......വീണ്ടും "..കണ്ടൂ..കണ്ടൂ..ഞാന്‍ കണ്ടതാ ...ഞാന്‍ കണ്ടതാ .." സിദ്ദിക്കിന്റെ ശബ്ദം ....കൂടെ മറ്റുള്ളവരുടെ ആര്‍പ്പ് വിളിയും ....

ദൂരെയുള്ള പെണ്ണുങ്ങളുടെ കുളിക്കടവില്‍ നിന്നാണ് അവരുടെ വരവ് ...ഞാന്‍ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ്‌ അവരുടെ അടുത്തേക്ക്‌ ഓടി ....ചൂട്ടിന്റെ വെളിച്ചത്തില്‍ എല്ലാം കാണാം ...സിദ്ടിക്കാന് മുന്‍പില്‍ ...അവനാണ് കണ്ടു പിടിച്ചതെന്ന അഹങ്കാരം അവന്റെ മുഖത്ത് വ്യക്തമായിരുന്നു ....പിന്നില്‍ അവളെയും ചേര്‍ത്തു പിടിച്ചു ഉമ്മ ...അതിനു പിറകില്‍ ഒരു ജാഥ പോലെ മറ്റുള്ളവരും ....


"ദിവ്സൂം കുരുത്തക്കേട് കൂടി വരികയാ...ഈനെല്ലാം കൊണ്ടോന്നിടത്തു തന്നെ കൊണ്ടാക്കണം.."ഉമ്മ അവളുടെ ചെവി പിടിച്ചു നുള്ള് വെച്ചു കൊടുത്തു ....

അവള്‍ ദയനീയമായി  എന്നെ നോക്കി...ഞാന്‍ അവളെ നോക്കാതെ വീട്ടിലേക്കു നടന്നു ...."വീട്ടില്‍ വാ നിനക്ക് നല്ലോണം വെച്ചിട്ടുണ്ട്"..ഞാന്‍ മനസ്സില്‍ പറഞ്ഞു ....വീട്ടിലെത്തിയ ഉടനെ അവളെ പേടിപ്പിക്കാന്‍ ഉണ്ടാക്കി വെച്ചിരുന്ന വടിയെടുത്ത് നാലെണ്ണം അവള്‍ക്കു കൊടുത്തു......
" വേണ്ട മോനെ ...വേണ്ട...നീ നോക്കാഞ്ഞിട്ടു അല്ലേടാ ..." വീണ്ടും കുറ്റപ്പെടുത്തലുകള്‍ എന്റെ നേര്‍ക്ക് നീണ്ടു ...വീണ്ടും ..വീണ്ടും...അവളെ അടിക്കാന്‍ തോന്നി ...അടിച്ചു ...വടി രണ്ടായി മുറിയും വരെ ....അവളുടെ ഉച്ചത്തിലുള്ള നിലവിളി ചെവിയില്‍ വന്നു വീണപ്പോ ....ഞാന്‍ കൈ എടുത്തു ചെവി പൊത്തി ...അവളെ നോക്കാതെ എന്റെ റൂമില്‍ വന്നു കിടന്നു....ഉമ്മയും , ഇത്തമാരും ചോറ് കഴിക്കാന്‍ നിര്‍ബന്ധിച്ചു ....ഞാന്‍ കൂട്ടാക്കിയില്ല...അവളുടെ ഉച്ചത്തിലുള്ള നിലവിളി എന്നെ വിട്ടു പോയില്ല ......എന്റെ മനസ്സ് പിടഞ്ഞു ...പിടഞ്ഞു ...പൊട്ടിയ വടിയുടെ ഒരു ഭാഗം എടുത്തു ഞാന്‍ എന്റെ ഇടത്തെ കയ്യില്‍ ആഞ്ഞടിച്ചു ....പിന്നെ ഒരു പോട്ടിക്കരച്ചലോടെ കട്ടിലിലേക്ക് വീണു.


ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകള്‍....എന്റെ തേങ്ങലുകള്‍ അവസാനിച്ചിരിക്കുന്നു ....തിരിഞ്ഞും , മറിഞ്ഞും , കിടന്നു ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു... പാതിരാ ആയിട്ടും എന്റെ അസ്വസ്ഥതയ്ക്ക് മാറ്റം ഉണ്ടായില്ല ....എല്ലാവരും സുഖ നിദ്രയില്‍ പൂണ്ടിരിക്കുന്നു ....ഞാന്‍ പതിയെ എണീറ്റ്‌ അവളുടെ അടുത്തു  ചെന്ന്....എന്റെ കാല്‍ ശബ്ദം കേട്ടപ്പോള്‍ അവള്‍ മുഖം ഉയര്‍ത്തി നോക്കി ...അവളും ഉറങ്ങിയിട്ടില്ല ....എന്നെ കണ്ടപ്പോള്‍ തന്നെ അവള്‍ വിതുംബാന്‍ തുടങ്ങി ....അവളുടെ മുറിപ്പാടുകളില്‍ ഞാന്‍ മെല്ലെ തലോടി ..... അവളെ തലോടാന്‍ ശ്രമിച്ചു .... ....എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു ....അവളുടെ മുഖം എന്റെ കുഞ്ഞു കൈ കുമ്പിളില്‍ എടുത്തു ഞാന്‍ ചോദിച്ചു ....

" നീ എന്താ എന്നോട് പറയാതെ പോയത്‌ ...ഞാനെത്ര വിഷമിച്ചു ..അതോണ്ടല്ലേ ദേഷ്യം വന്നത് ..." അവളൊന്നു തേങ്ങിയതല്ലാതെ ഒന്നും മിണ്ടിയില്ല ....

" ഇനി ഒരിക്കലും അടിക്കില്ല ...ദേഷ്യം വന്നപ്പോ ചെയ്തു പോയതാ "..കൂട്ടുകാരന്റെ കുമ്പസാരം കേട്ടു അവള്‍ കിടന്നു....

" ഇനി ഉറങ്ങിക്കോ ....ഞാനിവിടെ ഇരിക്കാം ....അവള്‍ ഉറങ്ങുന്നത് വരെ ഞാന്‍ അവിടെ തന്നെ ഇരുന്നു ....


ദിവസങ്ങള്‍ പോയി കൊണ്ടേ ഇരുന്നു ....ഒരു വര്ഷം കൂടി കഴിഞ്ഞിരിക്കുന്നു ....അഞ്ചില്‍ നിന്ന് ആറാം ക്ലാസ്സിലേക്ക് ....അവള്‍കിപ്പോ പഴയ വികൃതി ഒന്നുമില്ല ...എന്ത് പറഞ്ഞാലും അനുസരിക്കും ....പുതിയ ബാഗും ...യുനിഫോമും ഇട്ടു സ്കൂളില്‍ ഇറങ്ങിയപ്പോ ഞാന്‍ അവളോട്‌ പറഞ്ഞു ..." ഇനി എപ്പഴും നിന്റെ കൂടെ കളിക്കാന്‍ ഞാനുണ്ടാവില്ലാട്ടോ ....ആറാം ക്ലാസ്സില്‍ ആയി ...കുറേ പഠിക്കാന്‍ ഒക്കെ ഉണ്ടാഗും ".......അവളൊന്നും പറഞ്ഞില്ല ...എങ്കിലും ആ കണ്ണില്‍ നിരാശ ഉണ്ടായിരുന്നില്ലേ .....


അന്ന് ഞാന്‍ സ്കൂള്‍ വിട്ടു വന്നപ്പോ വീട്ടില്‍ എന്തൊക്കെയോ ചര്‍ച്ച നടക്കുന്നുണ്ട് ......ഒളിഞ്ഞു നിന്നിട്ട് കാര്യം എന്തെന്നറിയാന്‍ ഞാന്‍ ചെവി കോര്‍ത്തു ....

" നീ ഇങ്ങനെ ഒളിഞ്ഞു കേള്‍ക്കേണ്ട .....നിന്റെ കൂട്ടുകാരിയെ കൊണ്ട് പോവ്വാ ...അവള്‍ടെ വീട്ടിലേക്ക് .." എന്റെ മനസ്സ് പിടഞ്ഞു ..

" വേണ്ടാ ...ഞാന്‍ സമ്മതിക്കില്ല ..." സങ്കടവും , വാശിയും നിറഞ്ഞ എന്റെ വാക്കിനെ ഇത്ത പരിഹസിച്ചു .....


Monday, October 24, 2011

കുഞ്ഞാലിക്കുട്ടി - ഇയാള്‍ക്കും കുടുംബം ഉണ്ട്.

എല്ലാത്തിനും  ഒരു പരിധി ഇല്ലേ ?, വിമര്‍ശിക്കാനും,അന്വേഷണം നടത്താനും മാധ്യമങ്ങള്‍ക്ക് ഉള്ള സ്വാതന്ത്ര്യം അംഗീകരിച്ചു തന്നെ പറയട്ടെ. ജനാധിപത്യത്തിന്റെ നാലാമിടം എന്ന സൌകര്യവും ,സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തു ചാനല്‍ മല്‍സരങ്ങളില്‍ മുന്നിലെത്താന്‍ ഒരു വ്യക്തിയെ നിരന്തരം വേട്ടയാടുന്നതിനു പിന്നിലെ അജണ്ട എന്താണ് ?...


ക്രൈം നന്ദകുമാറും , നളിനി ജമീലയും , ഇപ്പോള്‍ സന്തോഷ്‌ പണ്ടിട്ടും പയറ്റി വിജയിക്കുന്ന തന്ത്രം, എം .ടി യും , സുകുമാര്‍ അഴീക്കോടും എഡിറ്റര്‍ മാരായി നിന്നിട്ടും വിജയിക്കാതെ പോയ പത്ര മാസികകള്‍ ഉള്ള നാട്ടിലാണ് മലയാളിയുടെ ലോല വികാരങ്ങളെ തൊട്ടുണര്‍ത്തി ഇവന്മാരൊക്കെ വിജയിച്ചു പോയത്‌.  ഇതേ തന്ത്രം തന്നെയാണ് ചാനല്‍ കിട മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പഴകി പുളിച്ച ഐസ് ക്രീം വീണ്ടും, വീണ്ടും  രുചിക്കാന്‍ ഇന്ത്യ വിഷന്‍ എന്ന ചാനലിനെ നിരന്തരമായി  പ്രേരിപ്പിക്കുന്നതും. അടിയുടെ ,ഇടിയുടെ ,വെടി യുടെ മുന്നില് അടിയറവു പറയരുതെന്നു അനുയായികള്‍ക്ക്‌ ആവേശം പകരുന്ന യുവജന നേതാവ് അറിഞ്ഞോ ,അറിയാതെയോ ,തന്റെ അഭിമാനത്തിനു ക്ഷതം വന്നു എന്ന ചിന്തയില്‍  ഒരു നിമിഷം അടി പതറി തന്റെ കുടുംബ ബന്തങ്ങളുടെ   നില നില്പ് ഓര്‍ത്ത്‌  വാവിട്ടു കരയുന്നത് നമ്മളൊക്കെ കണ്ടതാണ്.


 കഴിഞ്ഞ പതിനാറു വര്‍ശം   ഒരേ ഒരു ആരോപണത്തിന്റെ  പേരില്‍, പലരും കുടുക്കാന്‍ പറ്റുമോ എന്ന് അന്വേഷിച്ചു  കോടതിയായായ കോടതിയി ലൊക്കെ കയറി ഇറങ്ങിയിട്ടും , സുപ്രീം കോടതി പോലും ഒരു തെളിവില്ല എന്ന് പറഞ്ഞിട്ടും കുഞ്ഞാലിക്കുട്ടി വേട്ടയാടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു .

ആ വ്യക്തിക്കും ഭാര്യയും , മക്കളും , മരുമക്കളും കുടുംബമോക്കെ ഉണ്ട്, അവരൊന്നും മലക്കുകളും അല്ല, എല്ലാ വികാര വിചാരങ്ങളും  ഉള്ള മനുഷ്യര്‍...എത്ര വര്‍ഷമായി ആ കുടുംബം മാനസികമായി പീഡനം അനുഭവിക്കുന്നു.  ചാനലില്‍ വന്നു കരയുന്നില്ല എന്നത് കൊണ്ട് ആ കണ്ണീര്‍ കണ്ണീര്‍ ആവാതിരിക്കുന്നില്ല.  


മതം നിഷിദ്ദമാക്കിയത് കൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാതെ നില്കുന്നതെന്ന് പോലും ഒരു അവസരത്തില്‍  അവര്‍ക്ക് പറയേണ്ടി വന്നു. 


പൊതു പ്രവര്‍ത്തകര്‍ക്ക് മേല്‍ ആരോപണങ്ങളും, പ്രത്യാരോപണങ്ങളും സ്വാഭാവികമാണ്, അതൊക്കെ സഹിക്കാനുള്ള മനക്കരുത്ത് ആ വ്യക്തികള്‍ക്കും , കുടുംബങ്ങള്‍ക്കും ഉണ്ടാവുഗയും ചെയ്യും. 

പതിറ്റാണ്ടുകളായി കുഞ്ഞാലി കുട്ടി പൊതു രംഗത്ത് ഉണ്ട് , പറയാനുള്ളത്‌ ഒരേ  ഒരു ഐസ് ക്രീം ആരോപണം, സേതു റാം അയ്യരുടെ സിനിമ പോലെ അതിന്റെ തന്നെ ഒന്നാം ഭാഗം , രണ്ടാം ഭാഗം , മൂന്നാം ഭാഗം ഒക്കെ സൃഷ്ടിച്ചു   ഇങ്ങനെ കുറച്ചു ആളുകള്‍ കൂടി എല്ലാ കാലത്തും   എല്ലാ സീമകളും കടന്നു വേട്ടയാടാന്‍ തുടങ്ങിയാല്‍ , അത് ഒരു കുടുംബത്തെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പോലും എത്തിക്കുന്ന തരത്തിലേക്ക്‌ മാറിയിട്ടുണ്ടെങ്കില്‍ , ഈ വിഷയത്തില്‍ മാത്രമല്ല , പല വിഷയങ്ങളിലും സ്വയം വാദിയും, പോലീസും ,കോടതിയും, ജഡ്ജ് യും ആയി മാറുന്ന  മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും, വെട്ടയാടലിനെ കുറിച്ചും ഗൌരവകരമായ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.ഐസ്ക്രീം കേസിന്റെ പേരില്‍ ഇപ്പോള്‍ ഈ ചാനലില്‍ നടക്കുന്ന ആഗോഷം ചാനല്‍ കിട മത്സരത്തില്‍ നാല് ബ്രെയ്കിംഗ് ന്യൂസ്‌ അധികം കിട്ടിയാല്‍  അത്ര രക്ഷപ്പെടും എന്ന ചിന്താഗതി മാത്രം അല്ലാതെ മറ്റെന്താണ് ?? 


സാമൂഹികമായ ഉത്തരവാദിത്വത്തില്‍ ഊന്നിയ മാധ്യമ പ്രവര്‍ത്തനം ആണെന്ന് വിശ്വസിക്കാന്‍ തരമില്ല.

 അങ്ങനെ എങ്കില്‍ ‍ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ നിരവധി പേരുടെ മേല്‍ ഉണ്ടായിരിക്കുന്നു, പല അമ്പരപ്പിക്കുന്ന സംഭവങ്ങളും  കേരളീയ സമൂഹത്തില്‍ നടന്നിരിക്കുന്നു, കിളിയൂരും ,കവിയൂരും, പറവൂരും.

ഇപ്പോള്‍ പിതാവ്‌ മകളെയും , പത്തു വയസ്സുകാരന്‍ രണ്ടു വയസ്സുകാരിയെയും പീഡിപ്പിക്കുന്ന   അരാജകത്വത്തിലേക്ക് ഈ നാട് നീങ്ങുന്നു,
ഈ ചാനെലുകാരന്‍ ഒന്നും അതിനെ കുറിച്ചൊന്നും ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കുന്നതോ , ഒളി ക്യാമറ തിരിക്കുന്നതോ ആരും കണ്ടിട്ടില്ല. 

അടിസ്ഥാന പ്രശ്നങ്ങള്‍ക്കുമപ്പുരം ഇവരുടെയൊക്കെ മുന്‍ഗണന വേറെ എന്തൊക്കെയോ ആണ്.


വലിയ മെനക്കേട് ഇല്ലാതെ അപ സപര്‍പ്പക കഥകള്‍ മെനഞ്ഞു ചാനല്‍  പിടിച്ചു നിര്‍ത്തുക. 24മണിക്കൂര്‍ തികക്കാന്‍ ചാനലുകള്‍ ചെയ്യുന്ന രീതികളെ  കുറിച്ച് ഹൈ കോടതിക്ക് പോലും വിമര്‍ശിക്കേണ്ടി വന്നത് ഇവിടെ ഓര്‍ക്കുന്നു.   അതൊക്കെ കൊണ്ടാണ് പൊതു സമൂഹത്തില്‍ യാതൊരു വിശ്വാസ്യതക്കും ഇടമില്ലാത്ത ക്രിമിനല്‍ പശ്ചാത്തലം ഉള്ള  രഹൂഫ്‌ മാര്‍ ‍ "ചീഫ്‌ റിപ്പോര്‍ട്ടര്‍ " ആകുന്നതും , ഗദ്ദാഫി
മരിച്ചപ്പോള്‍ പോലും ഒന്നാം വാര്‍ത്തയും ,ചര്‍ച്ചയും ഐസ് ക്രീം മാത്രം ആകുന്നതും .പതിനാറു വര്ഷം  മുന്‍പ് തുടങ്ങിയതാണ് ഈ ആരോപണം.  അന്ന് തന്നെ പറ്റുന്നവര്‍ ‍ ഒക്കെ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കാന്‍ ആവുന്നത് ശമിച്ചതാണ്.  ഇന്നും ഈ കേസിന്റെ പിന്നാലെ നടക്കുന്നവര്‍ തന്നെയാണ് അന്നും സുപ്രീം കോടതി വരെ പോയതും.  അന്ന് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തിരിക്കുന്ന ഒരു എം .എല്‍ .എ  മാത്രം , പാര്‍ട്ടിയില്‍ പോലും ഇന്ന് ഉള്ള പവര്‍ പോലും ഇല്ല.  എന്നിട്ടും കേസ് അട്ടിമറിച്ചു പോലും. അന്നത്തെ നായനാര്‍ സര്‍ക്കാരിനെ , സി പി എമ്മിനെ , നിയമ വ്യവസ്ഥയെ ,പോലീസിനെ , മാധ്യമങ്ങളെ ,എല്ലാത്തിനെയും ഉള്ളം കയ്യിലിട്ട് അമ്മാനമാടി പോലും  ഈ കുഞ്ഞാപ്പ !!! ഒരു അമാനുഷികന്‍ തന്നെ ഈ കുഞ്ഞാപ്പ !!!. ഇന്ത്യാ  വിഷന്‍ ഈ അമാനുഷികത്വം കുഞ്ഞാപ്പ ക്ക് നല്‍കാന്‍ വല്ലാതെ പാട് പെടുന്നുണ്ട്.


പതിനാറു  വര്ഷം മുന്‍പ് എല്ലാ കുതന്ദ്രങ്ങളും പയറ്റി നോക്കിയിട്ടും കുഞ്ഞാലിക്കുട്ടി ക്കെതിരെ കേസ് എടുക്കാന്‍ പോലും ഒരു സത്യവും ഇല്ല എന്ന് തെളിയിക്കപ്പെട്ടിട്ടും ഇതിന്റെ രണ്ടാം ഭാഗം 2005 ഇല്‌ റിലീസ് ചെയ്യപ്പെട്ടു. 


യു.ഡി.എഫു അധികാരത്തില്‍,   ഉമ്മന്‍ ചാണ്ടി - കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് വികസനത്തില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി സ്മാര്‍ട്ട്‌ സിറ്റി യും , ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ ഒക്കെ ആയി നടക്കുന്നു.


 കുഞ്ഞാലിക്കുട്ടിക്ക് മേല്‍      ആരുടേയും കണ്ണേറ് ഉണ്ടാകും വിധത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലം.  പെട്ടെന്നതാ വരുന്നു രജീന എന്ന കഥാപാത്രം ഇന്ത്യ വിഷന്‍ ചാനലില്‍. ഏഷ്യാനെറ്റ്‌, ഒരു പത്ര മാധ്യമാത്തിലെക്കുമാണ് ഇവര്‍  ആദ്യം പോയതെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. 


ഇന്ത്യാ വിഷന്‍ ആണെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു  ബ്രെയ്കിംഗ്  ന്യൂസ്‌ ഉം തേടി അലയുന്ന കാലം. രജീന മണിക്കൂറുകള്‍ ഇടവിട്ട്‌ വാക്കുകള്‍ മാറി മാറി പറഞ്ഞുവെങ്കിലും പരമാവധി ഇന്ത്യ വിഷന്‍  സംഗതി സൂപ്പര്‍ ഹിറ്റാക്കി.

കുഞ്ഞാലിക്കുട്ടി ക്ക് മന്ത്രി സ്ഥാനവും, തിരഞ്ഞെടുപ്പില്‍ എം .എല്‍ .എ സ്ഥാനവും വരെ പോയി.ഇരകള്‍ക്ക് വേണ്ടിയാണ് ഈ ചാനല്‍ ഇതൊക്കെ അന്ന് കാട്ടി കൂട്ടിയത്‌ എങ്കില്‍   ഐസ് ക്രീം കേസിലെ " ഇരയായ" ഈ രജീന ക്കും ,ഒക്കത്തിരുന്ന കുട്ടിക്കും   , "ഇരയാക്കപ്പെട്ട"തിനെക്കാള്‍ വലിയ പീഡനം അല്ലേ ഇങ്ങനെ നാട് നീളെ അവരെ കാട്ടി കൊടുത്ത് അതൊരു വാര്‍ത്താ ആഗോഷം ആക്കി ഈ ചാനല്‍ നല്‍കിയത്‌  ?

വേറെ വല്ല  മാധ്യമത്തിലോ, വേറെ വല്ല ഇത്തരം സംഭവങ്ങളിലോ, ഇരയാക്കപ്പെട്ടു എന്ന് പറയുന്നവര്‍ ഇത്ര മാത്രം ആഗോഷിക്കപ്പെട്ടിട്ടില്ല.  ഇതിനെ കുറിച്ചൊന്നും ആരും ചോദിക്കരുത് , ഇതും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം.  ചാനല്‍ റേറ്റ് ഇങ്ങില്‍ മുന്നിലെത്താന്‍ 'ഇരകളെ ' ആഗോഷിച്  തന്ത്രവും , കൌശലവും കാട്ടുന്ന വേട്ടയാടലിന്റെ പുതിയ മാധ്യമ പ്രവര്‍ത്തന രീതി. 


എല്ലാവരെയും കയ്യാമം വെച്ച് നടത്തിക്കും എന്ന് പറഞ്ഞു അച്യുതാന്ദന്‍ സഖാവ്   അധികാരത്തില്‍ വന്നു നാലര   വര്‍ഷക്കാലം ഭരിച്ചിട്ടും ഈ ഐസ് ക്രീം ആരും എവിടയും കേട്ടില്ല. ഒരു അട്ടിമറിയും , അന്വേഷണവും , ഒളി ക്യാമറയും ഇല്ല.


2011 തിരഞ്ഞെടുപ്പ് അടുക്കാറായ കാലത്ത്  ഇതിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്യപ്പെട്ടു.  രജീന വന്ന പോലെ ഒരു രഹൂഫ്‌ കടന്നു വരുന്നു.

അധികാര കസേര നില നിര്‍ത്താന്‍ രഹൂഫിനെയും അച്ചുതാനന്ദന്‍ കൂട്ട് പിടിക്കുന്നു, രഹൂഫ്‌ അച്യുതാന്ദന്റെ സൃഷ്ടി ആണെന്നുള്ള ആരോപണങ്ങളും കടന്നു വന്നു.  ഇത് സാദൂകരിക്കും വിധത്തില്‍ സി പി എമ്മിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ പറയാന്‍ അച്യുതാന്ദന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് രഹൂഫ്‌ തന്നെ പിന്നെ തുറന്നു  പറയുന്നതും നമ്മള്‍ കേട്ടു. 


പുതിയ വെളിപാടുകള്‍ അന്വേഷിക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍  അന്വേഷണ സംഘം നിയമിക്കപ്പെടുന്നു, വോട്ടെടുപ്പിന് മുന്‍പ്‌ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാനുള്ള വഴികള്‍ തേടുന്നു, ...വീണ്ടും ഇന്ത്യവിഷിനില്‍ ആഗോഷത്തിന്റെ നാളുകള്‍....  സംഗതി മെഗാ ഹിറ്റ് ആണ് ഈ കൂട്ടുകെട്ട് പ്രതീക്ഷിച്ചത്‌.  പക്ഷെ ചീറ്റിപ്പോയി.  തിരഞ്ഞെടുപ്പില്‍ കുഞ്ഞാലി കുട്ടിക്കോ , ലീഗിനോ ഒന്നും സംഭവിച്ചില്ല.  എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാന്‍ ആവില്ലല്ലോ ....പരാജയപ്പെടുത്തിയവര്‍ തന്നെ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു .ആ നിരാശ തന്നെയാണ് ഈ ഐസ് ക്രീം "ആഗോഷം " തുടരാന്‍ ഈ കൂട്ടുകെട്ടിനെ പ്രേരിപ്പിക്കുന്നതും.  ഇപ്പോള്‍ ഈ ചാനല്‍ തന്നെ പറയുന്നത് , ഇപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത് പഴയ ഐസ് ക്രീം പീഡന കേസ് അല്ല , പിന്നെ അത് അട്ടിമറിക്കപ്പെട്ടത് സംബന്ധിച്ച് ആണെന്ന്.

അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് രജീന യെ കാണിച്ചു പീഡന കേസ് നിങ്ങള്‍ ആഗോഷിച് വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കും ,കുടുംബത്തിനും ഉണ്ടായ മാനസിക വിഷമങ്ങള്‍ക്ക് എന്ത് പരിഹാരം ആണ് നിങ്ങള്‍ക് നല്‍കാനുള്ളത് ??


" ഈ  ഐസ് ക്രീം അട്ടിമറി" ആഗോഷവും വേറെ വല്ല വേട്ടയാടലും കിട്ടിയാല്‍ നിങ്ങള്ക്ക്  ഉപേക്ഷിക്കേണ്ടി വരും...അപ്പോഴേക്കും പല വ്യക്തികളും ,കുടുംബങ്ങളും കണ്ണീരുമായി ജീവിക്കുന്നുണ്ടാഗും.  ചാനലില്‍ വന്നു കരയാന്‍ പറ്റാത്തത് കൊണ്ട് അതൊന്നും കണ്ണീര്‍ ആവാതിരിക്കുന്നില്ല.


അച്യുതാന്ദന്‍ നിയമിച്ചവര്‍ തന്നെയാണ് ഇപ്പോഴും ഐസ് ക്രീം കേസ് അട്ടിമരിക്കപ്പെട്ടോ എന്ന് അന്വേഷിക്കുന്നത്.  അന്വേഷണം നേരായ രീതിയില്‍ അല്ല എന്ന് പ്രതിപക്ഷം പോലും പറയുന്നില്ല.  ഹൈ കോടതി യുടെ മേല്‍ നോട്ടത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത് , ഗവണ്മെന്റ് അതിനെയൊന്നും എതിര്‍ക്കുക പോലും ചെയ്തിട്ടില്ല.  അന്വേഷണ സംഘം തല നാരിഴ കീറി അന്വേഷിക്കുന്നുണ്ടെന്നു പലരെയും ചോദ്യം ചെയ്യുന്നതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. 

 രഹൂഫ്‌ പല ആരോപണങ്ങള്‍ പറഞ്ഞിട്ടുണ്ട് , പക്ഷെ റജീനയുടെ മറ്റൊരു പതിപ്പ് മാത്രം ആണ് ഈ രഹൂഫ്‌ , വാക്കുകള്‍ മാറ്റി പറയുന്നതില്‍ ഒരു മടിയും ഇല്ല  , പണം തന്നാല്‍ എല്ലാം പിന്‍വലിക്കാം എന്ന് വേറൊരു ഒളി ക്യാമറ അന്വേഷണത്തില്‍ പറയുന്നതും നമ്മള്‍ കണ്ടതാണ്.

 എല്ലാം അന്വേഷണ സംഘം പരിശോധിക്കുമല്ലോ.....അത് വരെ കാത്തിരിക്കാന്‍ പോലും ക്ഷമ ഇല്ലാതെ തങ്ങളുടെ അജണ്ട വിജയിക്കാന്‍  സ്വയം കുറ്റവാളിയെ പ്രഖ്യാപിച്ചിട്ടു അന്വേഷണവും , കോടതിയും , വിധി കര്‍ത്താവും എല്ലാം നമ്മള്‍ ആണെന്ന് പ്രഖ്യാപിക്കുന്ന ഈ മാധ്യമ രീതി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.  പിന്നെ എന്തിനാ ഈ നാട്ടില്‍ പോലീസും , അന്വേഷണവും , കോടതിയുമൊക്കെ ????


Monday, October 17, 2011

കുരുത്തക്കേട് ....

കുട്ടിക്കാലത്ത്‌ വെള്ളി ,ഞായര്‍ ദിവസങ്ങളിലെ മഗ്രിബ് ബാങ്ക് കൊടുക്കുമ്പോള്‍ വല്ലാത്തൊരു വിഷമം ആണ് മനസ്സില്‍...,പിറ്റേന്നു മദ്രസ്സ മാത്രമല്ല , സ്കൂളിലും പോകണം .  പഠിക്കാന്‍ മടിയുണ്ടായിരുന്നോ ???? ,

രാവിലെ മുതല്‍ വൈകിട്ട് വരെ എവിടെയെങ്കിലും കുത്തിയിരിക്കുക ......അസാധ്യം ആയിരുന്നു അന്നും ഇന്നും. ' വിയര്‍പ്പിന്റെ  അസുഖം ' ആയിരിക്കാം. 

എന്നിലെ മടിയനും ,കൂട്ടുകാരിലെ   കുഴി മടിയനുമൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു ആ നിമിഷങ്ങളില്‍ മനസ്സില്‍ വല്ലാത്ത ആദി ഉണ്ടാക്കും ഞങ്ങളില്‍ .  .....ആലിസ് ടീച്ചറും ,പുരുഷോത്തമന്‍ മാഷും,ഗീത ടീച്ചറും അവരുടെ കേട്ടു എഴുത്തും ,കോപ്പി എഴുത്തും  വില്ലനായ ഇമ്പോസിശ്ശ്ഹനും ,പരീക്ഷയും, അടിയും ,നുള്ളും, ആകെ അസ്വസ്ഥമായ ലോകം....

വെള്ളിയാഴ്ചയുടെ അവധി മുഴുവനായും കിട്ടുകയുമില്ല , മദ്രസ്സ ഇല്ലാത്തത്‌ കൊണ്ട് ഉറങ്ങി എഴുന്നെല്കുമ്പോള്‍ തന്നെ വൈകും , പിന്നെ ജുമാ കഴിഞ്ഞാലേ കളിക്കാന്‍ പോകുന്നതൊക്കെ നടക്കു....
എന്തെല്ലാം കളികള്‍ ......!

മഞ്ചാടി മരം ചാഞ്ഞു കിടക്കുന്ന ആ പുഴക്കരികില്‍ പോയി ഇരിക്കും ..ചൂണ്ടയിട്ടു മീന്‍ പിടിക്കാനിരിക്കുന്ന വലിയ ആള്‍കാര്‍ , പൂഴി കൊണ്ട് കടന്നു പോകുന്ന തോണികള്‍ , ഇടയ്ക്കിടയ്ക്ക് വരുന്ന യാത്ര ബോട്ടുകള്‍ , അലെക്ക എടുക്കാന്‍ മുങ്ങി താഴുന്ന സ്ത്രീകള്‍ ....അതായിരിക്കണം ഒരു പക്ഷെ ഒരുപാട് നേരം ചൂണ്ടയിട്ടു ഇരുന്നിട്ടും ഒന്നും കിട്ടാതിരുന്നാലും ചിരിച്ചു കൊണ്ട് മാത്രം പോകുന്ന കുറേ ആള്‍കാരെ അങ്ങോട്ട്‌  ആകര്‍ഷിച്ച കാഴ്ച എന്ന്  വലുതായപ്പോഴാണ് മനസ്സിലായത്‌.


അചോട്ടു കളി തന്നെയാണ് പ്രധാനം.  രണ്ടു ടീം ആയി കളിക്കും ,  ഒളിക്കുന്ന ടീം ,അവിടത്തെ തെങ്ങിന്‍ തോപ്പുകല്കിടയിലും ,കുറ്റിക്കാടുകളിലും,അടുത്തുള്ള വീടുകളിലൊക്കെ  ഒളിച്ചു നിന്ന്............ഒളിച്ചവരെ പരുതി നട്ടം തിരിയുന്ന  എണ്ണുന്ന ടീം ... .ഒരുപാട് നേരം പരുതിയിട്ടും കിട്ടാതാവുമ്പോ "കോയി " വിളിച്ചു എണ്ണുന്ന ടീം തോല്കേണ്ടി വരിക , പിന്നെ വീണ്ടും ഒളിക്കുക .....


പിന്നെ വലിയ തോട്ടില്‍ ' അല്ലിക്ക ' പറിക്കാന്‍ പോവുക ....ചെളിയില്‍ കിടക്കുന്ന പൂത്താളിയുടെ അടിയില്‍ നിന്നും അല്ലിക്ക പറിച്ചെടുത്ത്‌ ,അതിനുള്ളിലെ രസം കഴിക്കുക ....ചുവന്നതിനാണ് രസം കൂടുതല്‍...അന്തിക്ക കുഴി ചെടുക്കുക....പള്ളി കുളത്തില്‍  മുക്രിക്ക കാണാതെ  കുളിക്കാന്‍ ശ്രമിക്കുക , അതിനടുത്തുള്ള  ബദാം മരത്തില്‍ നിന്ന് ബദാം വീഴുന്നതും കാത്തു നില്‍ക്കുക ....പന്തല് കെട്ടി കലാ പരിപാടികള്‍ നടത്തുക .....ബാല്യമേ ....ഇനിയുള്ള എന്റെ യൌവ്വനം ഞാന്‍ പകരം തരാം...ഒരിക്കല്‍ കൂടി ആ കാലത്തിലെ ചില നിമിഷങ്ങള്‍ പകരം തരാന്‍ നിനക്ക് പറ്റുമോ ?????


ഈ ഒന്നര ദിവസത്തെ ലീവ്‌ ഒന്നിനും തികഞ്ഞിരുന്നില്ല, അതില്‍ തന്നെ ഞായര്‍ ചിലപ്പോ മദ്രസ്സയില്‍ സ്പെഷ്യല്‍ ക്ലാസ്സും...


എന്റെ റബ്ബേ ....രണ്ടു ദിവസം ക്ലാസ്സും , ബാക്കി ദിവസം ലീവും ഉള്ള വല്ല സ്കൂളും ഉണ്ടാഗുമോ ഈ ഭൂ ലോകത്ത് !!!!!


ആ വെള്ളിയാഴ്ച  മഗ്രിബ് കൊടുക്കുമ്പോള്‍ ഞങ്ങള്‍ സ്കൂളിന്റെ അടുത്തു വിശാലമായ ഗ്രൗണ്ടില്‍ വലിയ ആള്‍കാര്‍ ഫുട്ബോള്‍ കളിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു....
നാളെ പുരുഷോത്തമന്‍ മാഷിന്റെ അടിയോ , ഗീത ടീച്ചര്‍ മീശ വരച്ചു തരുന്നതോ,വല്ലതും ചിന്തിക്കാന്‍ ഉണ്ടോ ഈ വലിയ ആള്കാര്‍ക്ക് !!!....വേഗം, വലുതായാല്‍ മതിയായിരുന്നു....!!1

മഗ്രിബ് കൊടുക്കാന്‍ തുടങ്ങി   ....എല്ലാവരുടെയും ഹൃദയത്തില്‍ ആദി തുടങ്ങി , അതിനിടയിലാണ് പന്ത് സ്കൂള്‍ മതിലിനകത്തെയ്ക് പോയത്‌.


"ഏയ് മക്കളേ ...ആ പന്ത് എടുത്തു കൊണ്ട് വാ "


കേട്ട ഉടനെ ഞങ്ങള്‍ നാല് പേരും സ്കൂള്‍ മതില്‍ ചാടി പന്ത് എടുത്തു ,എറിഞ്ഞു  കൊടുത്തു.  പക്ഷെ മതില്‍ ചാടിയില്ല , ചാടാന്‍ ഹക്കിം വിട്ടില്ല.


നാളെ സ്കൂള്‍ ഇല്ലാതിരിക്കണോ ???? ഹക്കിമിന്റെ മനം കുളിര്‍ക്കുന്ന ചോദ്യം

ഞങ്ങള്കിടയിലെ ഭുജിയാണ് അവന്‍ ,...പുതിയ ,പുതിയ കാര്യങ്ങള്‍ അവന്‍ ആദികാരികമായി പറയും, പല പരീക്ഷണങ്ങളും,കണ്ടെത്തലുകളും, നടത്തും.

പകല്‍ അവന്‍ രാത്രി ആണെന്ന് പറഞ്ഞാലും നമ്മള്‍ വിശ്വസിച്ചു പോകും , അത്രയ്ക്ക് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് ഉണ്ട് അവനു.
പല പരീക്ഷണങ്ങളും വിജയിക്കാറില്ല.

കഴിഞ്ഞ മാസം പുരുഷോത്തമന്‍ മാഷിന്റെ കണക്ക്‌ പരീക്ഷ നടക്കാതിരിക്കാന്‍ അവന്‍ നടത്തിയ പരീക്ഷണം വിജയം കണ്ടില്ല ,രണ്ടു ചെറിയ കല്ലെടുത്ത് , കല്ലെന്നു പറയുമ്പോള്‍ ഒരേ അളവില്‍ ഉള്ളത് കംമിഷ്കാടില്‍ ( കമ്മ്യൂണിസ്റ്റ്‌ പച്ച ) ചുറ്റി പള്ളിയിലെ ഭണ്ടാരത്തിന് മുകളില്‍ വെച്ചാല്‍ പരീക്ഷ വെച്ച കാര്യം മാഷിനു മറക്കുമെത്രേ !!!, അതും പത്തു  പേര്‍ വെക്കണം....പത്തു പേര്‍ വെച്ചു ,


പുരുഷോത്തമന്‍ മാഷിനു ഒന്നും സംഭവിച്ചില്ല , പരീക്ഷ മുറ പോലെ നടന്നു. 


ഒരു രൂപ എടുത്തു ആയിരം വട്ടം നെറ്റിക്ക് ഉറച്ചാല്‍ അല്ലാഹുവിനെ കാണല്‍ ....അവന്റെ മാസ്റ്റര്‍ പീസ് !!!


തസ്ലിം ആയിരുന്നു ഈ പരീക്ഷണത്തിന്റെ ആദ്യത്തെ ഇര , അവന്റെ നെറ്റി ഒക്കെ പൊട്ടി ചോര വന്നു, അവിടെ തഴംബിക്കുകയോക്കെ ചെയ്തു .... പരീക്ഷണം പരാജയം ആയെങ്കിലും , തഴംബിച്ച  നെറ്റി യുമായി തസ്ലിം ആ പരീക്ഷണത്തിന്റെ നാട്ടുകാര്‍ക്ക്‌  മുന്നില്‍ പ്രചരണം   ആയി. 


സ്കൂള്‍ ബെല്ല് കാണിച്ചു അവന്‍ ചോദിച്ചു  " ബെല്ല് ഇല്ലെങ്കില്‍ സ്കൂള്‍ ഉണ്ടാഗുമോ ???


ഉണ്ടാഗുമോ ???? എങ്ങനെ ഉണ്ടാഗും ?. ബെല്ല് ഇല്ലെങ്കില്‍ എങ്ങനെ ഓരോ പിരീഡ് കഴിഞ്ഞെന്നു മനസ്സിലാകും ?, മാഷന്മാര്‍ എങ്ങനെ ക്ലാസ്സില്‍ പോകും ,ക്ലാസ്സില്‍ കയറാനും , ഇന്റര്‍വെല്‍ ആയ സമയം ഒന്നുമറിയാതെ എല്ലാരും കുഴഞ്ഞു മറിയും .


ഒരു കണക്കിന് ചിന്തിച്ചാ ഈ ബെല്‍ തന്നെയാണ് പ്രശ്നം ,ഹൃദയത്തിലെക്കാന് ആ മണി മുഴങ്ങുന്നത് .  രാവിലെ തുടങ്ങിയാല്‍ പിന്നെ കുറേ തവണ ഹൃദയത്തെ വീര്‍പ്പു മുട്ടിച്ചു കൊണ്ട് ആ മണി മുഴങ്ങും .  വൈകുന്നേരത്തെ ബെല്ലിനു മാത്രം എന്തൊരു താളം ആയിരുന്നു !!!!


അങ്ങനെ ബെല്ല് ഒളിപ്പിച്ചു വെക്കാന്‍ തീരുമാനിച്ചു.

വല്ലാത്ത പേടിയും ഉണ്ടായിരുന്നു ,ആരെങ്കിലും കണ്ടാല്‍ , അറിഞ്ഞാല്‍ വീട്ടിന്നും ,മാഷന്മാരുടെ കയ്യില്‍ നിന്നും അടി കിട്ടും.  എന്നാല്‍ ബെല്‍ മാറ്റി വെച്ചാല്‍ നാളെ സ്കൂള്‍ ഉണ്ടാഗില്ല ...മറ്റന്നാളും സ്കൂള്‍ ഇല്ല ....ഒരു ബെല്‍ മാറ്റി വെച്ചാല്‍ വരാന്‍ പോകുന്ന സൌഭാഗ്യം തന്നെ ഞങ്ങളെ മുന്നോട്ടു നയിച്ചു.

അതിനിടയിലാണ് സാരഥി യുടെ ചോദ്യം " ബെല്‍ ഇല്ലെങ്കില്‍ നാളെ സ്കൂള്‍ ഇല്ല എന്ന് സന്തോഷ്‌ ഏട്ടന്‍ (പ്യൂണ്‍ ) എങ്ങനെ അറിയിക്കും ???"..........

ഹക്കിം തന്നെ മറുപടി കണ്ടെത്തി...."സന്തോഷ്‌ ഏട്ടന്‍ നോടിസും കൊണ്ട് വന്നാ പോരെ ......"

മതി .....എങ്ങനെ ആയാലും സ്കൂള്‍ ഇല്ലാതിരുന്ന മതി.

പിറ്റേ നാള്‍ സ്കൂളില്‍ പോകാന്‍ വളരെ സന്തോഷം തന്നെ ആയിരുന്നു ....പോയെലും വേഗത്തില്‍ തിരിച്ചു വരാമല്ലോ.  മറ്റു ചില സുഹൃത്തുക്കലോട് ഇന്ന് സ്കൂള്‍ ഉണ്ടാഗില്ല എന്ന് സൂചിപ്പിക്കുകയും ചെയ്തു. അത് കേട്ടപ്പോള്‍
" വലിയ ആള്‍കാര്‍ സമരം ഉണ്ടോ എന്ന് പറഞ്ഞിണോ " എന്നാണ് അവരുടെ ചോദ്യം.  എന്തിനു വലിയ ആള്കാരുടെ സമരം !!!...ഞങ്ങളുടെ ബുദ്ധിക്ക് മുന്‍പില്‍ സ്കൂള്‍ നിശ്ചലം ആകാന്‍ പോകുന്നു !!!

സ്കൂള്‍ ഗേറ്റ് എത്തിയപ്പോള്‍ തന്നെ മനം കുളിര്‍ക്കുന്ന ഞങ്ങള്‍ പ്രതീക്ഷിച്ച രംഗങ്ങള്‍.  കുട്ടികളൊന്നും ക്ലാസ്സില്‍ കയറിയിട്ടില്ല , വരാന്തയില്‍ കളിച്ചു നടക്കുന്നു.  ഫസ്റ്റ് ബെല്‍ ഇത് വരെ അടിച്ചിട്ടില്ല , പ്രിന്‍സിപ്പല്‍ കുമാരന്‍ മാഷും , മറ്റു മാഷന്മാരും കൂട്ടം കൂടി നില്‍കുന്നു....സന്തോഷ്‌ ഏട്ടന്‍ അങ്ങോട്ടും , ഇങ്ങോട്ടും ഓടുന്നു....പ്രശ്നമയം !! ബഹളമയം !!

എല്ലാം ഞങ്ങള്‍ പ്രതീക്ഷിച്ചത്‌ പോലെ നടക്കാന്‍ പോകുന്നു.  ഏതാനും നിമിഷങ്ങള്‍ക്കകം സ്കൂള്‍ വിടാന്‍ പോകുന്നു .....ഹക്കിമിന്റെ ഭാവത്തിലും , സംസാരത്തിലും ഗമ കൂടി വന്നു, അവന്റെ പരീക്ഷണം ആദ്യം ആയി  വിജയിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ക്കും ഗമ കൂടി....പരീക്ഷണത്തിന്റെ പോരിഷകള്‍ പറഞ്ഞു ഞങ്ങള്‍ ആത്മ നിര്‍വൃതി അനുഭവിക്കുകയാണ് .....ഇനി എങ്ങനെ സ്കൂള്‍ വിടാന്‍ പോകുന്നു എന്ന് മാത്രമേ അറിയാനുള്ളൂ ....

അതിനിടയിലാണ് ഞെട്ടലോടെ ഷംസി "ഡാ അത് നോക്കിയെ " എന്ന് പറഞ്ഞത്‌.....അത് നോക്കി, കണ്ടു ...ഹൃദയം പിളര്‍ക്കുന്ന കാഴ്ച !!
ഇന്നലെ വൈകിട്ട് മുതല്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ക്കുന്ന കാഴ്ച !!

സന്തോഷ്‌ ഏട്ടന്‍ ബെല്ലും തൂക്കിപിടിച്ചു വരുന്നു....കൊല്ലാന്‍ പോലും തോന്നുന്ന ദേഷ്യം വന്നു , അതിലേറെ സങ്കടവും. സങ്കടം കൊണ്ട് എല്ലാവരുടെയും വാക്കുകള്‍ പോലും പുറത്തു വരാതെ ആയി. 

സന്തോശേട്ടന്‍ അടുത്തു എത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്‌ , അത് സ്കൂളിലെ ബെല്‍ അല്ല , മദ്രസ്സയില്‍ നിന്നും കൊണ്ട് വരുന്നതാണ് , അവിടെ രാവിലത്തെ ക്ലാസ്സ്‌ കഴിഞ്ഞു , ഇനി രാത്രി മാത്രമേ ക്ലാസ്സ്‌ ഉള്ളൂ....

പിന്നെ എല്ലാം സാദാരണ പോലെ ....പുരുഷോത്തമന്‍ മാഷും , ആലീസ്‌ ടീച്ചറും , അടിയും , നുള്ളും ,.........

സ്കൂള്‍ ബെല്ലിനു വേണ്ടിയുള്ള അന്വേഷണം ഞങ്ങളില്‍ തന്നെ അവസാനം എത്തിച്ചേര്‍ന്നു....വൈകിട്ട് സ്കൂള്‍ പരിസരത്തു ഞങ്ങളെ കണ്ട വലിയ ക്ലാസ്സിലെ കുട്ടികള്‍ പറഞ്ഞു കൊടുത്ത്.

ക്ലാസ്സ്‌ മാഷ്‌ വിളിപ്പിച്ചു പ്രിന്‍സിപ്പലിന്റെ അടുത്തു കൊണ്ട് പോയി , അറബി മാഷും ഉണ്ടായിരുന്നു.  അവര്‍ നുള്ളിയില്ല , അടിച്ചില്ല , ദേഷ്യപ്പെടുക പോലും ചെയ്തില്ല , സത്യം പറയാന്‍ പറഞ്ഞു , പറഞ്ഞാല്‍ മിടായി വാങ്ങി തരാം എന്ന് പോലും പറഞ്ഞു .

വീട്ടില്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന പുകില് ഭയന്ന് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല ....കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങളെ വെറുതെ വിട്ടു. പിറകില്‍ നിന്ന് അറബി മാഷിന്റെ ഒരു കമന്റും " കുമാരന്‍ മാഷേ ...ഇനി ഏതായാലും നമുക്ക് പോലീസില്‍ തന്നെ കൊടുക്കാം , അവര്‍ തന്നെ വന്നു ബെല്‍ എടുത്തവരെ പിടിച്ചു കൊണ്ട് പോകട്ടെ "

പോലീസിനെ കാണുമ്പോള്‍ തന്നെ പേടിയാണ്, അവര്‍ പിടിച്ചു കൊണ്ട് പോയാല്‍ ....ഒരുപാട് അടിയൊക്കെ കിട്ടുക , ബെല്ലും പിടിച്ചു പോലീസ് ജീപ്പില്‍ കൊണ്ട് പോവുക ....പോലീസ് രംഗങ്ങള്‍ മനസ്സില്‍ മാറി മറിഞ്ഞപ്പോള്‍ എല്ലാരും , എല്ലാ സത്യവും പറഞ്ഞു....ഒരുപാട് ഉപദേശങ്ങള്‍ നല്‍കി ഞങ്ങളെ അവര്‍ വെറുതെ വിട്ടു....ആ ഉപദേശങ്ങള്‍ ഒക്കെ ഇന്നും ജീവിതത്തെ നയിക്കുന്നു, നന്മയുടെ വഴിയില്‍ ഞങ്ങളെ നയിക്കാന്‍ ശ്രമിച്ച എല്ലാ ഗുരുക്കളെയും സ്മരിക്കുന്നു.